728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായില്‍ അപകടമരണം സംഭവിച്ച മലയാളിയുടെ ആശ്രിതര്‍ക്ക് 45 ലക്ഷം നഷ്ടപരിഹാരം

ദുബായ്: പ്രായപൂര്‍ത്തിയാകാത്ത സ്വദേശി ഓടിച്ച കാര്‍ ഇടിച്ച് മരിച്ച മലയാളിയുടെ കുടുംബത്തിന് 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബായി കോടതി ഉത്തരവിട്ടു. മൂന്ന് വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ കാസര്‍കോട് സ്വദേശി അബ്ദുള്‍ റഷീദ് പോക്കര്‍(40) ആണ് മരണമടഞ്ഞത്. അബ്ദുള്‍ റഷീദിന്റെ ആശ്രിതര്‍ക്ക് 2.60 ലക്ഷം ദിര്‍ഹം നല്‍കാനാണ് കോടതി ഉത്തരവ്.

ദുബായില്‍ 2014 നവംബറിലായിരുന്നു പതിനേഴുകാരനായ സ്വദേശി യുവാവ് ഓടിച്ച വണ്ടിയിടിച്ച് അപകടമുണ്ടായത്. അബ്ദുള്‍ റഷീദ് ഓടിച്ചിരുന്ന വാഹനത്തില്‍ സ്വദേശിയുവാവിന്റെ വാഹനം ഇടിക്കുകയായിരുന്നു. റഷീദ് തല്‍ക്ഷണം മരിച്ചു. പോലീസിന്റെ പ്രാഥമികറിപ്പോര്‍ട്ടില്‍ റഷീദായിരുന്നു അപകടത്തിന് കാരണക്കാരന്‍.

പ്രഥമ റിപ്പോര്‍ട്ട് പ്രകാരം റഷീദിനെതിരെ കേസെടുത്തെങ്കിലും പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയത് സ്വദേശി യുവാവിനെയാണ്. തുടര്‍ന്ന് അയാളെ പ്രതിയാക്കി എടുത്ത കേസില്‍ ട്രാഫിക് കോടതി യുവാവിന്റെ പിതാവിനെ ശകാരിക്കാന്‍ വിധി പുറപ്പെടുവിച്ചു. ദയാധനമോ പിഴയോ ഒന്നും തന്നെ ശിക്ഷാവിധിയില്‍ ഉണ്ടായിരുന്നില്ല.

ഇതേത്തുടര്‍ന്ന് അബ്ദുള്‍ റഷീദിന്റെ കുടുംബാംഗങ്ങള്‍ ദുബായ് അല്‍ക്കബാന്‍ അസോസിയേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയെ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്യാന്‍ ചുമതലപ്പെടുത്തി. നാലരലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ദുബായ് സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് ഇപ്പോഴത്തെ വിധി. എതിര്‍കക്ഷിയായ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരായാണ് വിധി.

INDIANEWS24.COM Gulf Desk

Leave a Reply