jio 800x100
jio 800x100
728-pixel-x-90
<< >>

നിലയ്ക്കാത്ത ഒഴുക്ക് പോലെ…., ഇതെന്തുകൊണ്ട് ഇങ്ങനെ ?

കണ്ണീരുണങ്ങാത്ത ഓര്‍മ്മയായി വീണ്ടും ഒരു ജലാശയ ദുരന്തം കൂടി.വരുന്ന കുറേ ദിവസങ്ങള്‍ വാര്‍ത്തകളിലും പത്രങ്ങളിലും ചര്‍ച്ചകള്‍ക്ക് ഒരു കാരണം കിട്ടിയിരിക്കുന്നു.കുറേ നാളുകളായി ഇവിടെ നടക്കുന്നതും അത് തന്നെയാണ്.അതിനപ്പുറം മറ്റൊന്നുമില്ല.ചൊവ്വാഴ്ച്ച കൊച്ചിയിലുണ്ടായ ജലാശയ ദുരന്തത്തിലൂടെ അത് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു.

ദിവസങ്ങളും ആഴ്ച്ചകളും കഴിഞ്ഞുപോകുമ്പോള്‍ എല്ലാവരും ഇതൊക്കെ മറക്കും.മറ്റൊരു ദുരന്തം വരെ ഇക്കാര്യങ്ങളൊന്നും ശ്രദ്ധയില്‍ പെടില്ല.കേരളത്തിലെ ജലദുരന്തങ്ങളുടെ കണക്കെടുത്താല്‍ നിരവധിയുണ്ട്. കഴിഞ്ഞ പതിനഞ്ച് കൊല്ലത്തെ മാത്രം കണക്കു നോക്കിയാല്‍ ചൊവ്വാഴ്ച്ചത്തേത്ത് എട്ടാമത്തെ അപകടമാണ്.ഇതില്‍ 2001 ജൂണ്‍ 22, 2010 മാര്‍ച്ച് 23,2011 ഫെബ്രുവരി 17 എന്നീ ദിവസങ്ങളില്‍ കേരളത്തില്‍ നടന്ന ദുരന്തങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെന്നു കണക്കാക്കാം.2001ലെ അപകടം റെയില്‍ പാളം തകര്‍ന്നതിനെ തുടര്‍ന്ന് ചെന്നൈ മെയില്‍ കടലുണ്ടി പുഴയില്‍ വീഴുകയായിരുന്നു.2010 ല്‍ കോട്ടയത്ത് താഴത്തങ്ങാടിയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മീനച്ചില്‍ ആറ്റിലേക്ക് മറിയുകയായിരുന്നു.2011ല്‍ തിരുവനന്തപുരം പാര്‍വതി പുത്തനാറിലേക്ക് സ്‌കൂള്‍ വാന്‍ മറിഞ്ഞ് ആയയും ആറു വിദ്യാര്‍ഥികളും മുങ്ങിമരിക്കുകയായിരുന്നു.ഇവ മൂന്നും അപ്രതീക്ഷിതമെന്നും ജലദുരന്തങ്ങള്‍ക്ക് സാധ്യത വളരെ കുറവാണെന്നും കരുതാം.എന്നാല്‍ ബാക്കിയുള്ള അഞ്ച് അപകടങ്ങളും ജലഗതാഗതത്തില്‍ തന്നെയായിരുന്നു.

1. 2002 ജൂലൈ 27- മുഹമ്മയില്‍ നിന്നു കുമരകത്തിനു പോയ സര്‍വീസ് ബോട്ട് വേമ്പനാട്ടു കായലില്‍ മുങ്ങി 29 പേര്‍ മരിച്ചു.

2. 2007 ഫെബ്രുവരി 20- ഭൂതത്താന്‍ കെട്ട് ഡാമിലെ തട്ടേക്കാട് ഭാഗത്ത് ഉല്ലാസയാത്രക്കു പോയ അധ്യാപകരും സ്‌കൂള്‍ വിദ്യാര്‍ഥികളും കയറിയ ബോട്ട് മുങ്ങി 18 പേര്‍ മരിച്ചു.

