728-pixel-x-90-2-learn
728-pixel-x-90
<< >>

ഉരിഞ്ഞത് ഇന്ത്യയുടെ ഉടുതുണി

1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായി എന്നാണ് വെയ്പ്പ്. പക്ഷേ ആറര പതിറ്റാണ്ടോളം പിന്നിട്ടിട്ടും ഇന്ത്യക്കാരന്റെ മനസില്‍നിന്ന് വെള്ളക്കാരനും അടിമബോധവും ഒഴിഞ്ഞുപോയിട്ടില്ലെന്ന് ആവര്‍ത്തിച്ച്‌ തെളിയിക്കുകയാണ് അമേരിക്കയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയുടെ അറസ്റ്റും അനുബന്ധ സംഭവവികാസങ്ങളും. തൊലിക്ക് വെളുത്ത നിറമുണ്ടെങ്കില്‍, അത് വെള്ളപ്പാണ്ട് വന്നിട്ടാണെങ്കിലും, അവനെ സായിപ്പ് എന്ന് കരുതി സല്യൂട്ടടിക്കാന്‍ കാത്തുനില്‍ക്കുകയാണ് ഇവിടത്തെ പ്രധാനമന്ത്രി പോലും.
വീട്ടുജോലിക്കാരിക്ക് നിയമപ്രകാരമുള്ള ശമ്പളം നല്‍കിയില്ല എന്ന കുറ്റമാരോപിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായ ദേവയാനി ഖോബ്രഗടെയെ ഡിസംബര്‍ 12നാണ് അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ദേവയാനി കുറ്റക്കാരി ആണോ അല്ലയോ, അറസ്റ്റ് ചെയ്യാന്‍ പാടുണ്ടായിരുന്നോ എന്ന കാര്യങ്ങളൊന്നും ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. അതൊക്കെ കോടതികള്‍ തീരുമാനിക്കട്ടെ.

പക്ഷേ, ഒരു രാജ്യത്തിന്‍റെ നയതന്ത്ര ഉദ്യോഗസ്ഥയെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്ത രീതി ആത്മാഭിമാനം അല്‍പമെങ്കിലും അവശേഷിക്കുന്ന ഒരു ഇന്ത്യക്കാരനും അംഗീകരിക്കാന്‍ കഴിയുന്നതല്ല. കുട്ടികളെ സ്കൂളില്‍ വിട്ട് തിരികെവരുന്ന വഴിയാണ്, കള്ളന്മാരെയോ കൊള്ളക്കാരെയോ തീവ്രവാദികളെയോ എന്നപോലെ ദേവയാനിയെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജയിലില്‍ കൊണ്ടുപോയ അവരെ തുണിയഴിച്ച് പരിശോധിക്കുകയും മയക്കുമരുന്നിന് അടിമകളായ പ്രതികളോടൊപ്പം സെല്ലില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഇതിനൊക്കെ എന്താടാ ഇത്ര ചോദിക്കാന്‍ എന്ന ധിക്കാരപരമായ നിലപാടാണ് സംഭവം വിവാദമായപ്പോഴും അമേരിക്കന്‍ അധികൃതര്‍ പുലര്‍ത്തുന്നത്.
ഈ അവസരത്തിലാണ്, രണ്ട് വര്‍ഷം മുമ്പ് കേരളത്തിന്‍റെ കടലില്‍ രണ്ട് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ട  ഇറ്റാലിയന്‍ നാവികരുടെ അറസ്റ്റ് ഓര്‍ത്തുപോകുന്നത്. അവര്‍ക്ക് താമസിക്കാന്‍ നക്ഷത്രഹോട്ടലുകള്‍. കുടിക്കാന്‍ ഇറ്റാലിയന്‍ വിസ്കി. തൊട്ടുകൂട്ടാന്‍ കുമരകം കരിമീന്‍. കോടതിയില്‍ എത്തുമ്പോള്‍ പോലും സൈനികവേഷം. പരിചരിക്കാന്‍ ഡിവൈഎസ്പി റാങ്കിലുള്ള പോലീസുകാര്‍. ഇന്ത്യക്കാരായ രണ്ടുപേരെ വെടിവെച്ചുകൊന്ന ലതോര്‍ മാസിമിലിയാനോയും സാല്‍വദോര്‍ ജിറോനും ഇന്ത്യന്‍ പോലീസുകാരുടെ മുഖത്തേക്ക് സിഗരറ്റ് വലിച്ച് പുക ഊതിവിട്ടപ്പോള്‍ നമ്മള്‍ കോള്‍മയിര്‍ക്കൊണ്ടു.

