728-pixel-x-90-2-learn
728-pixel-x-90
<< >>

‘നീന’ ലഹരി വിമുക്തം

യുവതലമുറയിലെ അതിരുകടന്ന മദ്യാസക്തിയും ” അരുതാത്ത” മേച്ചില്‍പ്പുറങ്ങളിലേക്കുള്ള അഭിനിവേശവും പ്രമേയമാക്കുന്ന ‘നീന’ ലാല്‍ ജോസിന്റെ വേറിട്ടൊരു ശ്രമമാണ്.ഒരു പരസ്യ ഏജന്‍സിയുടെ ഭൂമികയിലാണ് ചിത്രം ഇതള്‍വിരിയുന്നത്.അവിടെ വളരെ ക്രിയേറ്റീവായി ജോലിനോക്കുന്ന ഒരു പെണ്‍കുട്ടി; ആരോടും അടുക്കില്ല.ആരുമായും ഉടക്കാനും  മടിയില്ലാത്ത പ്രകൃതം.ആണായി വളര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായി ചെറുപ്പം മുതലുള്ള കൂട്ടുകാരില്‍ നിന്നും വളര്‍ന്നുവലുതായപ്പോഴും അകന്നില്ല.അവരാണേല്‍ അടിയും ഇടിയും, അതിനൊക്കെ പഞ്ച് കിട്ടാന്‍ ലഹരിയെ ആശ്രയിച്ചും നടക്കുന്ന ഒരു ഗ്യാങ്ങ്.

അങ്ങനെയുള്ള നീനയുടെ പ്രകൃതത്തിന് ഒന്നയവ് വരാന്‍ കാരണക്കാരനായി വിജയ് ബാബു അവതരിപ്പിക്കുന്ന വിനയ് പണിക്കര്‍എത്തുന്നു.പരസ്യ കമ്പനിയുടെ ബ്രാഞ്ച് ഹെഡ് കൂടിയായ വിനയ്  നീനയുടെ നല്ല സുഹൃത്താകുന്നു.നീനയുടെ ആണ്‍ മാനസമിളക്കുന്ന ഇയാള്‍ക്ക് ഒരു കുടംബമുണ്ട്.അവിടെ അയാളെ കാത്ത് നളിനിയുണ്ട്.ലാല്‍ ജോസിന്റെ പുതിയ ചിത്രം ‘നീ’നയും ‘ന’ളിനിയും ചേര്‍ന്നതാണ് ‘Nee-Na’.പേര് അന്വര്‍ത്ഥമാക്കുന്നത് പോലെ രണ്ട് സ്ത്രീകളെയും അവര്‍ക്ക് പ്രിയപ്പെട്ട പുരുഷനെയും കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു പോകുന്നത്.

മലയാള സിനിമയ്ക്കായി ലാല്‍ജോസ് കണ്ടെത്തിയ പുതിയ താരം ദീപ്തി സതി നീനയായി മികച്ച പ്രകടനം തന്നെ കാഴ്ച്ചവച്ചു.2012ല്‍ മിസ് കേരള പട്ടമണിഞ്ഞ ദീപ്തി പ്രമുഖ മോഡല്‍ കൂടിയാണ്.നളിനിയായെത്തുന്നത് ലാല്‍ജോസ് ‘ആണ്‍കുട്ടി’യായി സിനിമയിലെത്തിച്ച ആന്‍ അഗസ്റ്റിനാണ്.ഇവര്‍ക്കിടയില്‍ വിജയ് ബാബു ശ്രദ്ധേയ സാന്നിദ്ധ്യമാകുമ്പോള്‍ ലെനയും സംവിധായകന്‍ കൂടിയായ മാര്‍ട്ടിന്‍ പ്രക്കാട്ടും ഒപ്പം ചേരുന്നു.ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ആര്‍.വേണുഗോപാലാണ്.ഛായാഗ്രാഹണം ജോമോന്‍ ടി ജോണും സംഗീതം നിഖില്‍ ജെ മേനോനാണ്.ബിജിബാല്‍ പാശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു.ഭാര്യ നായികയാകുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച ജോമോന്‍ നിരാശപ്പെടുത്തിയില്ല.

സാമൂഹ്യ പ്രസക്തിയുള്ള ഈ ലാല്‍ ജോസ് ചിത്രം അക്ഷരാര്‍ത്ഥത്തില്‍ ഇന്നിന്റെ കഥപറയുന്നു, പ്രമേയം സിന്ധു ഭൈരവി മുതലുള്ള പഴഞ്ചന്‍ സ്റ്റഫ് ആണെങ്കിലും. വിനയുടെ പാത്രവല്‍ക്കരണത്തിന് മിഴിവ് പകരാനായി അവതരിപ്പിക്കപ്പെടുന്ന ചില ഉപ കഥാപാത്രങ്ങള്‍ വല്ലാതെ ബോറടുപ്പിക്കുന്നുണ്ട്.ലെന അവതരിപ്പിച്ച ഡോക്ടര്‍ ഇതിനൊരു അപവാദമാണ്.

ഏതായാലും പ്രേക്ഷകനെ ലഹരി പിടിപ്പിക്കുന്ന ഒന്നും നീന നല്‍കുന്നില്ല.ആദ്യപകുതിയിലെ ലോജിക് ഇല്ലായ്മയുടെ കല്ലുകടിയെ അപേക്ഷിച്ച് ഭേദപ്പെട്ട രണ്ടാംപകുതിയും കാവ്യാത്മകമായ ക്ലൈമാക്‌സും നീനയെ രക്ഷിച്ചു എന്നും പറയാം.ഒരു പ്രണയ ചിത്രത്തിന്‍റെ ചാരുതയും  നീനയ്ക്കുണ്ട് എന്ന് പറയാതെ വയ്യ.

INDIANEWS24.COM Movies

Leave a Reply