728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായി റോഡുകളില്‍ വേഗത കുറയ്‌ക്കേണ്ടത് പ്രാബല്യത്തില്‍

ദുബായ്: യു എ ഇയിലെ തിരക്കേറിയ നഗരമായ ദുബായില്‍ പ്രധാനപ്പെട്ട രണ്ട് റോഡുകളിലെ വേഗത കുറച്ച് വണ്ടിയോടിക്കാന്‍ തുടങ്ങേണ്ടത് ഞായറാഴ്ച്ച മുതല്‍ പ്രാബല്യത്തിലായി. ശൈഖ് മുഹമ്മദ് ബിന്‍ സയീദ് റോഡിലൂടെയും എമിറേറ്റ്‌സ് റോഡിലൂടെയുമുള്ള വാഹനങ്ങളുടെ വേഗം ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) ആണ് ഇന്ന് മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവഴി മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതാ പരിധിയുണ്ടായിരുന്നത് 110 ആക്കിയാണ് കുറച്ചിരിക്കുന്നത്.

പുതിയ നീക്കം നടപ്പാക്കാന്‍ ആര്‍ ടി എയ്‌ക്കൊപ്പം ദുബായ് പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സും രംഗത്തുണ്ട്. അപകടങ്ങള്‍ കുറയ്ക്കുന്നതിനും റോഡ് സുരക്ഷയ്ക്കുമായാണ് പുതിയ നടപടി. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാകും നല്‍കുകയെന്ന് മുന്നറിയിപ്പുണ്ട്.

വര്‍ഷങ്ങളായി ഈ റോഡുകളില്‍ ഉണ്ടായിട്ടുള്ള അപകടങ്ങളെ കുറിച്ച് പഠനം നടത്തിയതില്‍ നിന്നാണ് വേഗതാപരിധി കുറയ്ക്കാം എന്ന നിഗമനത്തില്‍ അധികൃതര്‍ എത്തിച്ചേര്‍ന്നത്. ഇവിടെയുണ്ടാകുന്ന 60 ശതമാനം അപകടങ്ങള്‍ക്കും കാരണം അമിത വേഗതയാണെന്ന് കണ്ടെത്താനായി. ഈ വര്‍ഷം ഇതേവരെ ആറ് പേരാണ് ഈ രണ്ട് റോഡിലും കൂടി ഉണ്ടായ 99 അപകടങ്ങളില്‍ മരിച്ചത്.

വലിയ വാഹനങ്ങളുടെ ബാഹുല്യവും അതിവേഗവും ഇരുറോഡുകളിലും അപകടനിരക്ക് ഉയര്‍ത്തുന്നതായാണ് കണ്ടെത്തിയത്. വേഗം കുറയ്ക്കുന്നതോടെ അപകടനിരക്ക് നിയന്ത്രിക്കാനാകുമെന്നാണ് ആര്‍ ടി എ വിലയിരുത്തല്‍.

INDIANEWS24.COM Gulf Desk

Leave a Reply