ദുബായ്: പാട്ടുകള്‍ പാടി പലവിധ റെക്കോഡുകളും നേടിയിട്ടുണ്ടെങ്കിലും നൂറിലധികം ഭാഷകളില്‍ സംഗീതത്തെ കോര്‍ത്തിണക്കി അപൂര്‍വ നേട്ടത്തിനൊരുങ്ങുകയാണ് ഒരു മലയാളി വിദ്യാര്‍ത്ഥിനി. ദുബായ് ഇന്ത്യന്‍ ഹൈസ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സുചേതാ സതീഷാണ് വെള്ളിയാഴ്ച്ച വൈകീട്ട് പാട്ടിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. 102 ഭാഷകളിലുള്ള ഗാനങ്ങള്‍ ആലപ്പിച്ചുള്ള നേട്ടമാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ ഇന്നു വൈകിട്ട് 3.30ന് നടക്കുന്ന പരിപാടി അമേരിക്കയിലെ വേള്‍ഡ് റെക്കോര്‍ഡ് അക്കാദമിയുടെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക. കോണ്‍സല്‍ ജനറല്‍ വിപുല്‍ മുഖ്യാതിഥിയാകും.
മലയാളം ഉള്‍പ്പെടെ 26 ഇന്ത്യന്‍ ഭാഷകളിലെ ഗാനങ്ങളും വിദേശ ഭാഷകളിലുള്ള 76 ഗാനങ്ങളും ആലപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചലച്ചിത്രഗാനങ്ങള്‍, ലളിതഗാനങ്ങള്‍, ഗസലുകള്‍ എന്നിങ്ങനെ എല്ലാ ഗാനശാഖകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇംഗ്ലിഷ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്, ചൈനീസ്, അറബിക്, പോര്‍ച്ചുഗീസ്, തഗലോഗ്, നേപ്പാളി തുടങ്ങി വിവിധ ഭാഷകള്‍. ഫെയ്സ്ബുക്കില്‍ തല്‍സമയം കാണാം.
നാലാം വയസുമുതല്‍ സംഗീതം അഭ്യസിക്കുന്ന സുചേത നേരത്തെ 70 ഭാഷകളില്‍ ഗാനങ്ങളാലപിച്ചു ശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് ഒയിസ്ക ഇന്റര്‍നാഷനലിന്റെ സ്വാതന്ത്ര്യദിന പരിപാടിയില്‍ തുടര്‍ച്ചയായി മൂന്നര മണിക്കൂര്‍ പാട്ടുപാടി. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും സുചേത സംഗീതം അഭ്യസിക്കുന്നുണ്ട്. കണ്ണൂര്‍ എളയാവൂര് സ്വദേശി ഡോ. സതീഷിന്റെയും സുമിതയുടെയും മകളായ ഈ ഏഴാംക്ലാസുകാരി മികച്ച നര്‍ത്തകി കൂടിയാണ്. പാഠ്യപാഠ്യേതര വിഷയങ്ങളിലെ മികവിനുള്ള ഷെയ്ഖ് ഹംദാന്‍ പുരസ്കാരവും ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.
INDIANEWS24.COM Gulf Desk