ടൊറന്റോ: ഈ ന്യൂ ഇയര്‍ കുടുംബത്തോടോ കൂട്ടുകാരോടോ ഒപ്പം പുറത്തുപോയി അടിച്ചുപൊളിക്കാന്‍ കാത്തിരിക്കുകയാണോ. എങ്കില്‍ നിങ്ങള്‍ നിരാശപ്പെടേണ്ടിവരും. വിളിപ്പാടകലെ നില്ക്കുന്ന നവവത്സരരാവിലും പുലരിയിലും ടൊറന്റോയും ഒണ്ടാരിയോയും ഉള്‍പ്പെടെ കാനഡയുടെ ഏറിയ ഭാഗവും അതിശൈത്യത്തിന്റെ പിടിയില്‍ ആയിരിക്കുമെന്നാണ് കാലാവസ്ഥാവിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്.
ഡിസംബര്‍ 31 രാത്രിയിലും ജനുവരി ഒന്നിന് പകലും താപനില -22 വരെ താഴും എന്നാണ് മുന്നറിയിപ്പ്. -30 ആയിട്ടാകും ഇത് അനുഭവപ്പെടുക. അതിശൈത്യമുള്ള ഈ അവസ്ഥയില്‍ 10 മിനിറ്റിലേറെ സമയം പുറത്ത് ചെലവഴിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നാണ് കാലാവസ്ഥാരംഗത്തും ആരോഗ്യരംഗത്തുമുള്ള വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. പ്രായമായവര്‍, കുട്ടികള്‍, രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗം എന്നിവ ഉള്ളവര്‍, പരിധിയില്‍ കൂടുതല്‍ മദ്യപിച്ചവര്‍ എന്നിവര്‍ പുറത്ത് ഇറങ്ങാതെയിരിക്കുന്നതാണ് ഉചിതമെന്നും ഇവര്‍ പറയുന്നു.
ടൊറന്റോയും പരിസരപ്രദേശങ്ങളും ഈ ദിവസങ്ങളില്‍ ഉള്ള എക്കാലത്തെയും വലിയ തണുപ്പിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. -22 [അനുഭവത്തില്‍ -32] ആയിരുന്നു വ്യാഴാഴ്ച പുലര്‍ച്ചെ താപനില. 1960ല്‍ രേഖപ്പെടുത്തപ്പെട്ട -18.9 ആയിരുന്നു ഈ ദിവസങ്ങളില്‍ ഇതുവരെ ഏറ്റവും കുറഞ്ഞ താപനില.
മനുഷ്യനെ മാത്രമല്ല വാഹനങ്ങളെയും അതിശൈത്യം ബാധിക്കും എന്നതിനാല്‍ അക്കാര്യത്തിലും മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ പല സ്ഥലങ്ങളിലും ഗോ ട്രെയിനുകളുടെ വാതിലുകള്‍ തണുപ്പില്‍ ഉറഞ്ഞുപോയതിനാല്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. അതിശൈത്യം തുടരുന്നതിനാല്‍ വാഹനങ്ങള്‍ ബാറ്ററി ചാര്‍ജ് ഇല്ലാതെ സ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റാതിരിക്കുക, മഞ്ഞ് ഉറഞ്ഞ് വാഹനങ്ങളുടെ വാതിലുകള്‍ തുറക്കാന്‍ കഴിയാതെപോകുക തുടങ്ങിയ കാര്യങ്ങളിലും ജാഗ്രത വേണം.
അതിശൈത്യം ഉള്ള ദിവസങ്ങളില്‍ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, പരിചയത്തിലുള്ള പ്രായമായവര്‍ എന്നിവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണമെന്നും എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്ന് ഉറപ്പുവരുത്തണം എന്നും ടൊറന്റോ സിറ്റി കൗണ്‍സില്‍ അഭ്യര്‍ഥിച്ചു.
അതുപോലെതന്നെ വീട്ടിലെ ടാപ്പുകള്‍ തുള്ളിതുള്ളിയായി വെള്ളം വീഴുന്ന വിധത്തില്‍ തുറന്നുവെക്കുന്നത് പൈപ്പുകളിലെ ജലം ഉറഞ്ഞുപോകാതെയിരിക്കാന് സഹായിക്കുമെന്ന് ടൊറന്റോ ഫയര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.