പണ്ട് വെള്ളക്കാരന്‍ ഉണ്ടാക്കിയാതാണല്ലോ ഇവിടത്തെ നിയമവും കോടതിയും. പ്രായമായ മാതാപിതാക്കള്‍ക്കോ പിച്ചവെച്ചിട്ടില്ലാത്ത കുഞ്ഞുങ്ങള്‍ക്കോ അസുഖം വന്നാല്‍പോലും നാട്ടുകാരനായ പ്രതിക്ക് പരോള്‍ നല്‍കാന്‍ നിയമത്തിന്‍റെ നൂലിഴ കീറുന്നവരാണല്ലോ ഇന്ത്യന്‍ കോടതികള്‍. പക്ഷേ, കൊലയാളികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ക്രിസ്മസ് ആഘോഷിക്കണമെന്ന് പറഞ്ഞപ്പോള്‍ ജഡ്ജി കണ്ണീര്‍വാര്‍ത്ത് പരോള്‍ പേപ്പറില്‍ ഒപ്പുവെച്ചു. ആഘോഷങ്ങള്‍ക്ക് ഹരംപകരാന്‍ മത്താപ്പൂവും ക്രിസ്മസ് കേക്കും സര്‍ക്കാര്‍ ചെലവില്‍ കൊടുത്തുവിടണമെന്ന് പറഞ്ഞില്ലെന്നു മാത്രം.
ഇതെഴുതുമ്പോഴും കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ദല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ രാജകീയമാണ് താമസിക്കുന്നത്. വധശിക്ഷ ലഭിക്കുന്ന കേസുകള്‍ ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്യില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പും നല്‍കിയിട്ടുണ്ട്. വധശിക്ഷ പോയിട്ട്, ഇവരെ ഒരു നൂറു എത്തമിടീക്കാന്‍ പോലും നമ്മുടെ സര്‍ക്കാരിനോ കോടതിക്കോ കഴിയില്ലെന്നതാണ് വാസ്തവം. മാസിമിലിയാനോയും ജിറോനും സര്‍ക്കാര്‍ കാറുകളുടെ അകമ്പടിയോടെ വിമാനത്താവളത്തിലേക്കും അവിടെനിന്ന് ഇറ്റലിയിലേക്കും പോകുന്നത് അധികം വൈകാതെ നമ്മള്‍ കാണും. പോകുന്ന പോക്കില്‍ അവര്‍ മന്‍മോഹന്‍ സിംഗിനിട്ട് രണ്ടെണ്ണം കൊടുത്താല്‍ നമ്മള്‍ ദേശീയദുഖാചരണം പ്രഖ്യാപിച്ചു പതാക പകുതി താഴ്ത്തിക്കെട്ടും. അത്രമാത്രം.

ഒരുതരത്തിലുള്ള പ്രത്യേക പരിരക്ഷയും അര്‍ഹിക്കാത്ത വെള്ളക്കാരായ രണ്ട് കൊലയാളികള്‍ ഇവിടെ സസുഖം വാഴുമ്പോള്‍ അമേരിക്കയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയെ തുണിയുരിയുകയും ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നത് യാദൃശ്ചികസംഭവമല്ല. ഭൂമിയുടെ ഉടമകള്‍ തങ്ങളാണെന്ന് അവരും അവരുടെ അടിമകളാണ് നമ്മളെന്നു നമ്മളും ഇപ്പോഴും ചിന്തിച്ചുപോരുന്നത്തിന്റെ പ്രതിഫലനമാണ് ഇതൊക്കെ. മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്ദുല്‍കലാമിനെപ്പോലും നേരത്തെ അമേരിക്കയില്‍ ദേഹപരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ നമ്മള്‍ കമാ എന്ന് മിണ്ടിയിട്ടില്ല. പിന്നെയല്ലേ ദേവയാനി.

നയതന്ത്ര ഉദ്യോഗസ്ഥയുടെ അറസ്റ്റിന്‍റെ പേരില്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ‘തിരിച്ചടികള്‍’ വെറും പൊറാട്ട് നാടകമല്ലാതെ മറ്റൊന്നല്ല. അല്ലെങ്കില്‍ എന്തിനാണ് പ്രതികരിക്കാന്‍ സംഭവം നടന്ന് ഒരാഴ്ചയോളം കാത്തിരിക്കേണ്ടിവന്നത്. ഉപതെരഞ്ഞെടുപ്പുകളില്‍ തോറ്റത്തിന്‍റെ ക്ഷീണം ദേശീയവികാരം ജ്വലിപ്പിച്ചു മറികടക്കാന്‍ കഴിയുമോ എന്ന രാഷ്ട്രീയപരീക്ഷണത്തിന് അപ്പുറം അതിന് വലിയ പ്രാധാന്യം കല്‍പിക്കേണ്ടതുമില്ല. അവഹേളിതയായ ഉദ്യോഗസ്ഥ തനിക്കുണ്ടായ ദുരനുഭവം ഇന്ത്യന്‍ മാധ്യമങ്ങളെ ഇമെയില്‍ വഴി അറിയിച്ചപ്പോള്‍ മാത്രമാണല്ലോ നമ്മുടെ പ്രധാനമന്ത്രി മൗനവ്രതത്തില്‍ നിന്ന് ഉണര്‍ന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് അവിടെനിന്ന് ഫോണില്‍ വിളിച്ചാല്‍ ഇവിടെ എഴുന്നേറ്റുനില്‍ക്കുന്ന ഭരണാധികാരികള്‍ നാട് ഭരിച്ചാല്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേ ഇരിക്കും.

അനുബന്ധവാര്‍ത്ത:

സ്വവര്‍ഗരതി: അമേരിക്കക്കാരെ ഇന്ത്യ അറസ്റ്റ്ചെയ്യുമോ?

[ഹോം പേജ് [HOME PAGE] കാണുക

 

Leave a Reply