jio 800x100
jio 800x100
728-pixel-x-90
<< >>

നിയമം മാണിയുടെ വഴിക്ക്

കരിങ്ങോഴയ്ക്കല്‍ തോമസ്‌ മാണി മകന്‍ കെ.എം മാണി കേരളത്തിലെ മദ്യവ്യാപാരികളില്‍ നിന്നും ഒരു കോടി വാങ്ങിയെന്നും പിറ്റേ ആഴ്ച  ചോദിച്ചപ്പോള്‍ അയ്യോ അതൊക്കെ ചിലവായി പോയില്ലേ അഞ്ച് കോടി കൂടെ കൊണ്ടുവാ എന്ന് മറുപടി പറഞ്ഞതായുമുള്ള വാര്‍ത്ത‍ കേട്ട് കേരളത്തില്‍ ആരും ഞെട്ടിയിട്ടുണ്ടാകില്ല. അഥവാ ഞെട്ടിയാല്‍ അവന് കേരളത്തെക്കുറിച്ചും കേരളാ കോണ്‍ഗ്രസിനെക്കുറിച്ചും കെ എം മാണിയെക്കുറിച്ചും ഒരു ചുക്കും അറിയത്തില്ല എന്നാണ് അര്‍ഥം.  തരാതരം പോലെ ഇടത്തുമാറിയും വലത്ത്‌ പതിറ്റാണ്ടുകളായി മാണി കളിക്കുന്ന ‘അധ്വാനവര്‍ഗസിദ്ധാന്തത്തില്‍ ‘ അഞ്ച് കോടിയെന്നൊക്കെ പറഞ്ഞാല്‍ ആനവായിലെ അമ്പഴങ്ങയുടെ വലിപ്പമേ ഉള്ളൂ എന്ന് ആര്‍ക്കാണ് അറിയാത്തത്.

കേരളത്തില്‍ സി.പി എമ്മിനേക്കാളും കോണ്‍ഗ്രസ്സിനേക്കാളും ഭാരവാഹികള്‍ ഉള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്.തിരുവനന്തപുരത്ത് പത്ര സമ്മേളനം നടത്തുമ്പോള്‍ മാണി നാക്ക് കൊണ്ട് വലിച്ചാല്‍ സെക്രട്ടേറിയറ്റ് വരെ നീളുകയും വിട്ടാല്‍ പൂര്‍വ്വ സ്ഥിതിയില്‍ എത്തുകയും ചെയ്യുന്ന പാര്‍ട്ടി.പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടിലെ അടുക്കള പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് എക്കാലവും ഭരണത്തിന്‍റെ നടുക്കണ്ടം തിന്നും ചക്കരക്കുടത്തില്‍ കയ്യിട്ടും വളര്‍ന്ന കഥ പാലായിലെ പാണന്മാര്‍ എത്രയോ പാടിപ്പുകഴ്ത്തിയിരിക്കുന്നു.

സുധീരനുമായുണ്ടായ മൂപ്പിളമത്തര്‍ക്കത്തിന്‍റെ പേരില്‍ ഉമ്മന്‍‌ചാണ്ടി പൂട്ടിച്ച ബാറുകളുടെ താഴും താക്കോലും അബ്കാരികള്‍ക്ക് തിരികെക്കിട്ടുവാന്‍ കുഞ്ഞുമാണി കാനയിലെ വെള്ളം വീഞ്ഞാക്കിയ ദൈവപുത്രനെ മനസ്സില്‍ ധ്യാനിച്ച്  കാഴ്ചയായി സ്വീകരിച്ച ഒരു കോടിയെക്കുറിച്ചാണ് ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം. ബാറുകള്‍ എല്ലാം അടച്ചുപൂട്ടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കത്തോലിക്കാസഭയ്ക്ക് മാണിയുടെ ‘അദ്ഭുതപ്രവര്‍ത്തിയെ’ക്കുറിച്ച് എന്താവും പറയാനുള്ളത്.

വിഷയം അതല്ല. മുഖ്യമന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കുന്ന ഒരാള്‍ക്കെതിരെ ഇത്തരം ഒരു ആരോപണം ഉയരുമ്പോള്‍ ആ വിഷയം മാത്രം അന്വേഷിച്ചാല്‍ മതിയോ? നാളിത് വരെ  മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് മാണിയും കൂട്ടരും എല്ലാ ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കേണ്ടേ. മാനസപുത്രനായ മാണിയുടെ നിരപരാധിത്വം തെളിയിക്കാന്‍ കത്തോലിക്കാസഭ തന്നെ അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിരുന്നെങ്കില്‍.

മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്മ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ എന്ന്ത ആരെങ്കിലും ആരോപിച്ചാല്‍ അവരെ കുറ്റംപറയാന്‍ കഴിയില്ല. കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കണം എന്നൊരു ചൊല്ലുണ്ട്. എങ്ങനെ വീണാലും നാല് കാലില്‍ നില്‍ക്കാന്‍ കഴിയുന്ന മാണിയെ രാജയും കനിമൊഴിയുമൊക്കെ മാതൃകയാക്കണം.

തനിക്കോ അടുത്ത ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഉള്ള സ്വത്തുവിവരങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നേരിടാന്‍ കെ എം മാണി തയ്യാറുണ്ടോ? ഉപ്പില്ലാത്ത കറിയില്ല എന്നതുപോലെ മതികെട്ടാന്‍ ആയാലും മൂന്നാര്‍ ആയാലും വാഗമണ്‍ ആയാലും ഭൂമികയ്യേറ്റങ്ങളെക്കുറിച്ച് പറയുമ്പോഴൊക്കെ അവിടെല്ലാം മാണിയുടെ അടുത്ത ബന്ധുക്കള്‍ കഥാപാത്രങ്ങളാകുന്നത് കേവലം യാദൃശ്ചികമാണെന്ന്‌ കരുതുക വയ്യ.  അടിച്ചുമാറ്റിയ പണം തലയണയില്‍ നിറച്ച് അതിന്മേല്‍ കിടന്നുറങ്ങിയ സുഖ്റാമിനെപ്പോലുള്ള വിഡ്ഢികള്‍ കളിച്ച കളിയല്ല ഇത്.

