കടല്‍ക്കൊല കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വൈകീട്ട് 5.30ഓടെ പ്രത്യേക സൈനിക വിമാനത്തില്‍ നാവികരായ ലെസ്തോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നിവര്‍ എത്തിയത്. വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ ഇറ്റാലിയന്‍ എംബസിയിലേക്ക് കൊണ്ടുപോയി. ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സെഫാന് ദെ മിസ്തൂറയും നാവികര്‍ക്കൊപ്പം എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ ഡാനിയേല മന്‍സീനി വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിച്ചു.
അതേസമയം, നാവികരെ ഇന്ത്യയിലേക്ക് മടക്കി അയക്കാനുള്ള ഇറ്റലിയുടെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ഇറ്റലിയുടെ തീരുമാനത്തെ തങ്ങളുടെ നയതന്ത്ര വിജയമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് വിശേഷിപ്പിച്ചത്. എന്നാല്‍, രാജ്യം നടത്തിയ നയതന്ത്ര നീക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്താനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാറും ഒരേ സമയം നടത്തിയ ശ്രമത്തിന്റെഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി ആര്.പി.എന്‍ സിങ് പ്രതികരിച്ചു. ഇറ്റലിയുടെ തീരുമാനത്തെ ബി.ജെ.പിയും സ്വാഗതം ചെയ്തു.
ഇറ്റാലിയന്‍ നാവികരുടെ വിചാരണ ദല്‍ഹിയില്‍ പ്രത്യേക അതിവേഗ കോടതിയിലായിരിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഇറ്റലിക്ക് ഇന്ത്യ ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നാവികരുടെ ശിക്ഷ ഇറ്റലിയിലായിരിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
തെരഞ്ഞെടുപ്പില്‍ വോട്ട്ചെയ്യാന്‍ സുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങി പോയ നാവികരെ ഇന്ത്യയിലേക്ക് മടക്കി അയക്കില്ലെന്ന നിലപാട് തിരുത്തി വ്യാഴാഴ്ചയാണ് ഇറ്റാലിയന്‍ വിദേശമന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചത്. നാവികര്‍ക്ക് ലഭിക്കുന്ന പരിഗണന സംബന്ധിച്ചും ഇരുവരുടെയും മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നതു സംബന്ധിച്ചും വ്യക്തമായ ഉറപ്പ് ഇന്ത്യയില്‍നിന്ന് ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്നും ഇറ്റാലിയന്‍ വിദേശമന്ത്രാലയം മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 22ന് രാജ്യം വിട്ട ഇവര്‍ നാലാഴ്ചക്കകം തിരിച്ചെത്തണമെന്നായിരുന്നു കോടതി നിര്‍ദേശം. നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാട് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. നാവികര്‍ തിരിച്ചെത്തുമെന്ന് കോടതിക്ക് ഉറപ്പുകൊടുത്ത ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ രാജ്യം വിടരുതെന്ന് സുപ്രീംകോടതി ഉത്തരവിറക്കുകയുമുണ്ടായി.
കൊല്ലം തീരത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ കടന്നുപോവുകയായിരുന്ന എന്റിക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ ഡ്യൂട്ടിയിലായിരുന്ന ലെസ്തോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നീ നാവികര്‍ അറസ്റ്റിലായത്.