കൊച്ചി : ദി ഗ്രേറ്റ് എസ്കേപ് എന്നൊരു ചിത്രം 1963 ല്‍ ഹോളിവുഡില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. മലയാളത്തിലും എത്തുകയാണ് ഒരു “എസ്കേപ് ” ചിത്രം. ഏതായാലും നവാഗത സംവിധായകനായ രാജേഷ് നായരുടെ എസ്കേപ് ഫ്രം ഉഗാണ്ട പ്രേക്ഷകന് രസിച്ച മട്ടാണ്. തിയേറ്ററില്‍ നിന്നും ഒരു ” എസ്കേപ്പിന് ” പ്രേരിപ്പിക്കുന്ന സമീപകാല ചിത്രങ്ങളില്‍നിന്നും വിഭിന്നമാണ് ഈ ത്രില്ലര്‍. ചുരുക്കം ചില അഭിനേതാക്കളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കുന്നില്ല. പാര്‍ഥിപനും മുകേഷും ജോജോയും ചെറു വേഷങ്ങളില്‍ തിളങ്ങിയ ഈ ചിത്രം ബ്രാന്‍ഡ് ചെയ്യപ്പെടുന്നതും വില്ക്കപ്പെടുന്നതും തീര്‍ച്ചയായും റിമാ കല്ലിങ്ങലിന്റെ പേരിലാണ്. ഫിലിപ്സ് ആന്‍ഡ് ദി മങ്കിപെന്‍ എന്ന ഹിറ്റിനെതുടര്ന്ന് എസ്കേപ് ഫ്രം ഉഗാണ്ട’യും വിജയത്തിലേക്ക് കുതിക്കുന്നത് വിജയ് ബാബുവിന് ഏറെ നേട്ടമാകും. ഈ നടനില്‍ നിന്നും മലയാള സിനിമക്ക് ഏറെ പ്രതീക്ഷിക്കാനുണ്ട് എന്നത് തിയേറ്ററുകളില്‍ ഉയരുന്ന കര ഘോഷം വെളിവാക്കുന്നു. കൊച്ചി ലുലുമാളില്‍ ഇന്നലെ നായിക റിമാ കല്ലിങ്ങലും ഭര്‍ത്താവ് ആഷിക് അബുവും നായകന് വിജയ് ബാബുവും മറ്റു സാങ്കേതിക പ്രവര്‍ത്തകരും ഒരുമിച്ചു ചിത്രം കാണാനെത്തിയത് പ്രേക്ഷകര്‍ക്ക് കൌതുകമായി.
ഉഗാണ്ടന്‍ നടീ നടന്മാര് ഏറെ തിളങ്ങിയ ഈ ചിത്രം ഉഗാണ്ട എന്ന താരതമ്യാന അപരിചിതമായ ഭൂമികയുടെ ഒരു നേര്‍ക്കാഴ്ചയായി. മിസ് ഉഗാണ്ട അനിറ്റാ കയാലിംബാ ചിത്രത്തില്‍ മേയറുടെ മകളായെത്തുന്നു. മിലിറ്ററി ഇന്റലിജന്‍സ് മേധാവിയെ അവതരിപ്പിക്കുന്നത് ഉഗാവുഡ് നടന് മിഖായേല്‍ വാവുയോ ആണ്. കൂടാതെ കഥാപാത്രങ്ങളായി പേരറിഞ്ഞും അറിയാതെയും എത്തുന്ന നിരവധി പേര് ഉണ്ട് ഈ ഉഗാണ്ടന്‍ സാഗയില്‍ . ഇനിയൊരിക്കല്‍ കൂടി അവരുടെ മുഖം ഒരു പക്ഷെ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഭാഷയുടെയും ദേശത്തിന്റെയും വര്‍ണ്ണത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് മാനുഷികതയുടെ നവ്യാനുഭവം അവശേഷിപ്പിക്കും ഈ കഥാപാത്രങ്ങള്‍ .
Let’s escape to theatre !
SANU INDIA NEWS KOCHI