728-pixel-x-90-2-learn
728-pixel-x-90
<< >>

ദേവയാനിയുടെ അറസ്റ്റ്: ഇന്ത്യ തിരിച്ചടിക്കുന്നു

ന്യൂഡല്‍ഹി: അമേരിക്കയിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി ഖോബ്രഗടയെ അറസ്റ്റ് ചെയ്യുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കുന്നു. രാജ്യത്തെ യുഎസ് എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കുമുള്ള എല്ലാ പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. അറസ്റ്റ് ചെയ്ത ദേവയാനിയെ തുണിയുരിഞ്ഞ് പരിശോധിക്കുകയും മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം ജയിലില്‍ അടച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പിന്നാലെയാണ് ഇന്ത്യശക്തമായ പ്രതികരണവുമായി രംഗത്തുവന്നത്. വീട്ടുവേലക്കാരിക്ക് നിയമപ്രകാരമുള്ള ശമ്പളം നല്‍കിയില്ല എന്ന കുറ്റം ചുമത്തിയാണ് ദേവയാനിയെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.
ഇന്ത്യയിലെ യു.എസ്. നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും എയര്‍പോര്‍ട്ട് പാസുകളും നയതന്ത്ര പരിരക്ഷ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളും ഉടന്‍ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ എംബസിക്ക് മുമ്പില്‍ സുരക്ഷയ്ക്കായി വെച്ചിരുന്ന ബാരിക്കേഡുകള്‍ ഡല്‍ഹി പോലീസ് നീക്കം ചെയ്തു
അമേരിക്കന്‍ കോണ്‍സുലേറ്റുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം, അമേരിക്കന്‍ ഉദ്യോഗസ്ഥര്‍  വീട്ടുജോലിക്കാര്‍ക്ക് നല്‍കുന്ന  ശമ്പളം തുടങ്ങിയവ അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മദ്യമടക്കം അമേരിക്കന്‍ എംബസിയുടെ എല്ലാ ഇറക്കുമതി ലൈസന്‍സും  റദ്ദാക്കി.

Leave a Reply