പെണ്ണിനെയും പാമ്പിനെയും നോവിക്കരുതെന്ന് ഒരു ചൈനീസ് പഴമൊഴിയുണ്ട്. കൊല്ലം എത്ര കഴിഞ്ഞാലും അവർ പ്രതികാരം ചെയ്യും.
എന്നുകരുതി ആരും പെണ്ണിനെ വഞ്ചിക്കുന്നില്ലെന്നാണോ? അല്ല. പക്ഷേ, അറിഞ്ഞോണ്ട് വേദനിപ്പിച്ചവനോട് ഒരിക്കലും ക്ഷമിക്കാൻ പെണ്ണിന് കഴിയില്ല. അത് നഗ്നസത്യമാണ്. അതുകൊണ്ടുതന്നെയാണ് പ്രണയിച്ചു പറ്റിച്ച ചിമ്പുവിനോട് ക്ഷമിക്കാൻ കഴിഞ്ഞിട്ടും നയൻതാരയ്ക്ക് പ്രഭുദേവയോടുള്ള കലി കുറയാത്തത്. തിരിച്ചുവരവ് ഗംഭീരമാക്കിയ നയൻ ഇപ്പോൾ ചിലമ്പരശന്റെ ജോഡിയായി അഭിനയിക്കുകയാണ്. ഇരുവരും വീണ്ടും ഒന്നിക്കുമെന്ന് വാർത്തകൾ വന്നെങ്കിലും ഒന്നിനും അധികം ആയുസുണ്ടായില്ല. എന്നാലും സെറ്റിലെ ഓരോ വിശേഷവും വാര്‍ത്തയാവുകയാണ്. ഇരുവരും ലൊക്കേഷനിൽ ചിരിച്ചാൽ വാർത്ത, തമാശകൾ പങ്കുവച്ചാൽ വാർത്ത, ഒന്നിച്ചിരിക്കുന്ന പടങ്ങൾക്ക് ലൈക്കുകളുടെ ബഹളമാണ്.
അതിനിടയിലാണ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മറ്റൊരു വാർത്ത എത്തിയത്.പ്രഭുദേവ സംവിധാനം ചെയ്യുന്ന ഹിന്ദിചിത്രത്തിൽ നയൻതാര നായികയാകുന്നു എന്നായിരുന്നു ആ വാര്‍ത്ത. ദൈവമേ പ്രഭുവിനോടും ഇവർക്ക് വിരോധമില്ലേ? ക്ഷമയുടെ അവതാരമാണോ അവരെന്നു വരെ ആരാധകർ ചിന്തിച്ചു. പ്രൊഫഷനും സ്വകാര്യ ജീവിതവും രണ്ടാണെന്നാണ് നയൻസ് വിശദീകരണം നൽകിയിരുന്നത്. അത് നയൻസ്-പ്രഭുദേവയുടെ വിവാഹ വാർത്തകൾ വീണ്ടും സജീവമാകാൻ കാരണമായിരുന്നു. എന്നാൽ, ചിമ്പുവിനാണ് നറുക്കു വീണതെന്നും പറഞ്ഞുകേട്ടു. പ്രണയമുണ്ടായാൽ അത് തുറന്നു പറയാൻ ഒട്ടും മടിയുള്ള ആളല്ല നയൻതാര. അത് രണ്ടു തവണ നമ്മൾ കണ്ടതുമാണ്. പ്രണയത്തിൽ നിരാശയുണ്ടായപ്പോഴും അത് അവർ മറച്ചുവച്ചില്ല. അതുകൊണ്ടു തന്നെ താൻ പ്രഭുദേവ വർക്ക് ചെയ്യുന്ന ഒരു സിനിമയിലും അഭിനയിക്കില്ല എന്നവർ തീർത്തു പറയുമ്പോൾ ആ വാക്കുകൾ മുഖവിലയ്ക്കെടുത്തേ മതിയാകൂ.
തിരിച്ചുവരവിൽ രാജാറാണിയിൽ അഭിനയിക്കുമ്പോൾ ആര്യയുമായി പ്രണയത്തിലായെന്നും ഗോസിപ്പുണ്ടായിരുന്നു. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് ഇരുവരും പറഞ്ഞതോടെ ആ വാർത്തയുടെ ആയുസ് തീർന്നു. ഗ്ളാമറിന് പുതിയ അർത്ഥങ്ങൾ നൽകി താരറാണിയായി നിൽക്കുമ്പോഴാണ് വീട്ടമ്മയായി ഒതുങ്ങാൻ നയൻതാര തീരുമാനിച്ചത്. തിരിച്ചുവരവിൽ ആദ്യമൊന്ന് കാലിടറിയെങ്കിലും തിരക്കുള്ള താരമായി അവർ വേഗം മാറി. ഒടുവിൽ കാജൽ അഗർവാളിനെ വെട്ടി ഉദയനിധി സ്റ്റാലിന്റെ പുതിയ പടത്തിൽ നയൻതാര നായികയായി. കഥ വായിക്കാനിടയായ നയൻ അഭിനയിക്കാനുള്ള താത്പര്യം സംവിധായകൻ ജഗദീഷിനോട് പറയുകയായിരുന്നു. ഇത് കതിർവേലനിന് കാതൽ എന്ന ചിത്രത്തിനിടയിലാണ് നയൻ കഥ വായിച്ചത്. അതിലും ഉദയനിധിയായിരുന്നു നായകൻ. ജഗദീഷിന്റെ ആര്യ ചിത്രമായ ബോസ് എൻകിറ ഭാസ്കരനിൽ നായിക നയൻതാരയായിരുന്നു. ഇതും കാജലിന് പാരയായി. ഒപ്പം രണ്ട് തെലുങ്കു സിനിമകളിലും നയൻസ് ഒപ്പിട്ടു കഴിഞ്ഞു.
ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ ആരും പറയും, ഏയ് നയൻസ്,നീയാണ് പെണ്ണ്.
ASHAM INDIANEWS24