ന്യൂയോർക്കിന്റെ തനിയാവർത്തനം ആകരുത് മുംബൈയും ദുബായിയും ലണ്ടനും പോലുള്ള മഹനഗരങ്ങൾ എന്നാണ് ഓരോ ഭാരതീയന്റെയും പ്രാർഥന. പടർന്നു പിടിച്ചാൽ ധാരാവിയിലും ദാദറിലും മാത്രമല്ല മുംബൈയുടെ മുക്കിലും മൂലയിലും കൊറോണക്ക് എത്തിച്ചേരാൻ സാധിക്കാത്ത ഇടങ്ങളില്ല. സബർബൻ ട്രെയിൻ സർവീസിലെ തിരക്ക് പോലെ അത് കത്തിപ്പടരും. ദുബായിലും ലണ്ടനിലുമാകട്ടെ ലോക സഞ്ചാരികൾകയറിയിറങ്ങുന്ന വിമാനത്താവളങ്ങളും നിശാകേന്ദ്രങ്ങളുമായിരിക്കും പ്രധാന കോവിഡ് പ്രസരണ കേന്ദ്രങ്ങളാകുക എന്ന് നേരത്തെ അറിവുള്ളതാണ്. പക്ഷേ സ്ഥിതി ഇത്രമേൽ രൂക്ഷമാകും എന്ന് അത്ര കണ്ടു പ്രതീക്ഷിതമല്ലല്ലോ.
വാണിജ്യ സിരാകേന്ദ്രങ്ങളായ ഇവിടങ്ങളിൽ താഴിട്ടുപൂട്ടാൻ അധികൃതർക്ക് അത്ര എളുപ്പം കഴിയുന്നതല്ല എന്നറിയാം. പക്ഷേ നിരവധി ജീവനുകൾ പൊഴിയാൻ തുടങ്ങിയിരിക്കുന്ന ഈ വേളയിൽ താഴുകൾ നേരത്തെ വീണിരുന്നെങ്കിൽ എന്ന് ഒരു മാത്ര വെറുതെ നിനച്ചു പോകുകയാണ്.ഇനിയും മഹാമാരികൾ ഈ മഹാനഗരങ്ങളെ തേടി വന്നു എന്ന് വരാം.ഇന്നത്തെ പാഠങ്ങൾ നമുക്ക് അന്ന് തുണയാകട്ടെ എന്ന് ആശ്വസിക്കാം.
രോഗികളുടെ എണ്ണം ദിവസേന കൂടുകയാണ്. ഇനിയും നിയന്ത്രിച്ചില്ലെങ്കിൽ ഒരു പക്ഷെ ന്യൂയോർക്ക് പോലെ ഈ മൂന്നു നഗരങ്ങളും ലക്ഷക്കണക്കിന് രോഗികളെ സൃഷ്ടിക്കും, ആയിരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കേണ്ടിയും വരും.
ഈ മഹാനഗരങ്ങളിലെ തിങ്ങി നിറഞ്ഞു ജീവിക്കുന്ന ജനങ്ങളെ എത്രയും വേഗം മാറ്റി പാർപ്പിക്കേണ്ടിയിരിക്കുന്നു. അതിനു വേണ്ടി മുംബയിലെയും ദുബായിലെയും ലണ്ടനിലെയും കളിക്കളങ്ങളും ഹോട്ടലുകളും മെട്രോ/സബർബൻ ട്രെയിനുകളും ഹാളുകളുമൊക്കെവ വളരെപ്പെട്ടെന്നുതന്നെ ക്വറന്റയിൻ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് പ്രത്യാശിക്കാം.ഒരു പക്ഷെ ഇൗ കുറിപ്പ് എഴുതുമ്പോഴേക്കും അധികൃതർ ദ്രുത നടപടികളിലേക്ക് പ്രവേശിച്ചിട്ടുണ്ടാകും . ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം നിരീക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുകയെന്നത് ഇത്തരുണത്തിൽ അത്യന്താപേക്ഷിതമാണ്.നമുക്കും ഈ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാം.
Nazim Mohammed
INDIANEWS24 NRI DESK
Jaseem k s
April 11, 2020 at 11:31 AM
തീല്ച്ചയായും അതി ഗൗരവവും ചിന്തനീയവുമായ കാര്യങ്ങളാണ് ഇതില്‍ പ്രതിപാദിച്ചിട്ടുള്ളത് … ഇതുള്‍ക്കൊണ്ട് ഇതില്‍ പറഞ്ഞതുപോലെ മഹാമാരികള്‍ തടയുവാന്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍ക്ക് ജാഗരൂരരായി അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയെന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വം ആണെന്നുള്ളത് നമുക്ക് മനസ്സിലാക്കി ഈ വിവരണത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ഊര്‍ജ്ജം പകരാം …