728-pixel-x-90-2-learn
728-pixel-x-90
<< >>

നേതൃമാറ്റം വേണമെന്ന് ബംഗാള്‍ സിപിഎമ്മില്‍ ആവശ്യം

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം ബംഗാള്‍ സംസ്ഥാന സമിതിയില്‍ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം. ദേശീയതലത്തിലും സംസ്ഥാനതലത്തിലും നേതൃമാറ്റം വേണമെന്ന് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കൂടിയ സമിതിയില്‍ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ ആയിരുന്നു വിമര്‍ശനങ്ങളില്‍ ഏറെയും.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റില്‍ 2 സീറ്റ് മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. സഖ്യകക്ഷികള്‍ ഒറ്റ സീറ്റിലും ജയിച്ചില്ല. 1964ല്‍ പാര്‍ട്ടി രൂപീകരിച്ച ശേഷം സിപിഎമ്മിന്റെ ഏറ്റവും മോശം പ്രകടനമാണിത്. പാര്‍ട്ടിയില്‍ നിന്ന് സമീപകാലത്ത് പുറത്താക്കപ്പെട്ട നേതാക്കളും നിലവിലുള്ള നേതാക്കളും ഉള്‍പ്പെടുന്ന ഒരു വിഭാഗം നേതൃമാറ്റം ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലെ സിപിഎം ഓഫീസിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച്‌ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സമിതിയില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നത്.

മുലായം സിംഗിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി മൂന്നാംമുന്നണി തട്ടിക്കൂട്ടാന്‍ നടത്തിയ ശ്രമത്തിന്‍റെ പേരില്‍ കാരാട്ടിനെതിരെ നിശിതമായ വിമര്‍ശനം ഉയര്‍ന്നു. ദേശീയരാഷ്ട്രീയ സ്ഥിതി വിലയിരുത്തുന്നതില്‍ കാരാട്ട് പരാജയപ്പെട്ടു എന്നതായിരുന്നു വിമര്‍ശനത്തിന്റെ കാതല്‍. സംസ്ഥാനത്ത് സിപിഎമ്മിന്റെ വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നത്‌ നേതൃത്വത്തിന്‍റെ ഇത്തരം നീക്കങ്ങള്‍ കൊണ്ടാണ് എന്ന് ചില നേതാക്കള്‍ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ്, പിബി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ്‌ ഭട്ടാചാര്യ, പ്രതിപക്ഷനേതാവ് സൂര്യകാന്ത് മിശ്ര എന്നിവര്‍ക്കും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നു. പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, മണിക് സര്‍ക്കാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നേതൃത്വത്തിനെതിരായ വിമര്‍ശനം.

Leave a Reply