jio 800x100
jio 800x100
728-pixel-x-90
<< >>

നായരും നടേശനും നാടകമാടുമ്പോള്‍

‘വെളുത്തമ്മാ…എന്ന് പാടി ഈ കടാപ്പുറത്ത് ഞാന്‍ അലഞ്ഞുനടക്കും, ഒടുവില്‍ ചങ്കുപൊട്ടി ചത്തുപോകും’ – ശംഖുമുഖത്തെ തിരമാലകളെ സാക്ഷിയാക്കി നടേശന്‍ മുതലാളി പറയുന്നത് കേട്ട് കണ്ണുനിറയാത്ത ആരും കേരളക്കരയില്‍ ഉണ്ടാകില്ല. ഉണ്ടെങ്കില്‍ അവന്‍ ഭൂരിപക്ഷസമുദായം കഞ്ഞികുടിച്ച് കഴിയുന്നത്‌ ഇഷ്ടമല്ലാത്തവനായിരിക്കുമെന്ന് നിശ്ചയം. എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മിലുള്ള വിവാഹബന്ധം ഒരു കുഞ്ഞിക്കാല് കാണുന്നതിന് മുന്നേ അടിച്ചുപിരിഞ്ഞതോടെ ഒരു കാര്യം ഉറപ്പായി. ഇനി കേരളത്തില്‍ നായര്‍ക്കും ഈഴവനും രക്ഷയില്ല. വല്ല ഉരുവിലും കയറി ജാഫ്നയിലേക്കോ മറ്റോ രക്ഷപ്പെടുന്നതാകും നല്ലത്.

എന്തൊക്കെയായിരുന്നു സ്വപ്നം. രണ്ടര വര്‍ഷം വീതം നടേശനും സുകുമാരന്‍ നായരും മാറിമാറി ഭരിക്കുന്ന ഹരിതസുന്ദരഭൂരിപക്ഷസമുദായ കേരളം. പുതുപ്പള്ളിയില്‍ ഒരു കലുങ്ക് പണിയണമെന്ന നിവേദനവുമായി നടേശന്‍റെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന ഉമ്മന്‍‌ചാണ്ടി. റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള അപേക്ഷയില്‍ ഒപ്പിനായി സുകുമാരന്‍ നായര്‍ക്ക് മുന്നില്‍ എത്തമിടുന്ന പിണറായി വിജയന്‍. പക്ഷേ, കെട്ടിയുയര്‍ത്തിയ മോഹക്കൊട്ടാരങ്ങളൊക്കെ എത്ര പെട്ടെന്നാണ് തിരയെടുത്തത്.

എന്‍എസ്എസും എസ്എന്‍ഡിപിയും കൈകോര്‍ത്ത് കാവല്‍ നിന്നതുകൊണ്ടാണല്ലോ ഇത്രനാള്‍ കേരളത്തിലെ നായന്മാരും ഈഴവന്മാരും ഒരു പോറല്‍പോലും ഏല്‍ക്കാതെ കഴിഞ്ഞുകൂടിയത്! സ്വന്തം സമുദായക്കാരെ സംരക്ഷിക്കാന്‍ സുകുമാരന്‍ നായരും നടേശഗുരുവും എന്തൊക്കെ ത്യാഗങ്ങള്‍ സഹിച്ചു. അതൊക്കെ അറിഞ്ഞിട്ടും കൂട്ടത്തില്‍ ഉള്ളവര്‍തന്നെ ഇവരെ കുറ്റംപറയുന്നതാണ് സങ്കടം.

മദ്യം വിഷമാണെന്നും അത് ഉണ്ടാക്കുകയോ കൊടുക്കുകയോ കുടിക്കുകയോ ചെയ്യരുതെന്നും സാക്ഷാല്‍ നാരായണഗുരു പറഞ്ഞിട്ടും നാലാള് കൂടുന്ന കവലയിലൊക്കെ ബാര്‍ തുറന്നത് എന്തിനുവേണ്ടിയാ. സ്വന്തം സമുദായത്തെ രക്ഷിക്കാന്‍. നാട്ടില്‍ കള്ള് കൂടുതല്‍ കുടിക്കുന്നത് നസ്രാണികളാണെന്നാണല്ലോ വെപ്പ്. അവന്മാര്‍ കള്ളുകുടിച്ച് ബോധമില്ലാതെ നടന്നാല്‍ ആര്‍ക്കാ ഗുണം. നമ്മുടെ സമുദായത്തിന്.

