ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് പൊതുഖജനാവില്‍ നിന്ന് ചെലവായ തുക ഏതാണ്ട് 3500 കോടി രൂപയാണ്. സുരക്ഷാസംവിധാനങ്ങള്‍ക്ക് ചെലവായതും രാഷ്ട്രീയപാര്‍ട്ടികള്‍ പൊടിച്ചതും ചേര്‍ത്താല്‍ ഇത് പല മടങ്ങാകും. എന്തിനാണ് ഈ ദുര്‍ച്ചെലവ്. ഇതിന്റെ നാലിലൊന്ന് തുക നാട്ടിലെ മാധ്യമങ്ങള്‍ക്ക് വീതിച്ചുനല്കുക. വോട്ടെടുപ്പും വോട്ടെണ്ണലും ഇല്ലാതെതന്നെ രാജ്യം ആര് ഭരിക്കണമെന്ന് പ്രവചിക്കാനുള്ള അദ്ഭുതസിദ്ധി നമ്മുടെ മാധ്യമങ്ങള്ക്കുള്ളപ്പോള്.
സിഎന്‍എന്നും എന്‍ഡി ടിവിയും പോലുള്ള വമ്പന്മാര്ക്കു മാത്രമല്ല, അച്ചടിമഷി വാങ്ങാന്‍ പണമില്ലാത്ത തുക്കടാപത്രങ്ങള്ക്ക് പോലുമുണ്ട് അതീന്ദ്രിയജ്ഞാനം. ജനം മനസ്സില്‍ കാണുന്നത് അവര്‍ അച്ചടിയന്ത്രത്തില് കാണും. വോട്ട് ചെയ്ത ജനം വേവലാതിപ്പെട്ട് നെഞ്ചും തിരുമ്മി വോട്ടെണ്ണല്‍ ദിനം കാത്തിരിക്കുമ്പോള്‍ ‘ഇതാ പിടിച്ചോടെ റിസള്‍ട്ട്’ എന്ന് പറഞ്ഞ് എക്സിറ്റ് പോള്‍ ഫലം അവന്റെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പും. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ ഫലത്തിന് മാധ്യമജ്യോതിഷകേസരികള് നടത്തിയ എക്സിറ്റ്പോള്‍ ഫലവുമായി എന്തെങ്കിലും സാമ്യമുണ്ടാകുമോ എന്നത് മറ്റൊരു കാര്യം. എന്തായാലും പ്രീപോള്‍ പ്രവചനമോ എക്സിറ്റ്പോള്‍ പ്രവചനമോ തെറ്റിപ്പോയതിന്റെ പേരില്‍ ഇന്നുവരെ ഒരു മാധ്യമവും അതിന്റെ വായനക്കാരോട് മാപ്പ് പറഞ്ഞിട്ടില്ല. അത് ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയിലും അങ്ങനെതന്നെ. ആശാന് പിഴച്ചാല്‍ എത്തമില്ല എന്നാണല്ലോ പ്രമാണം.
1948ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തോമസ് ഇ ഡിവേ തന്നെ അടുത്ത പ്രസിഡന്റ് എന്ന് വോട്ടെണ്ണുന്നതിന് മുമ്പ് മാധ്യമങ്ങള്‍ പ്രഖ്യാപിച്ചു. തോമസ് ഇ ഡിവേയ്ക്ക് നരേന്ദ്രമോഡിയെക്കാള്‍ വിവരം ഉള്ളതുകൊണ്ട് അങ്ങേര് പ്രതികരിച്ചില്ല. വോട്ടെണ്ണിയപ്പോള്‍ ജയിച്ചത് ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ഹാരി എസ് ട്രൂമാന്.
ഉള്ളത് പറഞ്ഞാല്‍ അന്നുകൊണ്ട് നിര്‍ത്തേണ്ടതാണ് ഈ എക്സിറ്റ്പോള്‍ തട്ടിപ്പ്. പക്ഷെ, പൊതുജനം എന്ന കഴുതയെ അങ്ങനെ വെറുതെവിടാന്‍ പറ്റുമോ. എക്സിറ്റ്പോള്‍ രോഗം അമേരിക്കയില്‍ നിന്ന് ലോകമാകെ പടര്‍ന്നുപിടിച്ചു. ആള്‍ക്കാര്‍ക്ക് ദൈവത്തെക്കാള്‍ വിശ്വാസം സാത്താനെ ആണല്ലോ. അതുകൊണ്ടാണല്ലോ രക്ഷകനായി ദൈവമുണ്ടായിട്ടും സാത്താനെ പേടിക്കുന്നത്.
അന്ധവിശ്വാസികളെന്ന ദുഷ്പേര് പണ്ടേ ഇന്ത്യക്കാര്‍ക്കുണ്ട്. ചീട്ടുകളിക്കുമ്പോള്‍ കാല്ക്കാശിന്റെ വിലയില്ലാത്ത രാജാവിനെ അമ്പലപ്പറമ്പിലെ ജ്യോതിഷക്കാരന്റെ തത്ത കൊത്തിയെടുത്താല്‍ താന്‍ ടിപ്പു സുല്‍ത്താനാകും എന്ന് വിശ്വസിക്കുന്നവനാണ് ഇന്ത്യക്കാരന്. അപ്പോള്‍പിന്നെ മാധ്യമമഹാജ്യോതിഷികള് കവടി നിരത്തിയാല്‍ പറയേണ്ടതുണ്ടോ.
