728-pixel-x-90-2-learn
728-pixel-x-90
<< >>

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിന്റെ പ്രധാന ആകര്‍ഷണം ലാലിസം അരങ്ങേറ്റം

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ലാലിസം മ്യൂസിക് ബാന്‍ഡിന്റെ അരങ്ങേറ്റം ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍.കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിന്റെ തുടക്കത്തിന് ലാലിസത്തിന്റെ സംഗീത വിരുന്നാണ് പ്രധാന ആകര്‍ഷണം.തിരുവനന്തപുരത്തെ കാര്യവട്ടം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിന്റെ അവസാന ഇനമായിരിക്കും ഒന്നര മണിക്കൂര്‍ നിണ്ടുനില്‍ക്കുന്ന പരിപാടി.

ഗെയിംസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള ബാന്‍ഡിന്റെ പ്രത്യേക സംഗീത പരിപാടിക്ക് ‘ലാലിസം-ഇന്ത്യ പാടുന്നു എന്നാണ് പേര്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലൂടെ ഒരു സംഗീത യാത്രയും ഇന്ത്യന്‍ സിനിമയിലെ മഹാരഥന്മാര്‍ക്കുള്ള സ്മരണാഞ്ജലിയുമാണ് പ്രമേയം.പ്രശസ്ത ഗായകരായ ഹരിഹരന്‍, ഉദിത്ത് നാരായണന്‍, അങ്കിത് തിവാരി, അല്‍ക യാഗ്നിക്, ഭൂമി ത്രിവേദി, കാര്‍ത്തിക്, എം.ജി. ശ്രീകുമാര്‍, സുജാത എന്നിവരും അണി നിരക്കും.

ലാലിസം മ്യൂസിക് ബാന്‍ഡിന്റെ അരങ്ങേറ്റത്തിന് പുറമെ ദേശീയ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 101 പേര്‍ അണിനിരക്കുന്ന തായമ്പക, കരുണാകരമൂര്‍ത്തിയുടെ തകില്‍ വാദനം, നടന്‍ വിനീത് നയിക്കുന്ന ‘വാര്‍ ക്രൈ എന്ന നൃത്താവിഷ്‌കാരം എന്നിവയുംഉണ്ടാകും.രതീഷ് വേഗയാണ് പരിപാടിയുടെ സംഗീത സംവിധായകന്‍. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി തനതു കേരളീയ കലാരൂപങ്ങളുടെ പ്രദര്‍ശനം 40 മിനിറ്റു നീണ്ടു നില്‍ക്കും.ടി കെ രാജീവ്കുമാറാണ് ദേശീയ ഗെയിംസ് ഉദ്ഘാടന, സമാപന പരിപാടികളുടെ ക്രിയേറ്റീവ് ഡയറക്ടര്‍. പ്രിയദര്‍ശനാണ് സെറിമണി കമ്മിറ്റി ചെയര്‍മാന്‍.ഈ മാസം 31നാണ് മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് തുടക്കം കുറിക്കുക.

INDIANEWS24 ART DESK

Leave a Reply