ഷാര്‍ജ:ലോകത്തെ തന്നെ നടുക്കിയ സംസ്ഥാനത്തെ ഏറ്റവും വലിയ വെടിക്കെട്ടപകടത്തില്‍ മരവിപ്പ് മാറാതെ പ്രവാസി സമൂഹവും.യു എ ഇയില്‍ ഞായറാഴ്ച്ച പുലര്‍ന്നപ്പോള്‍ പലരും ഉണര്‍ന്നത് ദുരന്തവാര്‍ത്ത കേട്ടാണ്.കൊല്ലം ഭാഗത്തു നിന്നും ഇവിടെയെത്തിയിട്ടുള്ള പലരും ദുരന്തത്തിനിരയായവരുടെ ഇടയില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടവരുണ്ടോയെന്ന അങ്കലാപ്പിലായി.പലരും നാട്ടിലേക്ക് ഫോണ്‍ ചെയ്യുവാന്‍ തിടുക്കംകൂട്ടി.ദുരന്തം നടന്ന ക്ഷേത്രത്തിന് അരക്കിലോമീറ്ററിനുള്ളില്‍ സ്വന്തം വീടുള്ളവര്‍ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ജീവന്‍പൊലിഞ്ഞത് നടുക്കത്തോടെ കേട്ടറിഞ്ഞു.
പരവൂരില്‍ നിന്നുള്ള നിരവധി പേരാണ് ഷാര്‍ജയിലും അജ്മാനിലുമായി ജോലി ചെയ്യുന്നത്.മിക്കവാറും ആളുകള്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് പങ്കെടുക്കാനെത്താറുള്ളതും പതിവാണ്.എന്നാല്‍ ഇക്കുറി ഉത്സവത്തിന് നാട്ടിലെത്താനാകത്തതിലെ വിശേഷങ്ങള്‍ ഫോണിലൂടെ അറിയുന്നതിനിടെയാണ് ഇടിത്തീയെന്നോണം ദുഖവാര്‍ത്തയെത്തിയത്.എഴുത്തുകാരന് കൂടിയായ വിജു സി പരവൂര്‍ അടക്കമുള്ള പ്രമുഖര്‍ കടുത്ത ദുഖത്തിലാണ്.
ദുരന്തത്തെ തുടര്‍ന്ന് യു എ ഇയിലെ വിഷു ആഘോഷങ്ങളും മറ്റും ഗള്‍ഫ് മലയാളികള്‍ റദ്ദാക്കിയതായാണ് അറിയുന്നത്.സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ദുരന്ത ബാധിതര്‍ക്ക് സഹായങ്ങള്‍ നല്‍കാനും ചില സംഘടനകള്‍ പദ്ധതിയിടുന്നുണ്ട്.
INDIANEWS24.COM Gulf Desk