728-pixel-x-90-2-learn
728-pixel-x-90
<< >>

ദേശങ്ങളും അതിരുകളും കടന്ന് ഓണാഘോഷപൂര്‍വ്വം ഗള്‍ഫ് മലയാളികള്‍

ദുബായ്:സംഘടനകള്‍ക്ക് വിലക്കുള്ളതിനാല്‍ പ്രത്യേകിച്ച് ഒരു ബാനറിന്റെ തണലില്ലാത്തെ ഗള്‍ഫിലെ മലയാളികള്‍ തിരുവോണാഘോഷം പൊടിപൊടിച്ചു.ഏറെ കാലത്തിന് ശേഷം ഇവിടത്തെ പൊതുഅവധി ദിവസമായ വെള്ളിയാഴ്ച്ച ഓണമെത്തിയത് എല്ലാവര്‍ക്കും നാട്ടിലെന്ന പോലെ ഈ ഉത്സവം കൊണ്ടാടാനായി.മലയാളി കുടുംബങ്ങള്‍ പ്രായഭേദമന്യേ ഓണത്തിനായി ഒത്തുകൂടിയപ്പോള്‍ ദേശവും രാജ്യവും എല്ലാം മറന്ന് പലനാട്ടുകാരും മലയാളിയുടെ ദേശീയോത്സവത്തില്‍ പങ്കുചേര്‍ന്നു.

തങ്ങളാലാവും വിധം ഗംഭീരമായാണ് പ്രവാസി മലയാളികള്‍ ആഘോഷിച്ചത്. ഒന്നാം ഓണനാളായ വ്യാഴാഴ്ച തന്നെ ഓഫീസുകളിലും ലേബര്‍ ക്യാംപുകളിലും പൂക്കളമിട്ടും സദ്യയൊരുക്കിയും ആഘോഷം ആരംഭിച്ചിരുന്നു.കേരളീയ വസ്ത്രമണിഞ്ഞ സ്തീപുരുഷന്മാരും കുട്ടികളും പൂക്കളമൊരുക്കിയും വിഭവസമൃദ്ധമായ സദ്യയൊരുക്കിയും പാട്ടുപാടിയും നൃത്തമാടിയും ഓണം കൊണ്ടാടി.വേനലവധിക്ക് അടച്ച ഇവിടത്തെ വിദ്യാലയങ്ങള്‍ ഞായറാഴ്ച തുറക്കുമെന്നതിനാല്‍ ഗള്‍ഫിലെ മിക്ക കുടുംബങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി തിരിച്ചെത്തിയിരുന്നു. ഓണമാഘോഷിച്ച് വരുമ്പോള്‍ വിമാന ടിക്കറ്റിന് പൊള്ളുന്ന നിരക്കായതാണ് പലരേയും നേരത്തെ മടക്കയാത്രയ്ക്ക് പ്രേരിപ്പിച്ചത്.ഒട്ടേറെ പേര്‍ നാട്ടില്‍ നിന്ന്മാതാപിതാക്കളെയും ബന്ധുക്കളെയും ഇങ്ങോട്ട് കൊണ്ടുവന്ന് ആഘോഷം കെങ്കേമമാക്കി.

വ്യാഴാഴ്ച രാത്രി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.കേരളത്തില്‍ നിന്നെത്തിയ വാഴയിലയടക്കം സകലതും ആളുകള്‍ ഇവിടങ്ങളില്‍ നിന്ന് സ്വന്തമാക്കി.പൂക്കള്‍ തേടി പലരും പലയിടങ്ങളിലും കയറിയിറങ്ങി.ആവശ്യമായതെല്ലാം വാങ്ങിക്കൂട്ടാന്‍ വില നോക്കി ആരും പിശുക്ക് കാട്ടിയില്ല. ബാച്ചലര്‍മാര്‍ റസ്റ്റോറന്റില്‍ നിന്നും സദ്യ വാങ്ങുകയാണ് ചെയ്തത്.നാല് തരം പായസം അടങ്ങിയ സദ്യാവട്ടത്തിന് അമ്പത് ദിര്‍ഹം വരെ ഈടാക്കിയിരുന്നു.ആഘോഷങ്ങള്‍ക്ക് ശേഷം ഇവിടെ റിലീസ് ചെയ്ത മലയാള സിനിമയ്ക്കുവേണ്ടി നിരവധി പേര്‍ തിയേറ്ററുകളിലേക്ക് പാഞ്ഞു.

INDIANEWS24.COM Gulf Desk

Leave a Reply