jio 800x100
jio 800x100
728-pixel-x-90
<< >>

നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചു അനധികൃതമായി പ്രവർത്തിക്കുന്ന “ലക്കി ചിക്കൻ സെന്റർ”

പൂതക്കുളം:വാറുവിള ഭാഗത്തെ ഒരു കൂട്ടം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് കൊണ്ട് പ്രദേശവാസികളുടെ സ്വൈര്യ ജീവിതത്തിനു  ഭംഗം സൃഷ്ടിക്കുകയാണ് ഒരു  ചിക്കൻ സെന്റർ.തിലകൻ എന്നയാളുടെ വീടും പറമ്പും വാടകയ്‌ക്കെടുത്തതാണ് ലക്കി ചിക്കൻ സെന്റർ എന്ന പേരിൽ ഇറച്ചിക്കോഴി വ്യാപാര കേന്ദ്രം അനധികൃതമായി പ്രവർത്തിക്കുന്നത്.ഇറച്ചിക്കോഴികളുടെ മാലിന്യ കൂമ്പാരം ദുർഗന്ധം വമിപ്പിക്കുകയും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തതോടെ സമീപ വാസിയായ ഷിജി കോട്ടേജിലെ വിജയൻ എന്നയാളാണ് പഞ്ചായത്തിനും ആരോഗ്യവകുപ്പിനും ആദ്യമായി പരാതി നൽകിയത്.തുടർന്നു ആരോഗ്യ വകുപ്പ് അധികൃതർ ലക്കി ചിക്കൻ സെന്റർ യാതൊരു ലൈസൻസുമില്ലാതെ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട്  പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയെങ്കിലും പ്രസ്തുത ചിക്കൻ സെന്റർ അടച്ചു പൂട്ടാൻ നടപടിയെടുത്തില്ല.പകരം മാലിന്യ നിർമ്മാർജ്ജനവും ഇറച്ചികോഴികളെ കൊല്ലുന്നതും പറമ്പിലെ മറ്റൊരു ഭാഗത്തേക്ക് മാറ്റിയുള്ള ഒരു ഒത്തുതീർപ്പിനാണ് അധികൃതരും ഒത്താശ ചെയ്തത്.അതിന്റെ തിക്ത ഫലമാണ് ഇപ്പോൾ സമീപവാസികളായ കെടാകുളം കെ കെ സദനത്തിൽ പുഷ്പമണി ‘അമ്മ,കെടാകുളം പുതുവൽ വീട്ടിൽ ബേബി തുടങ്ങിയവരുടെ വീടുകളിലെ കുടിവെള്ള  കിണറുകളിൽ മാലിന്യം കലരുന്ന  നിലയിലേക്ക് കാര്യങ്ങൾ വഷളാക്കിയത്.

ലക്കി ചിക്കൻ സെന്റർ ആദ്യ പരാതിയെത്തുടർന്ന് സമീപ സ്‌ഥലങ്ങളിലെ ജലവിതാനത്തിനു ഏറെക്കുറെ സമാനമായി വളരെ ആഴത്തിൽ ഒരു കുഴി നിർമ്മിക്കുകയും പ്രസ്തുത കുഴിയിൽ ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങളും മാലിന്യങ്ങളും മറ്റും നിറയ്ക്കുകയുമുണ്ടായി.പിന്നാലെയുണ്ടായ മഴയെത്തുടർന്ന് കുഴിയിൽ പെയ്‌തുവെള്ളം നിറഞ്ഞതോടെ ഈ മാലിന്യകുഴിയിൽ നിന്നും സമീപ പ്രദേശങ്ങളിലെ കുടിവെള്ളകിണറുകളിലേക്ക് ദുർഗന്ധപൂരിതവും രോഗാ ണുക്കൾ നിറഞ്ഞതുമായ മലിന ജലം ഒഴുകിയെത്തുകയും ചെയ്തു.തലമുറകളായി ഉപയോഗിച്ച് വന്ന ശുദ്ധജല സ്രോതസ്സുകൾ ഉപയോഗശൂന്യമായതോടെ പൃഷ്പമണിയും  ബേബിയും ആരോഗ്യവകുപ്പിനും കേരളാ ജല അതോറിറ്റിക്കും (KWA ) മറ്റും പരാതി നൽകുകയും ചെയ്തു.ഇതിനെത്തുടർന്ന് ജല അതോറിറ്റി മാലിന്യം കലർന്ന കിണറുകളിലെ ജല സാമ്പിളുകൾ ശേഖരിക്കുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ജലം കുടിവെള്ളമായോ ഇതര ഗാർഹിക ആവശ്യങ്ങൾക്കോ ഉപയുക്തമല്ല എന്ന റിപ്പോർട്ട് നൽകുകയും ചെയ്തു.എന്നിട്ടും ലക്കി ചിക്കൻ സെന്റർ നിർബാധം പ്രവർത്തനം തുടർന്നു.കൂടാതെ ആഴത്തിലുള്ള മാലിന്യക്കുഴി സിമന്റ് കോൺക്രീറ്റ് കൊണ്ട് നിറച്ചു തങ്ങൾ ചെയ്ത അപരാധം മറയ്ക്കാനും ചിക്കൻ സെന്റർ ഉടമ ശ്രമിക്കുകയുണ്ടായി.

