കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപെട്ടു നടൻ ദിലീപിനെയും സംവിധായകനും നടനുമായ നാദിര്‍ഷയെയും ഇനിയും ചോദ്യം ചെയ്യുമെന്ന് പോലീസ്. എറണാകുളം റൂറല്‍ എസ്പി എ വി ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം സംബന്ധിച്ച് മൊഴിയെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ഇരുവരെയും തുടർച്ചയായി ൧൩ മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
എ ഡി ജി പി. ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ബുധനാഴ്ച ആലുവയിലെ പോലീസ് ക്ലബിൽ ചോദ്യം ചെയ്തത്.ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ചോദ്യം ചെയ്തിരുന്നു.ഇവരുടെ മറുപടികൾ പരിശോധിച്ച ശേഷം വൈരുധ്യമുള്ളതായി തോന്നിയാൽ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പോലീസ് അറിയിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.അതേസമയം ദിലീപിനോട് ചോദിച്ച വിവരങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. നടിയുമായി സൗഹൃദം ഉണ്ടായിരുന്നില്ലെന്ന് ദിലീപ് പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇവരുടെ സിനിമയിലെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ബന്ധങ്ങളും പോലീസ് ചോദിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനെ അറിയില്ലെന്നും ദിലീപ് പറഞ്ഞു.
INDIANEWS24.COM Kochi