728-pixel-x-90-2-learn
728-pixel-x-90
<< >>

ദൃശ്യ വിരുന്നുമായി മോഹന്‍ലാല്‍ – ജീത്തു ജോസഫ്‌ : ചിത്രം മെഗാ ഹിറ്റിലേക്ക്

കൊച്ചി : നൂറ്റി മുപ്പതില്‍പ്പരം സ്റ്റേഷനുകളില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ – ജീത്തു ജോസഫ്‌ ടീമിന്‍റെ ദൃശ്യം കുടുംബ പ്രേക്ഷകര്‍ക്കും മോഹന്‍ലാല്‍ ആരാധകര്‍ക്കും ഒരു പോലെ ഇഷ്ടമാകുന്നു. 2013 ലെ ലാല്‍ ചിത്രങ്ങള്‍ വേണ്ടത്ര ജനപ്രീതി നേടാതിരുന്നതിന്‍റെ ക്ഷീണം തീര്‍ക്കുന്ന രീതിയിലാണ് ദൃശ്യം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു ക്ലീഷേ കുടുംബ ചിത്രമായി മാറുമായിരുന്ന ദൃശ്യത്തെ മികച്ച അവതരണത്തിലൂടെ ഒരു ദൃശ്യവിരുന്നാക്കി മാറ്റിയത് ജീത്തു ജോസഫ്‌ എന്ന സംവിധായകന്റെ മികവാണ്.

DRISHYAM – VISUALS CAN BE DECEIVING എന്ന ടാഗ് ലൈന്‍ പേറിയ ചിത്രത്തെ സംവിധായകന്‍റെ തന്നെ കെട്ടുറപ്പുള്ള തിരക്കഥ ഒട്ടൊന്നുമല്ല തുണച്ചത്. പതിയെ തുടങ്ങി കത്തിപ്പിടിക്കുന്ന രീതിയാണ് പൊതുവേ ജീത്തുവിന്‍റെ ചിത്രങ്ങള്‍ക്കുണ്ടയിരുന്നത്. യാതൊരു അവകാശവാദവുമില്ലാതെ വന്നു പ്രേക്ഷകനെ കീഴടക്കിയ ചിത്രങ്ങളാണ് മെമ്മറീസ്, മൈ ബോസ് , മമ്മി ആന്‍ഡ്‌ മീ തുടങ്ങിയവ. പക്ഷെ ദൃശ്യം പതിവില്‍ നിന്നും വിപരീതമായി ഗംഭീര ഇനിഷ്യല്‍ കളക്ഷനാണ് നേടിയത്. അതിനു ജീത്തുവിനെ സഹായിച്ചത് മലയാളത്തിന്റെ എക്കാലത്തെയും വിലപിടിപ്പുള്ള താരമായ മോഹന്‍ലാലിന്‍റെ സാന്നിധ്യമാണ്.

എന്തുകൊണ്ടാണ് മോഹന്‍ലാല്‍ ഈ മുപ്പത്തിയഞ്ചാം വര്‍ഷത്തിലും വിസ്മയമായി തുടരുന്നതെന്ന് കാണിച്ചു തരുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ദൃശ്യത്തെ സമ്പന്നമാക്കുന്നു. നാളിതു വരെ കാണാത്ത ചില ഭാവപ്രകടനങ്ങളുടെ പിന്‍ബലത്തോടെ 2013 ഒരു വിജയത്തോടെ അവസാനിപ്പിക്കാന്‍ ലാലിനായി. ഭ്രമരം, സ്പിരിറ്റ്‌ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള മോഹന്‍ലാലിന്‍റെ സൂപ്പര്‍ പെര്‍ഫോര്‍മന്‍സ് തന്നെയാണ് ദൃശ്യത്തിന്റെ ഹൈലൈറ്റ്.ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം മികച്ച സാറ്റലൈറ്റ് റേറ്റിന്‍റെയും ഗംഭീര ഇനിഷ്യല്‍ കളക്ഷന്‍റെയും സഹായത്തോടെ മുടക്കുമുതല്‍ തിരിച്ചു പിടിക്കും. അടുത്തകാലത്തായി വന്‍ വിജയങ്ങള്‍ ഇല്ലാതിരുന്ന ആശിര്‍വാദിനു ദൃശ്യം വന്‍ നേട്ടമാകും. കലാപരമായി വിലയിരുത്തിയാല്‍ ആശീര്‍വാദിന്റെ ബാനറില്‍ നിര്‍മ്മിച്ച ഏറ്റവും മികച്ച ചിത്രമാണ് ദൃശ്യം .

മോഹന്‍ലാല്‍ ജോര്‍ജ്കുട്ടി എന്ന “അത്ര” വിദ്യാഭ്യാസമില്ലാത്ത കര്‍ഷകനായി തിളങ്ങിയ ചിത്രത്തില്‍ നായികയായി എത്തിയ മീനയും തന്‍റെ വേഷം മികച്ചതാക്കി. നിരവധി ഹിറ്റ്‌ ചിത്രങ്ങളിലെ ജോഡിയായിരുന്ന മീനയും ലാലും ചന്ദ്രോത്സവം എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്നത് ദൃശ്യത്തിലാണ്. മോഹന്‍ലാലിന്‍റെ മക്കളായി അഭിനയിച്ച കുട്ടികള്‍ ജീവസുറ്റ പ്രകടനമാണ് കാഴ്ച വെച്ചത്. മലയാളത്തിലിന്നോളം ഇറങ്ങിയുട്ടുള്ളതില്‍ വച്ച്  ഏറ്റവും മികച്ച ഫാമിലി ത്രില്ലര്‍ ആണ് ദൃശ്യം. മികച്ച കാസ്റ്റിംഗ് ദൃശ്യത്തിന്‍റെ മികവു കൂട്ടി. കലാഭവന്‍ ഷാജോന്‍, സിദ്ദിക്ക്, ഇര്‍ഷാദ്, കുഞ്ചന്‍, ആശാ ശരത്,പി.ശ്രീകുമാര്‍  എന്നിവര്‍ തിളങ്ങിയ ദൃശ്യത്തിനു സുജിത് വാസുദേവന്റെ മികച്ച വിഷ്വലുകള്‍ ഏറെ മിഴിവേകി, ഒപ്പം അനില്‍ ജോണ്‍സണ്‍ – വിനു തോമസ്‌ ടീമിന്‍റെ സംഗീതവും. മികച്ച തിരക്കഥയുടെ പിന്‍ബലത്തില്‍ കയ്യടക്കത്തോടെ അവതരിപ്പിച്ചാല്‍ ഇനിയും ഒത്തിരി  വന്‍ വിജയങ്ങള്‍ സമ്മാനിക്കുവാന്‍ നമ്മുടെ സൂപ്പര്‍താരങ്ങള്‍ക്ക് കഴിയും എന്ന് അടിവരയിടുന്നു ജീത്തുവിന്റെ ദൃശ്യം.

SANU INDIA NEWS

 

Leave a Reply