728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായ് ഗ്ലോബൽ വില്ലേജ് ഒന്നുമുതൽ

ദുബായ്: ലോകസഞ്ചാരികളെ ലക്ഷ്യമാക്കി ദുബായിൽ നടക്കുന്ന ഗ്ലോബൽ വില്ലേജിന്റെ പ്രഖ്യാപനം ചൊവ്വാഴ്ച്ച നടന്നു.159 ദിവസത്തെ മേള അടുത്ത മാസം ഒന്നുമുതൽ തുടങ്ങും.ഗ്ലോബൽ വില്ലേജിൽ നടന്ന വര്ണപ്പകിട്ടാർന്ന ചടങ്ങിൽ ഗ്ലോബല്‍ വില്ലേജ് സി.ഇ.ഒ. അഹമ്മദ് ഹുസ്സൈന്‍ ബിന്‍ ഈസയാണ് 21-ാം പതിപ്പിന്റെ പ്രഖ്യാപനം നടത്തിയത്.

1.7 കോടി ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സജ്ജമാക്കിയ പ്രദേശത്തായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്ചകളും ഉത്പന്നങ്ങളും അണിനിരക്കും. ഇന്ത്യയുള്‍പ്പെടെ 30 രാജ്യങ്ങളുടെ പവലിയനുകള്‍ ഈ വര്‍ഷം സന്ദര്‍ശകരെ സ്വീകരിക്കും. 12,000ത്തിലേറെ കലാ സാംസ്‌കാരിക പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.അള്‍ജീരിയ, യുക്രെയിന്‍, ജപ്പാന്‍, തെക്കന്‍ കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, റുമാനിയ, സെര്‍ബിയ എന്നീരാജ്യങ്ങളുടെ പവിലിയനുകൾ ഇക്കൊല്ലം പുതുതായുണ്ട്.ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോര്‍ദാനും പുതിയ പവലിയനുമായി എത്തും.

എല്ലാ ദിവസവും പവലിയനുകളിലെ മികച്ച കലാരിപാടികള്‍ക്കൊപ്പം, കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികള്‍ക്കും സംവിധാനം ആയിട്ടുണ്ട്. 15 ദിര്‍ഹമാണ് പ്രവേശന ഫീസ്. 65 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ്.വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതുഅവധി ദിനങ്ങളിലും പ്രത്യേക വെടിക്കെട്ട് ഉണ്ടായിരിക്കും. എല്ലാ ദിവസവും നടക്കുന്ന വിദേശ സംഗീതജ്ഞരുടെ പ്രകടനം ഗ്ലോബല്‍ വില്ലേജിലെ സവിശേഷതയായിരിക്കും. 19 റെസ്റ്റോറന്റുകളും 35,000ത്തിലേറെ ഷോപ്പിംഗ് ഔട്‌ലെറ്റുകളും മേളയുടെ ഭാഗമാകും.

INDIANEWS24.COM Gulf Desk

Leave a Reply