728-pixel-x-90-2-learn
728-pixel-x-90
<< >>

തോമസ് ചാണ്ടി രാജിവച്ചു

തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ പി സദാശിവം അംഗീകരിച്ചു. കായല്‍ കയ്യേറ്റ ആരോപണത്തിന്റെ പേരില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് വിധേയനായതിനെ തുടര്‍ന്നാണ് ചാണ്ടിയുടെ രാജി. സംഭവത്തിന്റെ പേരില്‍ ഇടത് മുന്നണിയില്‍ പല ഭാഗത്തു നിന്നും എതിര്‍പ്പുകളുയര്‍ന്ന സാഹചര്യത്തില്‍ സമ്മര്‍ദ്ദം ഇരട്ടിച്ചതോടെ ചാണ്ടി രാജിവെക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

തോമസ് ചാണ്ടി രാജിക്കത്ത് നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയില്ല. പകരം പാര്‍ട്ടി അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്ററാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ഔദ്ദ്യോഗിക വസതിയില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നേരിട്ട് രാജി സമര്‍പ്പിക്കാതെ തോമസ് ചാണ്ടി എറണാകുളത്തേക്ക് പോവുകയായിരുന്നു. ഔദ്ദ്യോഗിക വാഹനത്തില്‍ പൊലീസ് അകമ്പടിയോടെയായിരുന്നു രാജി സമര്‍പ്പിച്ച ശേഷവും തോമസ് ചാണ്ടിയുടെ യാത്ര.

പിതാംബരന്‍മാസ്റ്റര്‍ കൈമാറിയ രാജിക്കത്ത് മുഖ്യമന്ത്രി പണറായി വിജയന്‍ ഗവര്‍ണര്‍ക്ക് നല്‍കി. ഇത് ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. എന്‍ സി പിയുടെ രണ്ട് എം എല്‍ എമാരില്‍ ആദ്യം കുറ്റവിമുക്തനാവുന്നത് ആരാണെങ്കിലും അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നാണ് തോമസ് ചാണ്ടി സൂചിപ്പിച്ചത്. ഇത് മുഖ്യമന്ത്രിയും ഇടത് മുന്നണിയും അംഗീകരിച്ചുവെന്നാണ് വിവരം.

നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിക്ക് ഇന്നലെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. സര്‍ക്കാറിനെതിരെ മന്ത്രി തന്നെ കോടതിയെ സമീപിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് വിമര്‍ശിച്ച കോടതി, മുഖ്യമന്ത്രിയെ മന്ത്രിക്ക് വിശ്വാസമില്ലേയെന്നും മന്ത്രിക്ക് കൂട്ടുത്തരവാദിത്തമില്ലേയെന്നും ചോദിച്ചു.

തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് സി പി ഐയുടെ നാല് മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി, രാജിക്കാര്യത്തില്‍ തീരുമാനെമടുക്കാന്‍ എന്‍ സി പി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി ഒരു മണിക്കൂറിനകം തീരുമാനം അറിയാക്കാമെന്ന് എന്‍ സി പി അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതേ തുടര്‍ന്നായിരുന്നു രാജി.

INDIANEWS24.COM T V P M

Leave a Reply