728-pixel-x-90-2-learn
728-pixel-x-90
<< >>

‘ദൈവ’ഹിതം ഡിയോനരൈന്‍ തടഞ്ഞു

മുംബൈ: വിടവാങ്ങല്‍ മത്സരത്തില്‍ സെഞ്ചുറിക്ക് 26 റണ്‍ അകലെ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ നരസിംഗ് ഡിയോനരൈന്‍ വീഴ്ത്തി. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാമിന്നിങ്ങ്സില്‍ 74 റണ്‍ നേടി സച്ചിന്‍ പുറത്ത്. ഇന്ത്യ മികച്ച ലീഡ് നേടിയതോടെ ഇത് സച്ചിന്‍റെ അവസാന ഇന്നിംഗ്സ് ആകാനാണ് സാധ്യത ഏറെയും.
ചേതേശ്വര്‍ പൂജാരയുടെയും രോഹിത് ശര്‍മയുടെയും സെഞ്ചുറികളുടെ കരുത്തില്‍ 495ല്‍ എത്തിയ ഇന്ത്യക്ക് 313 റണ്‍ ഒന്നാമിന്നിങ്ങ്സ് ലീഡ്. രണ്ടാം ബാറ്റിങ്ങില്‍ 43 റണ്ണിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ വിന്‍ഡീസ് ഇന്നിംഗ്സ് പരാജയത്തിലേക്ക് ചുവടുവെക്കുകയാണ്.
സച്ചിന്‍ സെഞ്ചുറിയുമായി വിടവാങ്ങുകയെന്ന പ്രാര്‍ത്ഥനയിലായിരുന്നു വാംഖടെ. ക്രിക്കറ്റിലെ ദൈവം ആ പ്രാര്‍ത്ഥന കേട്ടു എന്ന് തോന്നിക്കുന്നതായിരുന്നു രണ്ടാംദിനത്തിന്റെ ആദ്യ മണിക്കൂറുകള്‍. കരിയറിലെ 68-ആം അര്‍ദ്ധസെഞ്ചുറിയും പിന്നിട്ട് സച്ചിന്‍ നിലയുറപ്പിച്ചതോടെ മുള്‍മുനയിലായിരുന്നു ഗാലറി. പക്ഷേ, ഡിയോനരൈന്‍ എറിഞ്ഞ 48-ആം ഓവറിലെ അഞ്ചാമത്തെ പന്ത് ആ സ്വപ്നം തകര്‍ത്തു.സച്ചിന്‍റെ ബാറ്റില്‍നിന്ന് മൂളിപ്പറന്ന പന്ത് സ്ലിപ്പില്‍ ഡാരന്‍ സമ്മിയുടെ കൈകളില്‍ വിശ്രമിക്കുമ്പോള്‍ ക്രിക്കറ്റില്‍ ഒരു യുഗം അവസാനിക്കുകയായിരുന്നു. ലോകക്രിക്കറ്റിലെ എക്കാലത്തെയും മഹാനായ താരത്തിന്റെ വിക്കറ്റ് അവസാനം സ്വന്തമാക്കിയ ബൗളര്‍ എന്ന ബഹുമതി ഒരുപക്ഷെ ഇന്ത്യന്‍ വംശജന്‍ കൂടിയായ ഡിയോനരൈനു സ്വന്തം.
118 പന്തുകള്‍ നീണ്ടതായിരുന്നു സച്ചിന്‍റെ ഇന്നിംഗ്സ്. 12 ബൌണ്ടറികള്‍. കരിയറിലെ അവസാന ഇന്നിംഗ്സില്‍ പൂജ്യത്തിനു പുറത്തായ ഇതിഹാസതാരം ഡോണാള്‍ഡ് ബ്രാഡ്മാന്‍റെ ദുരന്തം ആവര്‍ത്തിക്കപ്പെട്ടില്ല. റണ്ണുറവ വറ്റാത്ത ബാറ്റുമായാണ് സച്ചിന്‍ ചരിത്രത്തിന്‍റെ സൗരയൂഥത്തിലേക്ക് വിടവാങ്ങുന്നത്. വിടവാങ്ങല്‍ മത്സരത്തില്‍ ഒരു ബാറ്റ്സ്മാന്‍റെ എക്കാലത്തെയും മികച്ച ഏഴാമത്തെ സ്കോറാണ് സച്ചിന്റെത്.
കരിയറിലെ അഞ്ചാമത്തെ സെഞ്ചുറി നേടിയ പൂജാരയും [113] അരങ്ങേറ്റം കുറിച്ച് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മൂന്നക്കം നേടിയ രോഹിതും [പുറത്താകാതെ 111] ഇന്ത്യയെ മികച്ച ടോട്ടലില്‍ എത്തിച്ചു.
രണ്ടാമിന്നിങ്ങ്സിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വിന്‍ഡീസിന് കാലിടരുകയാണ്‌. അശ്വിന്‍ രണ്ടും പ്രഗ്യാന്‍ ഓജ ഒന്നും വിക്കറ്റ് നേടി.

Leave a Reply