തിരുവനന്തപുരം:പരവൂര്‍ ക്ഷേത്രത്തില്‍ സംഭവിച്ചത് സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതിലുള്ള സുരക്ഷാ വീഴ്ച്ചയെന്ന് ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി.വലിയ അശ്രദ്ധയാണുണ്ടായിരിക്കുന്നത് ഏതെങ്കിലും തരത്തില്‍ അട്ടിമറിനടക്കാനുള്ള സാധ്യതകള്‍ സംഘം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതാണ് പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന്റെ വ്യാപ്തി ഇത്രയും വര്‍ദ്ധിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനുള്ള കമ്പപ്പുര വെടിക്കെട്ട് നടക്കുന്നതിന്റെ നൂറ് മീറ്റര്‍ അകലെ വേണമെന്നത് പാലിക്കപ്പെട്ടിട്ടില്ലായിരുന്നു.നിയമപ്രകാരമുള്ള വലിപ്പത്തിന്റെ പത്തിരട്ടിയോളം വലിപ്പത്തില്‍ അമിട്ടുകള്‍ നിര്‍മ്മിച്ചിരുന്നു.ശബ്ദഗാംഭീര്യം കൂട്ടാനായി വെടിമരുന്നുകള്‍ കുത്തിനിറച്ചത് ഉഗ്രസ്ഫോടനത്തിന് കാരണമായി.മുകളില്‍ പോയി പൊട്ടുന്ന അമിട്ടിനും മണ്ണില്‍ വച്ച പൊട്ടിക്കുന്ന അമിട്ടിനും എക്സ്പ്ലൊസീവ് ആക്ടില്‍ പറയുന്ന വലിപ്പത്തിലും പതിന്മടങ്ങ് വികസിപ്പിച്ചാണ് കൈകാര്യം ചെയ്തത്.വെടിക്കെട്ടിനുള്ള ബാരലുകള്‍ പകുതിയോളം മണ്ണില്‍ കുഴിച്ചുവെക്കണമെന്നും കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന കമ്പികൊണ്ട് കെട്ടി ബലപ്പെടുത്തണമെന്ന് വ്യക്തമായി നിഷ്കര്‍ഷിക്കുന്നുണ്ട്.അല്ലാത്തപക്ഷം സ്ഫോടക ശക്തിയില്‍ ബാരല്‍ ചെരിഞ്ഞ് ലക്ഷ്യംതെറ്റി അമിട്ട് ഉയര്ന്നുപൊട്ടാനിടയാകും.എല്ലാറ്റിനും പുറമെ അനുവദനീയമായതിലും കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ ലൈസന്‍സില്ലാതെ ഉപയോഗിച്ചതായും കണ്ടെത്തി.
INDIANEWS24.COM T V P M