നാസിക്• മണപ്പുറം ഗോള്‍ഡ് ലോണിന്റെ, മഹാരാഷ്ട്രയിലെ നാസിക്കിലുളള ഓഫിസില്‍ നിന്ന് 15 കിലോ സ്വര്‍ണവും മൂന്നു ലക്ഷം രൂപയും കവര്‍ച്ച ചെയ്തു. പൊലീസ് വേഷത്തിലാണ് ആയുധധാരികളായ അഞ്ചുപേര്‍ ജീവനക്കാരെ തോക്കിന് മുനയില്‍ നിര്‍ത്തി കൊള്ള നടത്തിയത്.
നാസിക് റോഡിലുളള മണപ്പുറം ഗോള്‍ഡ് ലോണ്‍ ഓഫിസിലെത്തിയ സംഘം ആദ്യം തന്നെ സിസിടിവി, ടെലിഫോണ്‍, സൈറന്‍ ബന്ധങ്ങള്‍ വിച്ഛേദിച്ചു. ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും പിടിച്ചുവാങ്ങി. തുടര്‍ന്ന് സ്ട്രോങ് റൂമില്‍ കടന്ന് പണവും സ്വര്‍ണവും അപഹരിക്കുകയായിരുന്നു.
കവര്‍ച്ചയ്ക്കു ശേഷം ജീവനക്കാരെ സ്ട്രോങ് റുമിലിട്ടു പൂട്ടി, ഓഫിസിന്റെ ഷട്ടറും താഴ്ത്തിയാണ് സംഘം കടന്നുകളഞ്ഞത്. പതിവിലും നേരത്തെ ഓഫിസ് അടഞ്ഞുകിടക്കുന്നതു (ഷട്ടര്‍ താഴ്ത്തിയിരുന്നെങ്കിലും പൂട്ടിയിരുന്നില്ല) കണ്ട കന്പനി ഇടപാടുകാരും പ്രദേശവാസികളും ചേര്‍ന്ന് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. രാത്രി പത്തുമണിയോടെ പൊലീസെത്തി സട്രോങ് റൂം തകര്‍ത്താണ് ജീവനക്കാരെ മോചിപ്പിച്ചത്.
www.indianews24.com/uk