728-pixel-x-90-2-learn
728-pixel-x-90
<< >>

നേരുന്നു ശുഭയാത്ര; മറക്കാത്ത ഓര്‍മ്മകളുമായി

ബാര്‍ പൂട്ടിക്കലും ബാര്‍കോഴയുമാണ് 2015നെ എതിരേറ്റത്.വര്‍ഷം അവസാനിക്കുന്നതും പൂട്ടിയ ബാറുകള്‍ പൂട്ടിതന്നെ കിടക്കും എന്ന് തീര്‍ച്ചപ്പെടുത്തിക്കൊണ്ടാണ്.സംശയത്തിന്റെ നിഴലില് നിന്നും 2015ല്‍ കേരളത്തിന്റെ ധനകാര്യം ഭരിച്ചു തുടങ്ങിയ മന്ത്രി വര്‍ഷം അവസാനിപ്പിക്കുമ്പോള്‍ കേരളത്തിലെ വെറും ഒരു എം എല്‍ എ മാത്രം.

ബാര്‍ എന്ന വിഷയവും മാണിയെന്ന നായകനും 2015 കൈയ്യടക്കിയെന്നു പറയുമ്പോള്‍ വീഴ്ച്ചയുടെ വേദനയും ഈ നായകന് പങ്ക് വെക്കാനുണ്ട്.അത് പങ്കുവെച്ചതാകട്ടെ 2015ന്റെ ക്ലൈമാക്‌സില് സാക്ഷാല് സോണിയാ ഗാന്ധിയുടെ അടുക്കല്‍ കോണ്‍ഗ്രസ്സിലെ യോജിപ്പിനെ കുറ്റം പറഞ്ഞുകൊണ്ട്‌.ഉമ്മന്‍ചാണ്ടിയെ കാണാത്തവരും കണ്ടവരുമായി ഒരുപാട് പേരുണ്ടാകും.കിടപ്പറ രംഗത്ത് സോളാര്‍ നായികയ്‌ക്കൊപ്പം അദ്ദേഹം പ്രത്യക്ഷപ്പെടുമോയെന്നറിയാന്‍ പാതിരാത്രിവരെ വാര്‍ത്താ ചാനലിനു മുന്നില് ഉറക്കംകളഞ്ഞ് കണ്ണുംതിരുമി കുത്തിയിരുന്നവരുടെ വര്ഷം കൂടിയാണ് കടന്നുപോകുന്നത്.മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്‌(എം) തുടങ്ങിയ ഭയങ്കര മതേതര പാര്‍ട്ടികളുടെ ഇടയിലേക്ക്‌ കേരളത്തില് ബി ജെ പിക്ക് കൂട്ടിനായി ഒരു വര്‍ഗ്ഗീയ പാര്‍ട്ടി കൂടി ഇക്കൊല്ലം ജനിച്ചു, ഭാരതീയ ധര്‍മ്മ ജന സേന.ഇത്രയും ദീര്‍ഘമായ പേര് പറയാനുള്ള ബുദ്ധിമുട്ടുകാരണം പാര്‍ട്ടി ഉണ്ടാക്കിയ വെള്ളാപ്പള്ളി നടേശന്‍ പോലും സ്വന്തം പാര്‍ട്ടിയെ സ്വയം വിളിക്കുന്നത് ബി ഡി ജെ എസ് എന്നാണ്.

നല്ല നാടന്‍ പ്രയോഗത്തില്‍ ഒട്ടേറെ വിളിപ്പേരില്‍ അറിയപ്പെടുന്ന പണി നടത്തി പണമുണ്ടാക്കിയ പാവപ്പെട്ട യുവാവും സര്‍വോപരി കേരളം സമീപകാലത്ത് കണ്ട വീരസ്മരണയുണര്‍ത്തിയ സമര സമരനായകന്‍ രാഹുല്‍ പശുപാലന്‍ ഭാര്യയോടൊപ്പം ധീരമായി അറസ്റ്റ് വരിച്ചതും കണ്ടു.കസ്റ്റമേഴ്‌സ് സാറ്റിസ്ഫാക്ഷന് വില കല്‍പ്പിക്കുന്ന ഈ സാമൂഹിക പ്രവര്‍ത്തകന്‍ സ്വന്തം ബിസിനസില്‍ ഭീമമായ ഡിസ്‌കൗണ്ട് അനുവദിച്ചിരുന്ന വിവരവും പുറത്തുവന്നിരുന്നു.ഇത്രയും വലിയ ഡിസ്‌കൗണ്ട് അനുവദിക്കുന്നത് അറിഞ്ഞ്‌ പോയവര്‍ഷം വിഴിഞ്ഞത്ത് തുറമുഖം പണിയാന്‍ തുടങ്ങിയ അദാനി ഗ്രൂപ്പ് പോലും നാണിച്ചുപോയിട്ടുണ്ടാകും.

കേരളം കണ്ട രണ്ട് അങ്കംവെട്ടലുകളില്‍ ഇടതും വലതും 1-1ന് തുല്യത പാലിച്ചപ്പോള്‍ രണ്ട് വട്ടവും മൂന്നാമന്‍ എന്ന നിലയ്ക്ക് ബി ജെ പിക്കാര്‍ ചരിത്രത്തിലാദ്യമായി അല്‍പം തലയുയര്‍ത്തി നിന്നു.അനിശ്ചിതമായി വന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ വലതു സ്ഥാനാര്‍ത്ഥി കടന്നു വരുന്ന വര്‍ഷത്തിലെ പൊതു തിരഞ്ഞെടുപ്പിന്റെ സ്വഭാവം കാട്ടിയെന്ന് പ്രഖ്യാപിച്ചു .ഇത് കണ്ടു നിന്ന ജനങ്ങള്‍ അവരുടെ തനിനിറം തദ്ദേശ തിരഞ്ഞെടുപ്പില്‍ കാട്ടിക്കൊടുത്തു.വലതിന്റെ കൊമ്പുകുലുക്കത്തിന് ഇടതന്‍മാര്‍ കടിഞ്ഞാണിട്ടു.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന തുറന്ന വേദിയായ കേരളത്തിന്റെ നിയമനിര്‍മാണ സഭയെ നാല് വര്‍ഷത്തോളം നിയന്ത്രിച്ച സഭാനാഥന്‍ ജി കാര്‍ത്തികേയന്റെ വിയോഗവും പോയ വര്‍ഷമായിരുന്നു.അദ്ദേഹത്തെ കൂടാതെ പരിസ്ഥിതി പ്രവര്‍ത്തകനായ കല്ലേന്‍ പോക്കൂടന്‍ മുതല്‍ കേരളത്തിന്റെ തലസ്ഥാനത്ത് ഒരു കാലത്ത് ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥനായി പിന്നീട് ഇന്ത്യന്‍ ജനതയെ മുഴുവന്‍ സ്വപനങ്ങള്‍ക്ക് ചിറക് മുളപ്പിക്കാന്‍ ശീലിപ്പിച്ച എ പി ജെ അബ്ദുല്‍ കലാം വരെ നമ്മെ വിട്ടു പിരിഞ്ഞ നിരവധി പേര്‍ക്ക് ഒരുവട്ടം കൂടി ആദരാഞ്ജലി അര്‍പ്പിച്ച് 2015നെ യാത്രയാക്കാം.

Team INDIANEWS24.COM

Leave a Reply