മുംബൈ: ഇനി വരാന്‍ പോകുന്നത് ക്രിക്കറ്റില്‍ ദൈവമില്ലാത്ത നാളുകള്‍. നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനോട് നടക്കുന്ന പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിക്കുകയാണെന്ന് ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന് ടെന്‍ടുല്‍ക്കര്‍ പ്രഖ്യാപിച്ചു. ഏകദിനത്തില്‍നിന്നും ട്വന്റി-20യില്‍നിന്നും നേരത്തെ വിരമിച്ച സച്ചിന് ഇതോടെ ക്രിക്കറ്റിന്റെ എല്ലാ കളിയിനങ്ങളില്നിന്നും പാഡ് അഴിക്കും.
ബിസിസിഐക്ക് നല്കിയ കത്തിലാണ് കാല് നൂറ്റാണ്ടോളം നീണ്ട ഇന്നിങ്ങ്സിനു വിരാമമിടുന്ന കാര്യം നാല്പതുകാരനായ സച്ചിന് വെളിപ്പെടുത്തിയത്. നവംബറില്‍ നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകള്‍ തന്റെ വിടവാങ്ങല്‍ പരമ്പര ആയിരിക്കുമെന്ന് സച്ചിന് പറഞ്ഞു. 200 ടെസ്റ്റ് കളിക്കുന്ന ആദ്യ താരമെന്ന മറ്റൊരു അപൂര്‍വബഹുമതി കൂടി സ്വന്തമാക്കിയാകും ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡും സ്വന്തം പേരിനോട് ചേര്‍ത്ത മഹാപ്രതിഭയുടെ പടിയിറക്കം.
നവംബര്‍ 14 മുതല്‍ 18 വരെയാണ് വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ്. വേദി നിശ്ചയിച്ചിട്ടില്ല.
ക്രിക്കറ്റ് കളിക്കാത്ത നാളുകളെക്കുറിച്ച് ആലോചിക്കാന്‍പോലും തനിക്കു കഴിയില്ലെന്ന് ബിസിസിഐക്ക് എഴുതിയ കത്തില്‍ സച്ചിന് പറയുന്നു. പതിനൊന്നു വയസു മുതല്‍ എന്റെ ജീവിതംതന്നെ ക്രിക്കറ്റായിരുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കുക എന്ന മനോഹരസ്വപ്നത്തിലായിരുന്നു ഇത്രനാളും ഞാന്‍. 24 വര്‍ഷം നീണ്ട കരിയറില്‍ പിന്തുണ നല്കിയ ബോര്‍ഡിനും ആരാധകര്‍ക്കും നന്ദി പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
ബ്രാഡ്മാന് ഒഴികെ മറ്റാര്‍ക്കും കിടപിടിക്കാന്‍ കഴിയാത്ത പ്രതിഭാപൂര്ണതയായ സച്ചിന് 1989 നവംബര്‍ 15ന് കറാച്ചിയില്‍ പാകിസ്ഥാനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീടുള്ളത് ക്രിക്കറ്റിനെ സ്വന്തം ജീവിതകഥയാക്കി മാറ്റിയെഴുതിയ മഹാപ്രയാണം. 198 ടെസ്റ്റില്‍ 51 സെഞ്ചുറി ഉള്‍പ്പെടെ 15837 റണ്‍. 463 ഏകദിനത്തില്‍ 49 സെഞ്ചുറി ഉള്‍പ്പെടെ 18,426 റണ്ണും അടിച്ചുകൂട്ടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറിയെന്ന അനുപമ നേട്ടവും ഈ നാല്പ്പതുകാരന് സ്വന്തം.