തിരുവനന്തപുരം: കേരളത്തില്‍ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായം നല്‍കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നൽകാനാണ് കേരള സര്‍ക്കാരിന്റെ തീരുമാനം.മഴക്കെടുതി ദുരിതാശ്വാസ സഹായം കുറ്റമറ്റ രീതിയിൽ എല്ലാവരിലേക്കും എത്തിക്കാനായി ദുരിതബാധിതരുടെപട്ടിക അടിയന്തരമായി തയ്യാറാക്കാൻ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ പ്രളയകാലത്തെ അതേ ദുരിതാശ്വാസ പാക്കേജാണ് സര്‍ക്കാര്‍ ഇത്തവണയും മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇതിലുള്ള പ്രധാന വ്യത്യാസം വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്ന് പട്ടിക തയ്യാറാക്കുന്നു എന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കുന്ന പട്ടിക ആദ്യം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. അതിൽ ആക്ഷേപം ഉണ്ടെങ്കിൽ അത് അറിയിക്കാൻ സംവിധാനം ഉണ്ടായിരിക്കും . അത്തരം ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക.

നാശനഷ്ടങ്ങളുണ്ടായ വില്ലേജുകളെ പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും. ദുരന്ത നിവാരണ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് പ്രദേശങ്ങളെ തരംതിരിക്കാൻ ദുരന്ത നിവാരണ സമിതിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രകൃതി ദുരന്ത സാധ്യത കണക്കാക്കി മുന്നറിയിപ്പ് അനുസരിച്ച് സര്‍ക്കാര്‍ അംഗീകൃത ദുരിതാശ്വാസ ക്യാന്പിലുള്ളവരെയും ദുരന്തബാധിതരായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.