728-pixel-x-90-2-learn
728-pixel-x-90
<< >>

ദുരിതപൂര്‍ണം ഈ ക്രിസ്മസ് ദിനം

 

ടൊറന്റോ: മെഴുകുപ്രതിമകള്‍ പോലെ ഐസ് മൂടി തലകുനിച്ചു നില്‍ക്കുന്ന മരങ്ങള്‍. ഞരമ്പിലെ രക്തംപോലും കട്ടപിടിക്കുന്നത്ര കൊടുംതണുപ്പ്. വെളിച്ചവും വെള്ളവുമില്ല. കാനഡയില്‍ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ക്ക് ഈ ക്രിസ്മസ് ദുരിതപൂര്‍ണമായി.

ശനിയാഴ്ച ഉണ്ടായ മഞ്ഞുമഴയിലും ഹിമപാതത്തിലും വൈദ്യുതിബന്ധങ്ങള്‍ താറുമാറായ കാനഡ ഇതുവരെ സാധാരണ നിലയിലേക്ക് തിരികെവന്നിട്ടില്ല. ടൊറന്റോ നഗരത്തില്‍ മാത്രം മൂന്നര ലക്ഷത്തോളം പേരാണ് ഇരുട്ടിലായത്. ഹൈഡ്രോ കാനഡ ജീവനക്കാര്‍ രാപകല്‍ അദ്ധ്വാനിച്ചിട്ടും 80000ലേറെപ്പേര്‍ക്ക് ഇപ്പോഴും വൈദ്യുതിബന്ധം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. വൈദ്യുതിയെ ആശ്രയിച്ചാണ്‌ കാനഡ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ വൈദ്യുതിബന്ധം ഇല്ലാതായാല്‍ ജീവിതം നിശ്ചലമാകും. തണുപ്പിനെ ചെറുക്കാന്‍ കെട്ടിടങ്ങളിലുള്ള ഹീറ്റിംഗ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കില്ല. വൈദ്യുതി അടുപ്പുകള്‍ കണ്ണടയ്ക്കുന്നതോടെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കാന്‍ പോലും മാര്‍ഗമില്ലാതെയാകും. അപ്പാര്‍ട്ട്മെന്റുകളില്‍ ജലവിതരണവും മുടങ്ങും. ആശുപത്രികളുടെ ഉള്‍പ്പെടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകും..

വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ വൈകിയതോടെ ജീവിതം ഇവിടെയൊക്കെ നരകതുല്യമായി. ക്രിസ്മസ് രാവില്‍ മൈനസ് 15 ആയിരുന്നു താപനില. കൊടുംതണുപ്പില്‍ കുട്ടികള്‍ക്ക് പനിയും ജലദോഷവുമൊക്കെ പിടിപെട്ടതോടെ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുകയും ചെയ്തു. നഗരസഭ തുറന്ന ദുരിതാശ്വാസക്യാമ്പുകള്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നതില്‍ ഏറെയായിരുന്നു ദുരിതം.

ചെങ്ങന്നൂര്‍ സ്വദേശി ബിനുവും കുടുംബവും താമസിക്കുന്ന ഡാന്‍ഫോര്‍ത്ത് – എഗ്ലിംഗ്ടനിലെ ട്രൂഡല്‍ കോര്‍ട്ട് അപ്പാര്‍ട്ട്മെന്റില്‍ നാല് ദിവസമായി കറണ്ടില്ല. ഒരു സുഹൃത്തിന്‍റെ വീട്ടിലാണ്‌ ഈ ദിവസങ്ങളില്‍ ഇവര്‍ കഴിഞ്ഞത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിറംമങ്ങിയ ക്രിസ്മസാണ് ഇക്കഴിഞ്ഞതെന്നു ബിനുവും ഭാര്യ ആന്‍സിയും പറയുന്നു. ഇടുക്കി കട്ടപ്പന സ്വദേശി അജീഷും ഇതേ അപാര്‍ട്മെന്റിലാണ് താമസം. ഒന്നുരണ്ടു ദിവസം പിടിച്ചുനിന്നെങ്കിലും ഇവര്‍ പിന്നീട് ഒരു സുഹൃത്തിന്‍റെ അടുത്തേക്ക് മാറി. മറ്റ് ഒമ്പത് മലയാളികുടുംബങ്ങള്‍ കൂടി ഈ അപ്പാര്‍ട്ട്മെന്റില്‍ മാത്രം താമസിക്കുന്നുണ്ട്. സമാനമായ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ് ഇവരും.

ആലപ്പുഴ സ്വദേശി പ്രസാദും കുടുംബവും താമസിക്കുന്ന വീട്ടിലും വൈദ്യുതി ഇല്ലാതായിട്ട് നാല് ദിവസം പിന്നിടുന്നു. ഒരു ബന്ധുവിന്‍റെ വീട്ടിലാണ്‌ ഇപ്പോള്‍ ഇവര്‍. അന്തരീഷോഷ്മാവ് പൂജ്യത്തിനു താഴെ നില്‍ക്കുമ്പോള്‍ പെയ്യുന്ന മഴയാണ് മഞ്ഞുമഴ [freezing rain]. അന്തരീഷോഷ്മാവ് കുറവായതിനാല്‍ വെള്ളത്തുള്ളികള്‍ പെട്ടെന്നുതന്നെ ഐസായി മാറുന്നു. മരങ്ങള്‍ക്ക് മുകളില്‍ വീഴുന്ന വെള്ളത്തുള്ളികള്‍ ഇങ്ങനെ കട്ടപിടിക്കുന്നതോടെ മരങ്ങള്‍ ഭാരം വര്‍ധിച്ചു മറിഞ്ഞുവീഴുകയോ ശിഖരങ്ങള്‍ ഒടിഞ്ഞുവീഴുകയോ ചെയ്യും. ചെറിയ തോതിലെങ്കിലും കാറ്റ് വീശിയാല്‍ നാശം ഇരട്ടിയാകും. സമീപകാല ചരിത്രത്തിലെങ്ങും ഉണ്ടാകാത്ത നാശമാണ് ഇത്തവണ ടൊറന്റോയില്‍ സംഭവിച്ചത്.

Leave a Reply