മാത്രമല്ല, ഈഴവ സമുദായത്തിന് വേണ്ടി സ്വന്തം കുടുംബത്തെ തന്നെ നടേശന്‍ ചാവേറാക്കിയില്ലേ. യുവജനവിഭാഗത്തിന്‍റെ  നേതാവ് മകന്‍ തുഷാര്‍ വെള്ളാപ്പള്ളി. വനിതാവിഭാഗത്തിന്‍റെ  നേതാവ് ഭാര്യ പ്രീതി നടേശന്‍. ചുരുക്കത്തില്‍ നടേശനെയും കുടുംബത്തെയും വീഴ്ത്താതെ ഈഴവരുടെ ഒരു രോമത്തില്‍ പോലും തൊടാന്‍ ശത്രുക്കള്‍ക്ക് കഴിയില്ല. ജനസംഖ്യയില്‍ നാലിലൊന്ന് ഉണ്ടായിട്ടും 140 അംഗ കേരളനിയമസഭയില്‍ 14 ഈഴവര്‍ മാത്രമാണ് ഉള്ളത്. കേരളം ഇങ്ങനെ പോയാല്‍ എനിക്കോ മകനോ എന്നെങ്കിലും മുഖ്യമന്ത്രിയാകാന്‍ കഴിയുമോ എന്നതാണ് നടേശസങ്കടം. അതുകൊണ്ട് ഈഴവരുടെ പേരില്‍ പാര്‍ട്ടി ഉണ്ടാക്കണം. പേര് ഈഴവരുടെ പാര്‍ട്ടി എന്നാണെങ്കിലും സമുദായത്തിലെ കണ്ട അണ്ടനും അടകോടനുമോന്നും എംഎല്‍എയും മന്ത്രിയും ആകാമെന്ന് കരുതേണ്ട. തനിക്കും ഭാര്യക്കും മകനും സിംഗപ്പുരിലുള്ള മകള്‍ക്കും ഉള്ളത് കഴിച്ച് ബാക്കി സീറ്റുകള്‍ ലേലത്തിനു വെയ്ക്കും.  കയ്യില്‍ പത്ത് പുത്തനില്ലാത്തവനെയൊക്കെ നിയമസഭയിലേക്ക് അയച്ചിട്ട്‌ വലിയ കാര്യമൊന്നുമില്ല.

ശ്രീനാരായണഗുരുവിന്‍റെ വചനങ്ങളെ സ്വന്തം താല്‍പര്യത്തിനൊത്ത് വളച്ചൊടിക്കുമ്പോള്‍ ഒരു കാര്യമെങ്കിലും നടേശന്‍ ചെയ്യണം. പണക്കാരോടൊപ്പം ആയിരുന്നില്ല ഗുരുദേവന്‍. പാവപ്പെട്ടവന് ഒപ്പമായിരുന്നു. അതുകൊണ്ടാണല്ലോ എസ്എന്‍ഡിപി ഉണ്ടായിരിക്കുമ്പോള്‍തന്നെ അദ്ദേഹം എസ്എന്‍ ട്രസ്റ്റ് രൂപീകരിച്ചത്. അതിനാല്‍, ഗുരുവിനെ വെറുതെ വിട്ട് തന്‍റെ നാമധേയത്തില്‍ ഒരു ഈഴവസഭ ഉണ്ടാക്കുകയാകും നടേശന് കരണീയം.

