728-pixel-x-90-2-learn
728-pixel-x-90
<< >>

ന്യൂസിലാന്‍ഡ് സെമിയില്‍; ഗുപ്തിലിന് ഇരട്ട സെഞ്ച്വറി

വെല്ലിംങ്ടണ്‍:വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചു ന്യൂസിലാന്‍ഡ് ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.143 റണ്‍സിനാണ് മുന്‍ ചാമ്പ്യന്‍മാരായ വിന്‍ഡിസിനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ മാര്‍ട്ടിന്‍ ഗുപ്തിലിന്റെ ലോകകപ്പിലെ റെക്കോര്‍ഡ് സ്കോര്‍ വമ്പന്‍ നിലയിലെത്തിച്ചു.

ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ന്യൂസീലന്‍ഡ് തുടക്കം മുതലേ മികച്ചു തന്നെ നിന്നു.ആദ്യാവസാനം വരെ ഇന്നിംങ്‌സില്‍ ഉജ്ജ്വല പ്രകടനം കാഴ്ച്ചവെച്ച ഗുപ്തില്‍ ലോകകപ്പ് ചരിത്രത്തിലെ രണ്ടാം ഇരട്ട സെഞ്ച്വറിയും റെക്കോര്‍ഡ് സ്‌കോറും സ്വന്തമാക്കി.പുറത്താകാതെ 163 പന്തുകള്‍ നേരിട്ട ഗുപ്തില്‍ 24 ഫോറും 11 സിക്‌സറും അടക്കം 237 റണ്‍സ് ആണ് നേടിയത്.കിവീസ് ഇന്നിംങ്‌സില്‍ നിര്‍ണായകമായത് ഗുപ്തിലിന്റെ ഒറ്റയാന്‍ പ്രകടനമാണ്.അമ്പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സ് നേടിയ അവരുടെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ ആരും തന്നെ അര്‍ദ്ധ ശതകം പോലും തികച്ചില്ല.

ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ച്വറിക്കാരന്‍ ക്രിസ് ഗെയിലിനെ സാക്ഷിയാക്കിയായിരുന്നു ഗുപ്തിലിന്റെ പ്രകടനം.ലോകകപ്പിലെ ഉയര്‍ന്ന സ്‌കോറെന്ന 19 വര്‍ഷം പഴക്കമുള്ള ദക്ഷിണാഫ്രിക്കയുടെ ഗാരി കിര്‍സ്റ്റണിന്റെ (188) റെക്കോഡ് ഗെയില്‍ മറികടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ റെക്കോഡ് പിറന്നിരിക്കുന്നത്.

കൂറ്റന്‍ സ്‌കോര്‍ മറികടക്കാനിറങ്ങിയ വിന്‍ഡീസിന് വേണ്ടി വെടിക്കെട്ടു വീരന്‍ ക്രിസ് ഗെയില്‍ പറത്തിയ മിന്നും ഷോട്ടുകള്‍ പ്രതീക്ഷ നല്‍കിയെങ്കിലും മറുവശത്ത് കൃത്യമായി ബാറ്റ്‌സ്മാന്‍മാര്‍ കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു.മികച്ച റണ്‍റേറ്റില്‍ പോയ്‌ക്കൊണ്ടിരുന്ന വിന്‍ഡിസ് ഇന്നിംങ്‌സിന് വിലങ്ങു തടിയായത് കിവികളുടെ ഇടംകൈയ്യന്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ ബോളിങ്ങാണ്.മുന്‍ നിര ബാറ്റ്‌സ്മാന്‍മാരായ ജോണ്‍സണ്‍ ചാള്‍സ്, സിമ്മണ്‍സ്,മദ്ധ്യ നിരയിലെ വിശ്വസ്ഥരായ മര്‍ലോണ്‍ സാമുവല്‍സ്, ദിനേശ് രാംദിന്‍ എന്നിവര്‍ ബോള്‍ട്ടിന് മുന്നില്‍ കീഴടങ്ങി.ഈ സമയം വിന്‍ഡീസ് സ്‌കോര്‍ 9.5 ഓവറില്‍ നാലിന് 80 എന്ന നിലയിലായി.

ഗെയിലിന്റെ മികവില്‍ സ്‌കോര്‍ പിന്നെയും കുതിച്ചെങ്കിലും വിന്‍ഡീസിന്റെ അവസ്ഥ നടുവൊടിഞ്ഞപോലെയായി.എട്ട് സിക്‌സറും രണ്ട് ഫോറും പറത്തി ക്രിസ് ഗെയില്‍ നിറഞ്ഞാടിയെങ്കിലും രക്ഷകനാകാനായില്ല.16.1 ഓവറില്‍ സ്‌കോര്‍ 120 ലെത്തിയപ്പോള്‍ ആദം മില്‍നെയുടെ പന്തില്‍ ഗെയില്‍ ബോള്‍ഡായി.വിന്‍ഡീസ് പ്രതീക്ഷകള്‍ അസ്തമിച്ചു.ബാക്കി വിക്കറ്റുകള്‍ കൂടി എറിഞ്ഞിടേണ്ട ചടങ്ങുമാത്രമേ പിന്നീട് കിവികള്‍ക്കുണ്ടായിരുന്നുള്ളു.

എങ്കിലും വമ്പന്‍ അടിയിലൂടെ റണ്‍റേറ്റ് നിലനിര്‍ത്തുന്നതില്‍ വിന്‍ഡിസിന്റെ ശേഷിച്ച ബാറ്റ്‌സ്മാന്‍മാരും മികച്ചുനിന്നു.25 ഓവറില്‍ 200 റണ്‍സ് തികയ്ക്കാനായെങ്കിലും എട്ട് വിക്കറ്റുകള്‍ വീണിരുന്നു.ജോനാഥന്‍ കാര്‍ട്ടര്‍, ഡാരെന്‍ സാമ്മി,ജെയിംസ് ഹോള്‍ഡര്‍ എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാനാകാതെ കീഴടങ്ങി.ഒടുവില്‍ 30.3 ഓവറില്‍ 250 റണ്‍സില്‍ വിന്‍ഡീസിന്റെ പതിനൊന്നാം ലോകകപ്പ് ക്രിക്കറ്റിലെ പ്രകടനങ്ങള്‍ പൂര്‍ത്തിയായി.

ബോള്‍ട്ട് ഒഴിയെയുള്ള ന്യൂസീലന്‍ഡിന്റെ എല്ലാ ബൗളര്‍മാരും കണക്കിന് തല്ല് വാങ്ങി.പരിചയ സമ്പനന്നനായ ഡാനിയേല്‍ വെട്ടോറി അടക്കം നിരവധി റണ്ണുകളാണ് വിട്ടുകൊടുത്തത്.വിന്‍ഡീസിനെ തുടക്കം മുതലേ പിടിച്ചുകെട്ടിയ ബോള്‍ട്ട് ഉജ്ജ്വലമായി തന്നെ നിലകൊണ്ടു പത്ത് ഓവര്‍ എറിഞ്ഞതില്‍ മൂന്ന് മെയ്ഡന്‍ നാല് വിക്കറ്റ് ആകെ വിട്ടുകൊടുത്തത് 44 റണ്‍സ്.സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് ന്യൂസീലന്‍ഡിന്റെ എതിരാളികള്‍.

INDIANEWS24 SPORTS DESK

Leave a Reply