അഴിമതി എന്നൊരു വകുപ്പ് ഉണ്ടാക്കി അതിന് മന്ത്രിയെ വെച്ചില്ല എന്നത് മാത്രമാണ് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ചെയ്ത ഏക നല്ല കാര്യം. ജനത്തിന് ഊണിലും ഉറക്കത്തിലും പറ്റാവുന്നത്ര പണികൊടുക്കുകയും ചെയ്തു. ഇത്രയേറെ സല്‍ഭരണം കാഴ്ചവെച്ചത് കൊണ്ട് പോളിംഗ് ബൂത്തില്‍ ജനം വാരിക്കുത്തുമെന്ന് നാല്പതു കഴിഞ്ഞിട്ടും മഞ്ഞ മാറിയിട്ടില്ലാത്ത രാഹുല്മോന് ഒഴികെ സകലര്‍ക്കും അറിയാം. അതുകൊണ്ട് ഇത്തവണ എല്ലാ എക്സിറ്റ് പോളന്മാരും ബിജെപിയുടെ കൂടെക്കൂടി. നരേന്ദ്രമോഡി കീ ജയ്, മോഡിയുടെ താടി കീ ജയ്….
മോഡി വരുകയോ വരാതിരിക്കുകയോ ചെയ്യട്ടെ. എക്സിറ്റ് പോള്‍ കണിയാന്മാര് കഴിഞ്ഞകാലം പ്രവചിച്ച കാര്യങ്ങളാണ് പ്രസക്തം. 1960ലായിരുന്നു ഇന്ത്യയില്‍ എക്സിറ്റ്പോള്‍ കവടിനിരത്തലിന്റെ തുടക്കം. അത് എട്ടുനിലയില്‍ പൊട്ടി. പിന്നീടിങ്ങോട്ട് ആശാന്മാര് ഗണിച്ചതില്‍ അല്പമെങ്കിലും ഒത്തുവന്നത് 1998ല്‍ മാത്രം.
ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ എടുത്താല്‍ 2004ല്‍ ബിജെപി സഖ്യം അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനം. ഔട്ട്ലുക്ക് 284ഉം ആജ്തക് 248ഉം എന്‍ഡി ടിവി 240ഉം സീ ടിവി 249ഉം സഹാറ 270ഉം സ്റ്റാര്‍ 269ഉം സീറ്റ് ബിജെപി മുന്നണിക്ക് നല്കി. പക്ഷെ, വോട്ടര്‍മാര്‍ അത്ര ഉദാരമനസ്കര്‍ അല്ലായിരുന്നു. അവര്‍ കാര്യങ്ങള്‍ 189ല്‍ ഒതുക്കി. 164 ഒതുങ്ങുമെന്ന് മഹാന്മാര് പ്രവചിച്ച സീറ്റില്‍ കോണ്‍ഗ്രസ് മുന്നണി 222 സീറ്റ് നേടുകയും അധികാരത്തിലെത്തുകയും ചെയ്തു.
2009ലും പ്രവാചകന്മാര്ക്കു തെറ്റി. കോണ്‍ഗ്രസ് മുന്നണി 200 കടക്കുമെന്ന് പ്രവചിച്ചത് എന്‍ഡി ടിവി മാത്രം. അവര്‍ കല്പിച്ചു നല്‍കിയത് 216 സീറ്റ്. പക്ഷെ, ഫലം വന്നപ്പോള്‍ 262. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കി.
പക്ഷെ വെച്ച കാല് പിന്നോട്ടെടുക്കാന്‍ മാധ്യമശിങ്കങ്ങള് തയ്യാറല്ല. ഇത്തവണയും തയ്യാറല്ല. പോയാലൊരു സര്‍വേ, കിട്ടിയാല്‍…..അതാണ് ലൈന്‍. വായ്ക്കു വരുന്നത് കോതയ്ക്ക് പാട്ട് എന്നതുപോലെ വെച്ചുതാങ്ങുകതന്നെ. അല്ലെങ്കില്‍ കേരളത്തില്‍ ബിജെപി നാല് സീറ്റ് വരെ നേടുമെന്ന് പറയണമെങ്കില്‍ അസാമാന്യ വിവരക്കേട് വേണം. ഈ പ്രവചനം നടത്തിയവനെ നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ ത്രിശൂലത്തില്‍ കുത്തി പെട്രോളൊഴിച്ച് കത്തിച്ചില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ. സിഎന്‍എന്‍-ഐബിഎന്‍ കണക്കു പ്രകാരം യുഡിഎഫിനു കിട്ടുന്ന കുറഞ്ഞ സീറ്റ് 12. എല്‍ഡിഎഫിന് കിട്ടുന്ന കൂടിയ സീറ്റ് 9. അങ്ങനെ വരുമ്പോള്‍ 12+9=21. കേരളത്തില്‍ 20 സീറ്റ് മാത്രമായതിനാല്‍ അധികം വന്ന ഒരു സീറ്റ് തമിഴ്നാട്ടില്‍ നിന്ന് സിഎന്‍എന്‍ വായ്പ മേടിക്കുമെന്ന് കരുതാം.
എന്തായാലും ഫലങ്ങള്‍ സര്വേക്കാര് പ്രവചിച്ച സ്ഥിതിക്ക് മാലയും പടക്കവും വേണ്ടവര്‍ അത് വാങ്ങി വെച്ചുകൊള്ളുക. ഒത്താല്‍ ഒത്തു. ഇല്ലെങ്കില്‍ നമുക്ക് അടുത്ത വിഷുവിന് പൊട്ടിക്കാം. നമ്മളോടാ കളി!