ഈഴവനായ വി എം സുധീരനെ കെപിസിസി പ്രസിഡന്റ് ആക്കരുതെന്ന് സോണിയ ഗാന്ധിക്ക് കത്തയച്ച ശേഷമാണ് നടേശന്‍ ശംഖുമുത്ത് ഈഴവര്‍ക്കായി കണ്ണീര്‍ക്കടല്‍ ഒഴുക്കിയത്. സുധീരന്‍ പണ്ട് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ തോല്‍പിക്കാനായി വീടുതോറും കയറിയിറങ്ങി തേഞ്ഞ ചെരുപ്പ് ഇപ്പോഴും കണിച്ചുകുളങ്ങരയിലെ തൊടിയില്‍ തപ്പിയാല്‍ കിട്ടിയേക്കും. എന്തായാലും നടേശനെ ആലപ്പുഴയിലെ ഈഴവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് അവര്‍ പോളിംഗ്ബൂത്ത്‌ തുറന്നപ്പോള്‍ തന്നെ ക്യൂ നിന്ന് വോട്ട് ചെയ്തു. സുധീരന്‍റെ ഭൂരിപക്ഷം കൂടി.

14 പേരേ ജയിച്ചുള്ളൂ എങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഈഴവര്‍ മത്സരിച്ചിരുന്നു. അവര്‍ക്കെല്ലാം പിന്തുണ കൊടുത്തിരുന്നോ എന്നുകൂടി നടേശന്‍ വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

ഒരു ‘കലാഹൃദയ’മുണ്ട് എന്നതാണ് നടേശനില്‍നിന്ന് സുകുമാരന്‍ നായരെ വ്യത്യസ്തനാക്കുന്നത്. ‘സുകുമാരകല’കളോടാണ് താല്‍പര്യം. സമുദായസ്നേഹത്തിന്‍റെ അസ്കിത കാരണം ഉറക്കംപോലും കിട്ടുന്നില്ല. ആ സമയത്ത് എണീറ്റ് രാമനാമം ജപിച്ചിട്ട് വീണ്ടും ഉറങ്ങുകയാണ്‌ പതിവ്.

എയര്‍ ഇന്ത്യയിലായിരുന്നു ആദ്യം ജോലി. പേര് കേട്ടപ്പോള്‍ നായന്മാരുടെ വിമാനക്കമ്പനിയാണ് എന്ന് തെറ്റിദ്ധരിച്ചാണ് അവിടെ ചേര്‍ന്നത്‌. അറിഞ്ഞ നിമിഷം ജോലി ഉപേക്ഷിച്ച് എന്‍എസ്എസില്‍ ക്ലര്‍ക്കായി കയറി. എന്തൊരു മണ്ടനെന്ന് പരിഹസിച്ചവരാണ് അന്ന് അധികവും. പക്ഷേ, വെച്ചടിവെച്ചടിയായിരുന്നു കയറ്റം. വെള്ളത്തിന്‍റെ ആഴമറിഞ്ഞിട്ടല്ലേ നായര് മുണ്ട് മടക്കിക്കുത്തൂ.

മലപ്പുറത്ത്‌ ലീഗ് ജയിക്കണമെങ്കില്‍ പോലും ഇവിടെ പെരുന്നയില്‍ സുകുമാരന്‍ നായര്‍ തീരുമാനിക്കണം. കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും സുകുമാരാജ്ഞ ശിരസാവഹിക്കാന്‍ നായര്‍ ചാവേറുകള്‍ കാത്തിരിക്കുകയാണെന്നാണ് മുഖമാസികയായ സര്‍വീസ് പറയുന്നത്. പെരുന്ന ഉള്‍പ്പെടുന്ന ചങ്ങനാശ്ശേരിയില്‍ നിന്ന് സി എഫ് തോമസ്‌ നായര്‍ പത്തുമുപ്പതു കൊല്ലമായി ജയിക്കുന്നത് കണ്ടിട്ടും എന്‍എസ്എസിന്‍റെ ശക്തിയില്‍ സംശയിക്കുന്നവരെ എന്ത് പറയാന്‍.

പക്ഷേ നായന്മാരുടെ കൂട്ടത്തില്‍ ബ്രാഹ്മണനാണ് സുകുമാരന്‍ നായര്‍. മറ്റുള്ളവരെല്ലാം തന്നെക്കാള്‍ ഒരുപടി താഴെ. അത് രമേശ്‌ ചെന്നിത്തലയോ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ ശശി തരൂരോ, കെ സി വേണുഗോപാലോ വൈക്കം വിശ്വനോ ആയാലും ശരി. നായന്മാരോട് പുച്ഛമാണെങ്കിലും പി ജെ കുര്യന് അടുക്കളയിലാണ് ഊണ്. സൂര്യനെല്ലിക്കേസില്‍ കുര്യന് വേണ്ടി സുകുമാരന്‍ നായര്‍ നിരത്തിയ വാദമുഖങ്ങള്‍ കണ്ട് കുര്യന്‍റെ വക്കീല്‍പോലും കണ്ണുതള്ളിയിട്ടുണ്ടാകും.

