jio 800x100
jio 800x100
728-pixel-x-90
<< >>

ദിലീപിന്റെ അംഗത്വം സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് ലണ്ടനില്‍ നിന്ന് മോഹന്‍ലാലിന്റെ കത്ത്

തിരുവനന്തപുരം : ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതില്‍ അമ്മയ്ക്ക് നിക്ഷിപ്ത താത്പര്യമില്ലെന്ന് മോഹന്‍ലാല്‍.ദിലീപിനെ തിരിച്ചെടുത്തതിനെ കുറിച്ച് ഇതാദ്യമായാണ് മോഹന്‍ലാല്‍ പ്രതികരിക്കുന്നത്.
ലണ്ടനില്‍ നിന്ന് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മോഹന്‍ലാലിന്റെ വിശദീകരണം.
എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണ്.നടിയുടെ വേദന ആദ്യം ഏറ്റുവാങ്ങിയത് അമ്മയാണ്.അമ്മ എന്ന വാക്കിന്റെ പൊരുള്‍ അറിഞ്ഞു കൊണ്ടാണ് ഇക്കാലമത്രയും സംഘടന നിലനിന്നത്. ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായാണെന്നും മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് പറഞ്ഞു.
മോഹന്‍ലാലിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം.
പ്രിയപ്പെട്ടവരേ അമ്മയെന്ന വാക്കിന്റെ പൊരുള്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് ഇക്കാലമത്രയും ആ സംഘടന നിലനിന്നതും നില നില്‍ക്കുന്നതും എന്ന ഉത്തമ ബോധ്യം ഞങ്ങള്‍ക്കുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിലൂടെ അര്‍ഹിക്കുന്നതിലേറെ കേള്‍ക്കേണ്ടി വന്നതിനാലാണ് വേദനയോടെ ഈ കുറിപ്പെഴുതുന്നത്. 2018 ജൂണ്‍ 26നു ചേര്‍ന്ന അമ്മയുടെ പൊതുയോഗത്തില്‍ എതിര്‍ ശബ്ദങ്ങളില്ലാതെ ഉയര്‍ന്നു വന്ന പൊതു വികാരമാണ് ദിലീപിനെതിരെ ഉണ്ടായ പുറത്താക്കല്‍ നടപടി മരവിപ്പിക്കുക എന്നത്. പൊതുയോഗത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തോടൊപ്പം നില്‍ക്കുക എന്ന പ്രാഥമികമായ ജനാധിപത്യ മര്യാദയാണ് അമ്മ നേതൃത്വം കൈക്കൊണ്ടത്. അതിനപ്പുറമുള്ള എന്തെങ്കിലും നിക്ഷിപ്ത താത്പര്യങ്ങളോ നിലപാടോ ഈ വിഷയത്തില്‍ അമ്മ നേതൃത്വത്തിനില്ല.
ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ കിരാതമായ അക്രമണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെയാണ് ആ വേദന ആദ്യം ഏറ്റുവാങ്ങിയത്. അന്നു മുതല്‍ ഇന്നു വരെ ഈ സഹോദരിക്കൊപ്പം തന്നെയാണ് ഞങ്ങള്‍. കേവലം 485 അംഗങ്ങള്‍ മാത്രമുള്ള സംഘടനയാണ് അമ്മ. അതില്‍ പകുതിയിലേറെ പേരും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരാണ്. സ്വന്തമായി വീടില്ലാത്തവര്‍, നിത്യച്ചെലവുകള്‍ക്ക് വഴിയില്ലാത്തവര്‍, രോഗ ചികിത്സയ്ക്ക് പണമില്ലാത്തവര്‍ അങ്ങനെ ഒട്ടേറെ അംഗങ്ങളുണ്ട് അമ്മയില്‍. അതിലേറെയും സ്ത്രീകള്‍. അങ്ങനെയുള്ള 137 മക്കള്‍ക്കാണ് ഈ സംഘടന മുടങ്ങാതെ മാസം തോറും കൈനീട്ടം എത്തിക്കുന്നത്. മറ്റു ധനസഹായങ്ങള്‍, ഇന്‍ഷ്വറന്‍സ് പരിരക്ഷ എന്നിവ വേറെയും. 26 തീയതിയിലെ യോഗത്തില്‍ എടുത്ത മറ്റൊരു തീരുമാനം അകാലത്തില്‍ അന്തരിച്ചു പോയ കൊല്ലം അജിത്ത് എന്ന നടന്റെ നിരാലംബരായ കുടുംബത്തിന് സ്വന്തമായൊരു വീട് നിര്‍മ്മിച്ചു നല്‍്കുക എന്നതായിരുന്നു. ഇതൊക്കെ എണ്ണിയെണ്ണി ബോധ്യപ്പെടുത്തി കൈയടി നേടാന്‍ ഒരിക്കലും അമ്മ ശ്രമിച്ചിട്ടില്ല. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെ ഒറ്റയടിക്ക് മാഫിയയെന്നും സ്ത്രീ വിരുദ്ധ സംഘമെന്നും മുദ്ര കുത്തുന്നത് മനുഷ്യത്വരഹിതമാണ്. ദിലീപിന്റെ അംഗത്വം സംബന്ധിച്ച് പൊതുയോഗം കൈക്കൊണ്ട തീരുമാനം ഔദ്യോഗികമായി അറിയിക്കുക പോലും ചെയ്തിട്ടില്ല. അതിനു മുന്‍പെ തന്നെ അമ്മയ്‌ക്കെതിരെ മാധ്യമങ്ങള്‍ അതൊരു ആയുധമായി പ്രയോഗിച്ചു തുടങ്ങി. സത്യമെന്തെന്ന് അറിയും മുന്‍പ് നമ്മള്‍ ബഹുമാനിക്കുന്ന ഒട്ടേറെ വ്യക്തികള്‍ എതിര്‍പ്പുമായി രംഗത്തുവന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും സമൂഹമാധ്യമത്തില്‍ ഉയര്‍ന്നുവന്ന എല്ലാ വിമര്‍ശനങ്ങളെയും പൂര്‍ണ മനസോടെ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ആ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുക്കാത്ത ചിലര്‍ പിന്നീട് എതിര്‍ശബ്ദമുയര്‍ത്തി സംഘടനയില്‍ നിന്ന് പോകുന്നുവെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ആ തീരുമാനത്തിനു പിറകിലെ വികാരങ്ങള്‍ എന്തായാലും അത് പരിശോധിക്കാന്‍ പുതിയ നേതൃത്വം തയാറാണ്. തിരുത്തലുകള്‍ ആരുടെ പക്ഷത്തു നിന്നായാലും നടപ്പിലാക്കാം. വിയോജിപ്പുകള്‍ യോജിപ്പുകളാക്കി മാറ്റാം. പുറത്തുനിന്ന് അഴുക്കുവാരി എറിയുന്നവര്‍ അതു ചെയ്യട്ടെ. ഈ സംഘടനയെ തകര്‍ക്കാം എന്ന ഗൂഢലക്ഷ്യത്തോടെ പെരുമാറുന്നവരെ തല്‍ക്കാലം നമുക്ക് അവഗണിക്കാം. സംഘടനയിലെ അംഗങ്ങള്‍ ഒരുമയോടെ നില്‍ക്കേണ്ടത് നമ്മുടെ മാത്രം കാര്യമാണ്. അതുമാത്രം ഓര്‍മ്മിക്കുക.
INDIANEWS24 TVM DESK

Leave a Reply