ദുബായ്:റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന് ഫീസ് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ്.രജിസ്ട്രേഷന് ഫീസ് വര്‍ദ്ധിപ്പിച്ചതായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അധികൃതര്‍ ഔദ്യോഗികമായി വ്യക്തമാക്കി.നിലവിലെ ഫീസ് നാല് ശതമാനമാണ്.
റിയല്‍ എസ്റ്റേറ്റില്‍ പണം മുടക്കുന്നവര്‍ക്ക് ആശയകുഴപ്പമുണ്ടാക്കുകയും വാങ്ങാനുള്ള അവരുടെ തീരുമാനം പെട്ടെന്നു നടപ്പാക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ഇത്തരം കിംവദന്തികള്‍ വഴി ഉണ്ടാകുന്നത്.ഇതു സംബന്ധിച്ച് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബുട്ടി ബിന്‍ മെജ്റെന്‍ തന്നെ അറിയിച്ചതോടെ ആശങ്കകള്‍ക്ക് അവസാനമായിരിക്കുകയാണ്.
എട്ടുശതമാനമായി ഫീസ് വര്‍ധിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.2013 സെപ്റ്റംബറിലാണ് ദുബായ് എക്സിക്യുട്ടീവ് കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരം റിയല്‍ എസ്റ്റേറ്റ് റജിസ്ട്രേഷന് ഫീസ് രണ്ട് ശതമാനത്തില്‍നിന്ന് നാല് ശതമാനമായി വര്‍ധിപ്പിച്ചിരുന്നത്.വില്‍ക്കുന്നയാളും വാങ്ങുന്നയാളും ഈ തുക തുല്യമായി വീതിക്കുക എന്നതായിരുന്നു നിബന്ധന.അല്ലെങ്കില്‍ ഇരുവരും തമ്മില്‍ വ്യത്യസ്തമായ ധാരണയുണ്ടാക്കി ഇടപാടു നടത്തണമെന്നും വ്യക്തമാക്കിയിരുന്നു.നാല് ശതമാനമായി വര്‍ധിപ്പിച്ചെങ്കിലും ലോകത്തിലെ 110 റിയല്‍ എസ്റ്റേറ്റ് വിപണികളെക്കാള്‍ താഴെയാണ് ദുബായിലെ റജിസ്ട്രേഷന് നിരക്ക്.
INDIANEWS24.COM Gulf Desk