നായന്മാര് കഷ്ടപ്പെടുന്നത് കണ്ടാല്‍ സുകുമാരന്‍ നായര്‍ക്ക്‌ സഹിക്കുകേല. അതുകൊണ്ടാണ് എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനം കിട്ടിയപ്പോള്‍ ആ ഭാരം മകള്‍തന്നെ സഹിക്കട്ടെ എന്നുവെച്ചത്. ബാക്കി നായര്‍ പെണ്ണുങ്ങള്‍ സമാധാനത്തോടെ വീട്ടിലിരിക്കട്ടെ.

അണാപൈസയ്ക്ക് കണക്കുള്ള സ്ഥാപനമാണ്‌ എന്‍എസ്എസ് എന്ന് അടുത്തിടെ നായര്‍ സംഗമത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞപ്പോള്‍ പെരുന്നയിലെ പുല്‍ക്കൊടികള്‍പോലും പുളകിതരായി. അസൂയക്കാര്‍ പലതും പറയട്ടെ. എന്‍എസ്എസ് കോളേജുകളിലും സ്കൂളുകളിലും അഞ്ച് നയാപൈസ കോഴ മേടിക്കാതെയാണ് അധ്യാപകരെയും മറ്റും നിയമിക്കുന്നത് എന്ന കാര്യം ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. അപേക്ഷിക്കുന്ന നായന്മാരെയെല്ലാം നിരത്തിനിര്‍ത്തി ആദ്യം വിശന്നു തലകറങ്ങി വീഴുന്നവര്‍ക്ക് ചുമ്മാ ജോലി കൊടുക്കുകയാണ് പണ്ടേയുള്ള രീതി.

ന്യൂനപക്ഷമെന്ന ഉമ്മാക്കി കാട്ടി, ഭൂരിപക്ഷവികാരം ഇളക്കി കേരളത്തെ തങ്ങളുടെ കാല്‍ക്കീഴിലാക്കാമെന്ന സുകുമാരന്‍ നായരുടെയും നടേശന്‍റെയും സ്വപ്നമാണ് ശംഖുമുഖം കടപ്പുറത്ത് തട്ടിത്തൂകിയത്. സാമ്പത്തികസംവരണത്തിനായി വാദിക്കുന്ന എന്‍എസ്എസും സാമുദായികസംവരണം വേണമെന്ന് പറയുന്ന എസ്എന്‍ഡിപിയും എത്രനാള്‍ ഒരു പാത്രത്തില്‍ കഞ്ഞികുടിക്കും എന്ന കാര്യത്തില്‍ മാത്രമേ ആദ്യം മുതല്‍ സംശയം ഉണ്ടായിരുന്നുള്ളൂ. തങ്ങളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി കേരളീയസമൂഹത്തില്‍ സുകുമാരന്‍ നായരും നടേശനും നഞ്ച് കലക്കുമ്പോള്‍ അവര്‍ മറന്നുപോകുന്ന ഒന്നുണ്ട്. ജാതിചിന്തക്കെതിരെ പോരാടിയ മഹാനുഭാവന്മാരാണ് ശ്രീനാരായണ ഗുരുവും മന്നത്ത് പദ്മനാഭനും. കുമാരനാശാനെപ്പോലുള്ളവര്‍ നയിച്ച പ്രസ്ഥാനമാണ്  എസ്.എന്‍.ഡി.പി. കെ കേളപ്പനെപ്പോലുള്ളവരുടെ നായകത്വം അവകാശപ്പെടാനുണ്ടായിരുന്ന സംഘടനയാണ് എന്‍എസ്എസ്. അവരുടെ ആശയങ്ങളെയും ഓര്‍മകളെയും അവഹേളിക്കാതിരിക്കാനുള്ള ഔചിത്യമെങ്കിലും പിന്നാലെ വരുന്നവരില്‍നിന്ന് കേരളം പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply