728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായിലെ വിമാനാപകടം: ലാന്‍ഡിംഗ് ഗിയര്‍ തകരാറിലായത് തീപ്പിടിത്തത്തിന് കാരണമായി

ദുബായി:ലാന്‍ഡിംഗിനിടെ ഗിയര്‍ തകരാറിലായതാണ് ദുബായില്‍ കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് വിമാനം കത്തിഅമരാന്‍ കാരണമായതെന്ന് പ്രാഥമിക നിഗമനം.അപകടത്തെ പറ്റി വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടെന്ന് എമിറേറ്റ്‌സ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സയിദ് അല്‍ മക്തൂം അറിയിച്ചു.അപകടഘട്ടത്തില്‍ എല്ലാവരെയും രക്ഷിക്കാനായത് വലിയ അല്‍ഭുതമെന്ന് വിലയിരുത്തല്‍.

ലോകത്തെ ഞെട്ടിക്കുകയും അതേസമയം ആരും ദുരന്തത്തിനിരയാകാതെ രക്ഷപ്പെടുകയും ചെയ്ത ദുബായി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ അപകടം വിമാനത്തിന്റെ ഗിയര്‍ തകരാര്‍ മൂലമാകാമെന്ന് കരുതുന്നു.ലാന്‍ഡിംഗ് ഗിയറിലാണ് സാധാരണ വിമാനത്തിന്റെ ചക്രങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നത്.ഗിയര്‍ ഇട്ടുകഴിഞ്ഞാല്‍ ചക്രങ്ങള്‍ പുറത്തേക്ക് വരും.ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്തു നിന്നും ഇവിടെയെത്തിയ എമിറേറ്റ്‌സ് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ പ്രവര്‍ത്തിച്ചില്ല.ഈ സമയം ചക്രം റണ്‍വേയില്‍ പതിക്കേണ്ടതിന് പകരം വിമാനത്തിന്റെ അടിഭാഗം നിലംതൊട്ടു.ഇത് തീപ്പിടിത്തത്തിന് കാരണമായി.ഇത്തരം അപകടങ്ങളില്‍ എല്ലാവരും രക്ഷപ്പെടുന്നത് ലോകത്തെ ആദ്യ സംഭവമാണെന്നാണ് അധികൃതരുടെ ഭാഷ്യം.

തീപ്പിടിച്ചെന്ന് മനസ്സിലാക്കിയ ഉടനെ മിന്നല്‍ വേഗത്തിലാണ് എല്ലായാത്രക്കാരെയും പുറത്തെത്തിച്ചത്.മിനുറ്റുകള്‍ക്കകം തന്നെ ഫ്‌ളൈറ്റ് തീഗോളമായി മാറിയെങ്കിലും ജീവനക്കാരും യാത്രക്കാരും അടങ്ങുന്ന 300 ഓളം പേര്‍ സുരക്ഷിതരായി പുറത്തേക്കെത്തി.ബാഗേജുകളെല്ലാം തീയില്‍ കത്തിയമര്‍ന്നു.ചടുലവേഗത്തില്‍ യാത്രക്കാരെ രക്ഷിച്ച എമിറേറ്റ്‌സിലെ ജീവനക്കാര്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

അപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ദുബായി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ റണ്‍വേ മൂന്നിലെ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു.അപകടം കാരണം ഡല്‍ഹിയില്‍ നിന്നും ഇന്നു പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ എല്ലാ സര്‍വ്വീസുകളും റദ്ദാക്കി.

INDIANEWS24.COM Gulf Desk

Leave a Reply