728-pixel-x-90-2-learn
728-pixel-x-90
<< >>

നിഥിന് മികച്ച ബാലതാരത്തിനുള്ള സൈമ പുരസ്‌കാരം

തിരുവനന്തപുരം: ഹ്രസ്വചിത്രത്തിലെ മികച്ച ബാലനടനുള്ള സൗത്ത് ഇന്ത്യന്‍ മൂവി അസോസിയേഷന്‍ [സൈമ] അവാര്‍ഡ് കാനഡ നിവാസിയായ മലയാളിതാരം നിഥിന്‍ ബിജു ജോസഫിന്. കാനഡയുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ‘ എ സ്പെഷ്യല്‍ ഡേ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. നിഥിന്‍റെ പിതാവും അഭിനയരംഗത്ത് നിരവധി പുരസ്കാരങ്ങള്‍ക്ക് ഉടമയുമായിട്ടുള്ള ബിജു തയ്യില്‍ചിറയാണ് ‘എ സ്പെഷ്യല്‍ ഡേ’യുടെ സംവിധായകന്‍.
സതീഷ്‌ വെങ്ങാനൂര്‍ അധ്യക്ഷനായ ജൂറി സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഒരു പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച്, അവൾ നൽകിയ ഭൂപടത്തിലെ അടയാളങ്ങൾ പിന്തുടർന്ന്, കാടും മലയും പുഴകളും മാത്രമല്ല, ഒട്ടേറെ മാനസിക സംഘർഷങ്ങളും കടന്ന്, ഒരു ആൺകുട്ടി നടത്തുന്ന യാത്രയുടെ കഥയാണ് “എ സ്പെഷൽ ഡേ”. ഇതിലെ പ്രധാന കഥാപാത്രത്തെയാണ് നിഥിന്‍ അവതരിപ്പിച്ചത്. ഏഷ്യാനെറ്റ്, ഫ്ലവേഴ്സ്, ചാനലുകള്‍ സംപ്രേഷണം ചെയ്ത ‘ എ സ്പെഷ്യല്‍ ഡേ’ ഉടന്‍തന്നെ യൂട്യൂബിലും എത്തും.
മികച്ച ഹ്രസ്വചിത്രത്തിനുള്ള സൈമ പുരസ്‌കാരം ആര്‍ കെ അജയകുമാര്‍ സംവിധാനം ചെയ്ത ‘ന്യൂജെന്‍’ കരസ്ഥമാക്കി. പ്രദീപ്‌ ഗീതയാണ് മികച്ച നടന്‍. ‘ഭൂമി’ എന്ന ചിത്രം ഒരുക്കിയ മിഥുന്‍ ചന്ദ്രന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരം സുരേഷ്ഗോപി എം പി അവാര്‍ഡുകള്‍ വിതരണം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പ്രശസ്ത സിനിമാതാരം മധു, സൈമ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഒ രാജഗോപാല്‍ എംഎല്‍എ, സംവിധായകന്‍ രാജസേനന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.

Leave a Reply