728-pixel-x-90-2-learn
728-pixel-x-90
<< >>

ദിലീപ് ജയിലില്‍ തന്നെ; ജാമ്യാപേക്ഷ തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകനായ എ സുരേശന്‍ ആണ് ഹാജരായത്. പ്രതിഭാഗത്തിനായി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ കെ രാംകുമാര്‍ ഹാജരായി.

ഉച്ചയ്ക്ക് ശേഷം 2.40 ഓടെയാണ് ജാമ്യ ഹര്‍ജിയില്‍ വാദം തുടങ്ങിയത്. ഹര്‍ജി പരിഗണിക്കുന്നതിന് മുന്നോടിയായി കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയിരുന്നു. ആക്രമിക്കപ്പെട്ട നടിക്കെതിരെ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചരണങ്ങള്‍ ദിലീപിന്റെ സ്വാധീനം മൂലമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിനായി സാമൂഹിക മാധ്യമങ്ങള്‍ വഴി ഇപ്പോള്‍ തന്നെ ശക്തമായ പ്രചരണമാണ് നടക്കുന്നത്. കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ ഇങ്ങനെ ആണെങ്കില്‍ ജാമ്യത്തില്‍ ഇറങ്ങിയാല്‍ എങ്ങനെ ആയിരിക്കുമെന്ന് ഊഹിക്കാമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന്റെ അഭിമുഖങ്ങളില്‍ അയാള്‍ നടിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ അയാളുടെ മനോനിലയുടെ തെളിവാണ്.

ദിലീപിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടെല്ലാം എതിരാണെന്ന് പ്രതിഭാഗം വാദിച്ചു. കൊടുംകുറ്റവാളിയായ സുനില്‍കുമാറിന്റെ മൊഴി മാത്രം വിശ്വസിച്ചാണഅ പോലീസ് മുന്നോട്ട് പോകുന്നത്. കത്തില്‍ കാറിന്റെ നമ്പര്‍ എഴുതിയതുകൊണ്ട് മാത്രം ഗൂഢാലോചനയുടെ തെളിവാകണമെന്നില്ലെന്നും വാദിച്ചു. ജയില്‍ കിടന്ന് പ്രതികള്‍ എങ്ങനെ ഫോണ്‍ ഉപയോഗിച്ചു എന്നും അവിടെ നിന്ന് മറ്റുള്ളവരെ എങ്ങനെ ബന്ധപ്പെട്ടു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കേണ്ടത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ജാമ്യം അനുവദിക്കണമെന്നും സമൂഹത്തിന്റെ വികാരം വിധിയെ ബാധിക്കരുതെന്നും പ്രതിഭാഗം വാദിച്ചു.ജാമ്യ ഹര്‍ജി പരിഗണിക്കവെ രണ്ട് മൊബൈല്‍ ഫോണുകളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു.

ജാമ്യ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ദിലീപിന് റിമാന്‍ഡ് കാലാവധിയായ ജൂലൈ 25 വരെ ആലുവ സബ് ജയിലില്‍ കഴിയേണ്ടിവരും. പോലീസ് കസ്റ്റഡി കാലാവധി ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിച്ചതോടെ വീണ്ടു ജയിലിലേക്ക് പോകേണ്ടിവരും. ഇനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.

Leave a Reply