റാഞ്ചി:ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയത് സമ്പൂര്‍ണ്ണവും സമഗ്രവുമായ ആധിപത്യം.കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയെ തകര്‍ത്ത ഇന്ത്യക്കു മൂന്നാം മത്സരത്തിന്റെ നാലാം ദിനം കേവലം ഒമ്പത് മിനിറ്റും രണ്ട് ഓവറും മതിയായിരുന്നു സമ്പൂര്‍ണ്ണ വിജയത്തിലെത്താന്‍.മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സിനും 202 റണ്ണിനുമാണ് വിരാട് കോഹ്ലിയും കൂട്ടരും ജയം കുറിച്ചത്..
മൂന്നാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയടക്കം റണ്‍ മഴ പെയ്യിച്ച രോഹിത് ശർമയാണ് പരമ്പരയുടെ താരം.മൂന്ന് മത്സരങ്ങളിലും ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഇരട്ടസെഞ്ചുറി കുറിച്ചു. മായങ്ക് അഗർവാൾ, കോഹ്ലി, രോഹിത് ശർമ എന്നിവർ ഇരട്ട സെഞ്ച്വറികള്‍ നേടി.ഒപ്പം ബൌളര്‍മാരും തിളങ്ങി. മൂന്ന് കളികളിലായി 60 വിക്കറ്റുകളാണ് ഇന്ത്യൻ ബൗളർമാർ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് 25 വിക്കറ്റുകളേ നേടാൻ സാധിച്ചുള്ളു. ഇന്ത്യന്‍ മണ്ണിലെ പതിവിനു വിരുദ്ധമായി ഇന്ത്യന്‍ പേസർമാരുടെ മികവ് നിർണായകമായി. സ്പിന്നര്‍മാരും മികച്ച പ്രകടനം കാഴ്ചവച്ചു.
മുഹമ്മദ് ഷമി മൂന്ന് കളികളിലായി നേടിയത് 13 വിക്കറ്റാണ്. ഉമേഷ് യാദവ് രണ്ട് ടെസ്റ്റിൽ 11 വിക്കറ്റ് നേടി. സ്പിന്നർ ആർ അശ്വിനാണ് 15 വിക്കറ്റുകളുമായി മുന്നില്‍. രവീന്ദ്ര ജഡേജ 13 വിക്കറ്റ് നേടി. നാല് ഇന്നിങ്സുകളിലായി 212 റണ്‍സും നേടിയ രവീന്ദ്ര ജഡേജ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഓൾറൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വന്‍ കുതിപ്പ് നേടിയ ഇന്ത്യയുടെ സ്വന്തം തട്ടകത്തിലെ തുടർച്ചയായ പതിനൊന്നാം പരമ്പര വിജയം കൂടിയാണിത്.അടുത്ത മത്സരം നവംബർ 14ന് ഇൻഡോറില്‍ ബംഗ്ലാദേശുമായാണ്. രണ്ടു മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്.
INDIANEWS24 SPORTS DESK