728-pixel-x-90-2-learn
728-pixel-x-90
<< >>

‘ദിവാളി മുബാറക്ക്‌’ ആശംസയുമായി ജസ്റ്റിന്‍ ട്രൂഡ്; തിരുത്തുമായി ഫോളോവേഴ്‌സ്

ഓട്ടവ: ദീപാവലി പ്രമാണിച്ച് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെയും ലക്ഷ്യമാക്കി ട്വിറ്ററില്‍ ആശംസ നേര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്‌. ആശംസാ ട്വീറ്റിന്‌ പ്രതികരണമായി അദ്ദേഹം ഉപയോഗിച്ച പദം തെറ്റിപ്പോയെന്ന തിരുത്തുമായി ഫോളോവേഴ്‌സിന്റെ പ്രവാഹം. പദത്തിലെന്തുകാര്യം ആ ആവേശത്തെ ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്ന കമന്റുമായി മറ്റനേകം ഫോളോവേഴ്‌സ്‌.

ഇന്ത്യക്കാരുടെ പരമ്പരാഗത വേഷങ്ങളോട് സാമ്യമുള്ള ഷര്‍വാണി ധരിച്ച് വിളക്ക് കൊളുത്തുന്ന ചിത്രം ഇട്ടശേഷം അതിന് താഴെയാണ് ആശംസാ കുറിപ്പെഴുതിയിരിക്കുന്നത്. ‘ദിവാളി മുബാറക്ക്‌’, ഈ രാത്രിയില്‍ ഞങ്ങളും ഓട്ടവയില്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നു’. എന്നാണ് അദ്ദേഹം എഴുതിയത്. ട്വിറ്ററില്‍ 3.71 ദശലക്ഷം ഫോളോവേഴ്‌സുള്ള ജസ്റ്റിന്‍ ട്രൂഡിന്റെ ട്വീറ്റ് 800 വട്ടം റീട്വീറ്റ് ചെയ്തു. 3500 പേര്‍ ലൈക്ക് ചെയ്തു.

ലൈക്കും റീട്വീറ്റുമൊക്കെ കിട്ടിയെങ്കിലും ‘മുബാറക്ക്‌’ എന്ന വാക്കുപയോഗിച്ചത് പലര്‍ക്കും രസിച്ചില്ല. അതൊരു അറബി വാക്കാണെന്നും അതിന് പകരം ദിവാളിയോടനുബന്ധിച്ച് ഉപയോഗിക്കേണ്ട പദം കൂടി കുറിച്ചുകൊണ്ടുമായിരുന്നു ഫോളോവേഴസിന്റെ നീരസം പ്രകടിപ്പിച്ചത്. ‘ശുഭ് ദീപാവലി’, ‘ദിവാളി കി ബധായി’ എന്നിങ്ങനെ ആശംസിക്കേണ്ട പദം നിര്‍ദേശിക്കുവാനും തുടങ്ങി. എങ്കിലും പ്രധാനമന്ത്രിയുടെ ആശംസ എല്ലാവരെയും ത്രില്ലടിപ്പിച്ചെന്നത് മറുപടികളില്‍ നിന്നും വ്യക്തമാണ്.

ചിലരെല്ലാം മുബാറക്ക് എന്ന വാക്ക് മാറി ഉപയോഗിച്ചതിലല്ല, ഇന്ത്യക്കാര്‍ക്കായി ഇന്ത്യയുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഇങ്ങനെയൊരു ആശംസ നേര്‍ന്നതാണ് വലിയകാര്യമെന്ന അഭിപ്രായം ട്രൂഡിന്റെ ട്വീറ്റിന് കീഴേ കുറിച്ചു. മുബാറക്ക്‌ എന്നതിന്റെ പേരില്‍ വിമര്‍ശനം പാടില്ലെന്നാണ് അവരുടെ പക്ഷം.

കാനഡയിലെ ഇന്ത്യന്‍ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ് പങ്കെടുത്തത് നേരത്തെയും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ടൊറോന്റോയിലെ ബി എ പി എസ് സ്വാമി നാരായണ്‍ മന്ദിറില്‍ പൂജ നടത്തിയത് ശ്രദ്ധേയമായി. കാനഡയിലെ ഇന്ത്യക്കാരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിനുള്ള രാഷ്ട്രീയ നീക്കമായും ഇതിനെ കാണുന്നവരുണ്ട്. ഇതിന് തെളിവാണ് ആഗസ്റ്റില്‍ ഇവിടത്തെ ഇന്ത്യക്കാര്‍ സ്വാതന്ത്ര്യദിനം ആചരിച്ചപ്പോള്‍ അതില്‍ പങ്കെടുത്ത് സംസാരിച്ചത്. ‘ജയ് ഹിന്ദ്’ എന്ന് ഉച്ചരിച്ചുകൊണ്ടാണ് കനേഡിയന്‍ പ്രധാനമന്ത്രി അന്ന് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

INDIANEWS24.COM Ottowa

Leave a Reply