728-pixel-x-90-2-learn
728-pixel-x-90
<< >>

നിലവാരം ബാറുകള്‍ക്ക് മാത്രം മതിയോ

കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്നത് ബാറുകളുടെ നിലവാരവും ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വ്യവഹാരങ്ങളുമാണ്. സര്‍ക്കാരിന്റെഇപ്പോഴത്തെ മുന്‍ഗണനാ വിഷയവും അതുതന്നെ. ഭരിക്കുന്ന മുന്നണിയിലെ പാര്‍ട്ടികള്‍ വിഷയം തകൃതിയായി ചര്‍ച്ച ചെയ്യുന്നു. മാധ്യമങ്ങളും ഈ വിഷയം കൊണ്ടാടുന്നു. ഇതൊക്കെ കണ്ടാല്‍ തോന്നുക കേരളം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ബാറുകളുടെ നിലവാരമില്ലായ്മ ആണെന്നാണ്.

എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുന്നതിനെക്കുറിച്ച് സര്‍ക്കാരിന് ഇത്ര ആശങ്ക ഇല്ലാത്തത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വെറുംനിലത്ത് നിരാലംബരായി കിടക്കുന്ന രോഗികളുടെ ചിത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അപകടങ്ങളില്‍ അനേകര്‍ മരിക്കുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും നമ്മുടെ റോഡുകളുടെയും ഗതാഗത സംവിധാനത്തിന്റെയും നിലവാരം ഉയര്‍ത്തുന്ന കാര്യം എന്തുകൊണ്ട് പരിഗണനാവിഷയം ആകുന്നില്ല. വലിയൊരു വിഭാഗം ഭക്ഷണത്തിനായി ആശ്രയിക്കുന്ന ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവയുടെ കാര്യത്തിലും ഈ ശുഷ്കാന്തി കാണുന്നില്ല. പൊതുസ്ഥലങ്ങളിലെ ശൌചാലയങ്ങള്‍ വൃത്തിയുള്ളതായിരിക്കണമെന്ന കാര്യത്തില്‍ ഇത്ര വാശിയും നിഷ്കര്‍ഷയും ഉണ്ടാകുന്നില്ല.

ബാറുകളുടെ നിലവാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാരും മറ്റ് ഭരണസംവിധാനങ്ങളും കാട്ടുന്ന അമിതോല്‍സാഹം സംശയാസ്പദമാകുന്നത് ഇവിടെയാണ്. മദ്യപിക്കാന്‍ എത്തുന്നവര്‍ക്ക് മികച്ച സൗകര്യം ഒരുക്കിക്കൊടുക്കാനോ അവരുടെ ആരോഗ്യം സംരക്ഷിക്കാനോ ഉള്ള നിസ്വാര്‍ത്ഥമായ ശ്രമങ്ങള്‍ അല്ല ഈ ബാര്‍ ലൈസന്‍സ് റദ്ദാക്കലും മറ്റും. ഓരോ ബാര്‍ലൈസന്‍സ് അനുവദിക്കപ്പെടുമ്പോഴും അതിനു പിന്നില്‍ കോടികള്‍ ഒഴുകുന്നു എന്നത് പരസ്യമായ രഹസ്യം. ഇപ്പോള്‍ കാണുന്ന കോലാഹലങ്ങളും വിളവെടുപ്പിനു മുമ്പ് നടക്കുന്ന വെറും നാടകങ്ങള്‍ മാത്രം.

Leave a Reply