728-pixel-x-90-2-learn
728-pixel-x-90
<< >>

നടന്‍….ജയറാം ബഹുമതികളുടെ സോപാനത്തിലേക്ക്… സ്വപാനം

കൊച്ചി : ജയറാം എന്ന താരത്തില്‍ നിന്നും നടനിലേക്കുള്ള ഒരു യാത്രയാണ് കമലിന്‍റെ “നടന്‍”.

കമലിന്‍റെ നടന്‍ എന്ന സിനിമയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടാകുന്നതെങ്കിലും ജയറാം , കെ പി എ സി ലളിത എന്നിവരുടെ പ്രകടനത്തെക്കുറിച്ച് ഏകകണ്ഠമായ അഭിപ്രായമാണ് ഏവര്‍ക്കും. ഇരുവരും ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ നിരവധി പുരസ്കാരങ്ങള്‍ നേടും എന്നത് നിസ്തര്‍ക്കമാണ്.

സിനിമ – ടെലിവിഷന്‍ താരങ്ങള്‍ പ്രശസ്തിയിലും പ്രതിഫലത്തിലും ഏറെ മുന്നില്‍ നില്‍ക്കുമ്പോള്‍ അതേ തൊഴില്‍ ചെയ്യുന്ന നാടകക്കാര്‍ തിരസ്കരിക്കപ്പെടുന്നതിന്‍റെ  വേദന നടനിലൂടെ കമല്‍ നമ്മെ അനുഭവിപ്പിക്കുന്നു. കോമഡിഷോകളിലും  ടിവി സീരിയലുകളിലും മുഴുകിയിരിക്കുന്ന മലയാള പ്രേക്ഷകര്‍ സിനിമ കാണുന്നതേ നന്നേ ചുരുങ്ങിയപ്പോള്‍ നാടകത്തിന്‍റെ  കാര്യം കൂടുതല്‍ പരുങ്ങലിലായി. ഈ ദുരവസ്ഥയിലും നാടകം ജീവിതമാര്‍ഗ്ഗമായി കാണുന്ന ഒരുപാട് പേരുണ്ട്. അവരുടെ ജീവിതങ്ങളിലേക്കും നാടകത്തിന്‍റെ  ഇപ്പോഴുത്തെ ദയനീയ അവസ്ഥയ്ക്കുള്ള പ്രശ്നപരിഹാരങ്ങളിലേയ്ക്കൂം തുറന്നു പിടിച്ച ക്യാമറക്കണ്ണാണു നടൻ എന്ന സിനിമ. പക്ഷെ ഇന്നും കൊല്ലം കാളിദാസ കലാകേന്ദ്രം പോലുള്ള നാടക സമിതികള്‍ സാങ്കേതിക തികവ് പ്രയോജനപ്പെടുത്തിക്കൊണ്ട് മികച്ച കലാസൃഷ്ടികള്‍ അവതരിപ്പിച്ചു വിജയിപ്പിക്കാറുണ്ട് എന്ന വസ്തുത സൗകര്യപൂര്‍വ്വം കമലും തിരക്കഥകൃത്ത് സുരേഷ് ബാബുവും മറന്നു എന്ന് കരുതാം. അതാവാം ഒരു പക്ഷെ ഈ ചിത്രത്തിനു ഏറ്റവും അനുയോജ്യമായ ” നാടകം ” എന്ന ടൈറ്റില്‍ അവര്‍ ഒഴിവാക്കി  ” നടന്‍” എന്ന ടൈറ്റില്‍ നല്‍കിയത്.

“നടന്‍” തീര്‍ച്ചയായും ഒരു നടന്‍റെ ജീവിതമാണ്, അതിന്‍റെ പ്രതിഫലനമാണ്. ഇത്രയ്ക്ക്  സൂക്ഷ്മമായി ഒരു നടന്‍റെ ജീവിതം അഭ്രപാളികളില്‍ രേഖപ്പെടുത്തിയത് ഷാജി എന്‍ കരുണിന്‍റെ വാനപ്രസ്ഥമാണ്. മോഹന്‍ലാല്‍ എന്ന നടന്‍റെ അതുല്യ പ്രകടനമായിരുന്നു ആ ചിത്രത്തിന്‍റെ ഹൈലൈറ്റ്. അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നല്‍കാന്‍ അവാര്‍ഡ്‌ കമ്മിറ്റിയ്ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.

നടന്‍ എന്ന ചിത്രം ജയറാമിന് ഇന്ത്യയിലെ മികച്ച നടനുള്ള പുരസ്കാരം ഒരു പക്ഷെ നേടിക്കൊടുത്തേക്കം.ഏതായാലും ഈ വര്‍ഷത്തെ മികച്ച നടനുള്ള  സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്ക്കാരം ഏറെക്കുറെ ജയറാമിന് ഉറപ്പിക്കാം. സ്വപാനം എന്ന ഷാജി എന്‍ കരുണ്‍ ചിത്രം കൂടി എത്തുമ്പോള്‍ മികച്ച നടനുള്ള ദേശീയ ബഹുമതിയും അദ്ദേഹത്തിന് കരഗതമാകും എന്ന് ഏറെക്കുറെ ഉറപ്പിക്കാം.

പത്മരാജന്‍ കണ്ടെത്തിയ ഈ  നടന് ഈ വര്‍ഷം ഒരു വഴിത്തിരിവാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ട ഈ വേളയിലെങ്കിലും മാറി ചിന്തിക്കാനും മികച്ച  പ്രൊജക്ടുകള്‍ക്കായി സ്വയം ഒരുങ്ങാനും ജയറാം തയ്യാറാകുന്നത് ശുഭോദര്‍ക്കമാണ്, മലയാള സിനിമയ്ക്കും അദ്ദേഹത്തിനും.

SANU INDIA NEWS

 

 

 

 

 

Leave a Reply