ജനരോഷമുയരും എന്ന ഘട്ടത്തിൽ മറ്റ് ഗത്യന്തരമില്ലാതെ പഞ്ചായത്ത് അധികൃതർ ഇന്നലെ “അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന” ലക്കി  ചിക്കൻ സെന്ററിന്റെ പ്രവർത്തനം  താൽക്കാലികമായി നിർത്തി വയ്ക്കാൻ ചിക്കൻ സെന്റർ ഉടമയ്ക്ക് നോട്ടീസ് നൽകിയതായി അറിയുന്നു.ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അധികൃതരുടെ ശ്രമമായാണ് വൈകിയ വേളയിലുള്ള  ഈ  നാട്ടുകാർ നോക്കിക്കാണുന്നത്. ലൈസൻസ് ഇല്ലാത്ത ഒരു സ്‌ഥാപനം , അതും ഒരു ഇറച്ചിക്കോഴി വിപണന കേന്ദ്രം, തങ്ങളുടെ മൂക്കിന് കീഴിൽ ജനസാന്ദ്രതയേറിയ ഒരു പ്രദേശത്ത് പ്രവർത്തിക്കാൻ മൗനാനുവാദം നൽകിയ അധികാരികളാണ് തങ്ങളുടെ കുടിവെള്ളം മുട്ടിക്കുവാൻ ഇട വരുത്തിയതെന്നു തദ്ദേശവാസികൾ ആക്ഷേപമുയർത്തുന്നു.ആദ്യ പരാതി ലഭിച്ചപ്പോൾ തന്നെ സത്വര നടപടികൾ ഉണ്ടായിരുന്നുവെങ്കിൽ ശുദ്ധ ജലം ഒരു അമൂല്യവും ദുർല്ലഭവുമായ വസ്തുവായി മാറിയ ഇക്കാലത്തു ഇത്തരമൊരു ദുരവസ്‌ഥ കെടാകുളം–വാറുവിളഭാഗം   നിവാസികൾക്കുണ്ടാവുമായിരുന്നില്ല.

കേരളത്തിൽ വിവിധ ഭാഗങ്ങളിൽ ഇത്തരം ഇറച്ചിക്കോഴി വ്യാപാര കേന്ദ്രങ്ങൾ യാതൊരു ലൈസൻസുമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്. വൈറസ്,ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മ ജീവികളുടെ ആക്രമണത്തിൽ ലോകവും ഇന്ത്യയും ഒപ്പം നമ്മുടെ കേരളവും വിറകൊള്ളുന്ന ഈ കോവിഡ് കാലത്ത് ഇത്തരം അനധികൃത ഭക്ഷണ പദാർത്ഥ വിതരണ കേന്ദ്രങ്ങൾ യാതൊരു നിബന്ധനകളും പാലിക്കാതെ വിസർജ്യങ്ങളും മറ്റ്  അവശിഷ്ടങ്ങളും ഇതര മാലിന്യങ്ങളും ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യുവാനുള്ള സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവ അടിയന്തിരമായി അടച്ചു പൂട്ടാനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതാണ്.അല്ലെങ്കിൽ നമ്മുടെ ജീവന്റെ വില തന്നെ നൽകേണ്ടി വരും.ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യം നമുക്ക് പറയാനുള്ളതല്ല,നടപ്പിലാകാനുള്ളതാണ്.

INDIANEWS24 KOLLAM DESK

 

Leave a Reply