728-pixel-x-90-2-learn
728-pixel-x-90
<< >>

ദേശാഭിമാനിക്ക് സമീപത്തെ ബോംബേറ്: അറസ്റ്റ് വൈകുന്നു:

കൊച്ചി : ശനിയാഴ്ച വൈകിട്ട് ദേശാഭിമാനി റോഡിലെ അപ്പാര്‍ട്മെന്റിന് നേരെ  ബോംബെറിഞ്ഞ കേസില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നതായി പരാതി. സംഭവത്തില്‍ ആരെയും പിടികൂടാന്‍ പൊലീസിനു സാധിച്ചില്ല. ഇതിനിടെ ബോംബേറ് സംഘത്തിന്‍റേതെന്നു സംശയിക്കുന്ന ബൈക്ക് പൊലീസ് കണ്ടെടുത്തു.  മാമംഗലം മാങ്ങാട് ലെയിനില്‍ ഉപേക്ഷിച്ച നിലയിലാണു ബൈക്ക് കണ്ടെത്തിയത്. റോഡിനു കുറുകെ വച്ചിരിക്കുന്ന ബൈക്ക് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ സമീപത്തു നിന്നു രണ്ടു ബാഗുകളും കണ്ടെത്തി. ഒരു ബാഗില്‍ നിന്നു രക്തക്കറ പുരണ്ട ലുങ്കി കണ്ടെത്തിയിട്ടുണ്ട്.

കുപ്രസിദ്ധ ഗുണ്ടകളായ ഭായ് നസീറിന്‍റെയും മരട് അനീഷിന്‍റെയും സംഘങ്ങള്‍ തമ്മില്‍ വെള്ളിയാഴ്ച കോടതി വരാന്തയില്‍ തമ്മിലടിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണു ശനിയാഴ്ച ബോംബേറ് നടന്നത്. ഭായ് നസീറുമായി അടുപ്പമുള്ള രാജേഷിന്‍റെ താമസ സ്ഥലത്തേക്കാണു ബൈക്കിലെത്തിയ രണ്ടു പേര്‍ നാടന്‍ ബോംബെറിഞ്ഞത്. ബോംബ് ഏറില്‍ ആര്‍ക്കും പരിക്ക് പറ്റിയില്ല എങ്കിലും  റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിന്‍റെ ചില്ലു തകര്‍ന്നു.

തൃശൂര്‍ സ്വദേശിയായ യുവാവിന്‍റേതാണു ബൈക്ക് എന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ക്കു ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തു പരിശോധന നടത്തി. ബൈക്ക് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റി.

Leave a Reply