728-pixel-x-90-2-learn
728-pixel-x-90
<< >>

നസ്രിയ നിറയുന്ന ഓശാന

മഞ്ജു വാര്യരുടെ മടങ്ങിവരവിനായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നവരോട് ഒരു വാക്ക്. ഇതാ നസ്രിയ… ഇനി മലയാളത്തിൽ പ്രതിഭയുള്ള നായികമാരില്ല എന്നാരും പരിഭവം പറയരുത്. കുസൃതിയും കൗതുകവും നിറഞ്ഞ അഭിനയചാരുതയോടെ  ഓം ശാന്തി ഓശാനയിൽ നസ്രിയ നിറയുകയാണ്. മലയാളത്തിൽ വീണ്ടും ഒരു നായികാ പ്രധാന്യമുള്ള ചിത്രം. നായികാപ്രധാന്യം എന്നൊക്കെ കേൾക്കുമ്പോൾ സ്ത്രീശാക്തീകരണം എന്നൊക്കെ ആരെങ്കിലും ധരിച്ചു പോയിട്ടുണ്ടെങ്കിൽ ദയവായി ക്ഷമിക്കുക. തുടക്കം മുതൽ ഒടുക്കം വരെ മനസ്സിൽ പുഞ്ചിരിയുടേയും പൊട്ടിച്ചിരിയുടേയും ഓശാനപ്പാട്ടുമായാണ് സംവിധായകൻ ജൂഡ് അന്തോണി ജോസഫ് ഓം ശാന്തി ഓശാന അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഒരു പാടു പറഞ്ഞു കേട്ട ഒരു പ്രണയകഥയെ ഇത്ര പുതുമയോടെ അവതരിപ്പിച്ചതിൽ സംവിധായകൻ കാണിച്ച മിടുക്ക് അഭിനന്ദനാർഹം തന്നെ.  തുടക്കം മുതൽ ഒടുക്കം വരെ നസ്രിയ നിറഞ്ഞു നിൽക്കുന്ന ചിത്രത്തിൽ യുവ നടൻ നിവിൻ പോളിയും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്.  പൂജ  ഇത്തിരി ആണത്തമുള്ള പെൺകുട്ടിയാണ്.   ലൈസൻസെടുക്കാനുള്ള പ്രായമാകും മുമ്പേ അച്ഛനോടു വഴക്കിട്ട് മോട്ടോർ സൈക്കിൾ വാങ്ങിയ ആളാണ് കക്ഷി. സ്കൂൾ ജീവിതത്തിനിടയിൽ  അവളൊരു കടുത്ത തീരുമാനമെടുത്തു. പ്രേമിച്ചേ കല്യാണം കഴിക്കൂ. അങ്ങിനെ പ്രേമിക്കാൻ ആളെ നോക്കി നടക്കുന്ന പൂജയുടെ ജീവിതത്തിലേക്ക്  ഗിരി എന്ന ചെറുപ്പക്കാരന്‍ കടന്നുവരുന്നതും പിന്നീട് ഇരുവരുടെയും ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നതും നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് സംവിധായകനും  തിരക്കഥ ഒരുക്കിയ മിഥുൻ മാനുവലും.

മലയാളത്തിലെ പ്രശസ്തരായ മൂന്നു സംവിധായകർ ഈ സിനിമയിൽ അഭിനേതാക്കളാകുന്നു എന്ന പ്രത്യേകതയും  ചിത്രത്തിനുണ്ട്.  പൂജയുടെ അച്ഛനായ മത്തായി ഡോക്ടറായി രൺജി പണിക്കരും കോളേജ് അധ്യാപകനായ ഡോ. പ്രസാദ് വർക്കിയായി വിനീത് ശ്രീനിവാസനും സാഹിത്യകാരന്‍ ജേക്കബ് തരകനായി  ലാൽ ജോസും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. ഷാൻ റഹ്മാന്റെ  സംഗീതവും ചിത്രത്തിനു പുതുമ നൽകുന്നു.  കാഴ്ചക്കാരെ ചിരിപ്പിക്കുന്നതിൽ അജു വർഗീസിന്റെ കാഞ്ഞാണി എന്ന കഥാപാത്രവും വിജയിച്ചിട്ടുണ്ട്.
പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കഥയിൽ നിന്ന് പുതുമയുള്ള ട്രീറ്റ്മെന്റു കൊണ്ടും  ഇഴച്ചിലില്ലാത്ത ആഖ്യാനമികവുകൊണ്ടും  രസിപ്പിക്കുന്ന ഒരു സിനിമ സമ്മാനിക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. സിനിമയിലെ ചിരി തീയേറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിലേക്ക് പകരുവാൻ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് കഴിഞ്ഞിട്ടുണ്ട്. ഈ നസ്രിയചിത്രത്തിന്‍റെ വിജയരഹസ്യവും അതുതന്നെയാണ്.

RANJITH VISWAM -INDIANEWS

Leave a Reply