3. 2009 സെപ്തംബര്‍ 30- തേക്കടി തടാകത്തില്‍ സര്‍വീസ് നടത്തുന്ന ജലകന്യക ബോട്ട് മറിഞ്ഞ് 45 പേര്‍ മരിച്ചു.

4. 2009 നവംബര്‍ 4- മലപ്പുറം അരീക്കോട് ചാലിയാറില്‍ മൂര്‍ക്കനാട് സ്‌കൂള്‍ കടവില്‍ തോണി മറിഞ്ഞ് എട്ട് വിദ്യാര്‍ഥികള്‍ മരിച്ചു.

ഏറ്റവും ഒടുവില്‍ ഫോര്‍ട്ടുകൊച്ചിയില്‍ 2015 ആഗസ്റ്റ് 26ന് പകല്‍ 1.45 ഓടെ മത്സ്യബന്ധന ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ചായിരുന്നു ദുരന്തം.മരിച്ചവരുടെ എണ്ണം വ്യാഴാഴ്ച്ച ഉച്ച ആയപ്പോഴേക്കും ഏഴായി ഉയര്‍ന്നിരിക്കുന്നു.

boatകഴിഞ്ഞ ദിവസം ഉണ്ടായ ഈ അപകടത്തില്‍ ഇരുമ്പുകൊണ്ടുള്ള മത്സ്യ ബന്ധന ബോട്ട് ഇടിച്ച യാത്രാ ബോട്ട് 35 വര്‍ഷത്തെ കാലപ്പഴക്കമുള്ളതായി പറയുന്നു.2017 വരെ ഈ ബോട്ടിന് ഫിറ്റ്‌നസുള്ളതായി ബോട്ടുടമകളുടെ കൈവശമുള്ള രേഖകളും വ്യക്തമാക്കുന്നു.അതേസമയം ഇടിയുടെ ആഘാതത്തില്‍ രണ്ടായി പിളര്‍ന്ന യാത്രാ ബോട്ടില്‍ നിന്നും രക്ഷപ്പെട്ടവരും രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരും അപകടസമയം വ്യഗ്രതയില്‍ കയറിപ്പിടിച്ച ബോട്ടിന്റെ അവശിഷ്ടങ്ങള്‍ ബലമില്ലാതെ ഒടിഞ്ഞു തകര്‍ന്നുപോകുന്ന നിലയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സ്ഥിരമായി ബോട്ട് സര്‍വീസുകള്‍ നടത്തുന്ന ഫോര്‍ട്ടുകൊച്ചി അടക്കമുള്ള സ്ഥലങ്ങളില്‍ എന്തുകൊണ്ട് ഒരു സുരക്ഷാ മുന്‍കരുതല്‍ ഇല്ലെന്നതിന് ഇനിയും മറുപടിയില്ല.രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടിന്റെ മരംകൊണ്ടുള്ള ഭാഗങ്ങള്‍ പെട്ടെന്ന് തകര്‍ന്നൊടിയാന്‍ തക്ക പരുവത്തിലായിരുന്നെങ്കില്‍ അതിന് എങ്ങനെ 2017 വരെ ഫിറ്റ്‌നസ് ലഭിച്ചു.ഈ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരമില്ലെങ്കില്‍ ഇനിയും ദുഖവാര്‍ത്തകള്‍ നിറഞ്ഞേക്കാം.അപ്പോഴും ഗംഭീരമായ ചര്‍ച്ചകളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും മാത്രമായിരിക്കുമോ നടക്കുക. ആവശ്യം ക്രിയാത്മകമായ ഇടപെടലുകളും അതിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും തീര്‍ച്ചയായും തിരിച്ചറിവുണ്ടായിട്ടും എന്തുകൊണ്ട് അധികൃതര്‍ ഇങ്ങനെ ?

INDIANEWS24.COM Kochi

Leave a Reply