മാണി മന്ത്രിയായ കാലഘട്ടങ്ങളില്‍  റെവന്യു വകുപ്പിനും വനം വകുപ്പിനും നികുതി വകുപ്പിനും എത്ര നഷ്ടം സംഭവിച്ചിട്ടുണ്ട്, മാണിയുടെ  ബന്ധുക്കള്‍ മതികെട്ടാന്‍ മലയിലും മൂന്നാറിലും അടക്കം കേരളത്തിലുട നീളം അനധികൃതമായി നേടിയ ഭൂ സ്വത്തുക്കള്‍ ഇവയൊക്കെ അന്വേഷിച്ചാല്‍ ചിലപ്പോള്‍ അതിന്റെ മൂല്യം 3-ജി സ്പെക്ട്രം അഴിമതിക്കേസില്‍ ഡി.രാജയും കൂട്ടരും നടത്തിയതിനേക്കാള്‍ കൂടുതല്‍ വരും.മൂന്നാറിലെ കെ.സ്.ആര്‍.ടിസി യുടെയും കെ.എസ്.ഇ.ബി യുടെയും കയ്യേറിയ സ്ഥലത്തിന് തന്നെ നിരവധി കോടികള്‍ വില മതിക്കും.

മാണി മന്ത്രിസഭയില്‍ അംഗമായിരുന്ന കാലഘട്ടങ്ങളില്‍ സര്‍ക്കാര്‍ തോറ്റുപോയ  കേസുകളുടെ വിശദ വിവരങ്ങള്‍ പരിശോധിച്ചാല്‍ ഒരുപക്ഷേ രാജയും കനിമൊഴിയുമൊക്കെ ചിന്ന പോക്കറ്റടിക്കാര്‍ എന്ന്‍ നമുക്ക്കേ തോന്നിയേക്കാം.

കേരള കോണ്‍ഗ്രസ് നടത്തുന്ന ജാഥകള്‍ പോലും കൂലിക്ക് ആളെ എടുത്ത് നടത്തുന്ന കച്ചവടങ്ങളാണ്.ഈ പാര്‍ട്ടിയുടെ വരുമാന സ്രോതസ്സ് എന്താണ് ആര്‍ക്കും അറിയില്ല.ഫണ്ട് പിരിവ് പോലുള്ള ധനസമാഹരണ പരിപാടി നടത്തുന്നതായി ആ പാര്‍ട്ടി നിലവില്‍ വന്ന ശേഷം  ഒരു വാര്‍ത്തപോലും കണ്ടിട്ടില്ല.

കേരളത്തിന്റെ പൊതു സ്വത്ത്  പാലാ എന്ന കൊച്ചു ഗ്രാമത്തില്‍ കൊണ്ട് പോയി ചിലവാക്കിയതിന്റെ കണക്കും അന്വേഷിക്കണം.എല്ലാവര്ക്കും തുല്യമായി നല്‍കേണ്ട നികുതിപ്പണം തന്റെ വിജയം ഉറപ്പിക്കാന്‍ വേണ്ടി ചിലവാക്കുന്നതും അഴിമതി തന്നെയാണ്.സംസ്ഥാനം ഭരിക്കുന്ന മന്ത്രി തന്റെ എം.എല്‍.എ സ്ഥാനം ഉറപ്പിക്കാന്‍ ഒരു ചെറിയ പ്രദേശം വികസിപ്പിക്കുകയും ബാക്കി എല്ലാ നാട്ടിലും നടന്ന്‍ കോടികളുടെ അഴിമതി നടത്തുകയും ചെയ്യുന്നതിനെ ജനാധിപത്യ ധ്വംസനം എന്ന് തന്നെയാണ് വിളിക്കേണ്ടത്.

ഇന്ന് മാണിക്കെതിരെ ഉയര്‍ന്ന്‍ വന്നിരിക്കുന്ന ആരോപണം കേട്ട് ആരും ഞെട്ടിയിട്ടില്ല.കാരണം എല്ലാവര്‍ക്കും അറിയാം.കേരളാ കോണ്‍ഗ്രസ് ഒരു അഴിമതി പ്രസ്ഥാനം മാത്രമാണ് എന്ന്.ഇവിടെ ഉത്തരം തേടുന്ന ഒരു ചോദ്യം മാത്രമാണ് ബാക്കിയുള്ളത്.ജെ.ജയലളിത,ഡി.രാജ,സുഖറാം,സുരേഷ് കല്‍മാഡി,ആര്‍.ബാലകൃഷ്ണ പിള്ള തുടങ്ങിയ എല്ലാവരും അഴിമതി നടത്തിയതിന് ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രിമാരാണ്.നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നതാണ് യുഡിഎഫ് സര്‍ക്കാര്‍ പൊതുവേ പറയുന്ന നയം. പക്ഷെ, മാണിയുടെ കാര്യത്തില്‍ മാത്രം അങ്ങനെയല്ല. നിയമം മാണിയുടെ വഴിയേ എന്ന് പറയുന്നതാകും ശരി.

One Response to നിയമം മാണിയുടെ വഴിക്ക്

  1. jose Reply

    November 4, 2014 at 11:39 AM

    Well done ….u said it

Leave a Reply