728-pixel-x-90-2-learn
728-pixel-x-90
<< >>

തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; സുപ്രീംകോടതിയെ സമീപിച്ചേക്കും

കൊച്ചി: മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന ആലപ്പുഴ ജില്ലാകളക്ടറുടെ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയിലേക്ക്. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് ചാണ്ടിയുടെ ആവശ്യം.

തോമസ് ചാണ്ടി ഡയറക്ടറിബോര്‍ഡിലുള്ള റിസോര്‍ട്ടിനായി മാര്‍ത്താണ്ഡം കായല്‍ കയ്യേറി റോഡ് നിര്‍മ്മിച്ചു, അനധികൃതമായി നിലം നികത്തി എന്നീ കണ്ടെത്തുലുകളുമായി ആലപ്പുഴ ജില്ലാ കളക്ടര്‍ റെവന്യു വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി സ്ഥാനം വരെ തുലാസില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നായിരുന്നു ഹൈക്കോടതിയില്‍ മന്ത്രി സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഒരു മന്ത്രി എന്ന നിലയില്‍ ഹര്‍ജി ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. കൂടാതെ തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന നിരീക്ഷണവും ഹൈക്കോടതി നടത്തി. ഇതിനെതിരെയാണ് ചാണ്ടി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

മന്ത്രി സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് എങ്ങനെ സര്‍ക്കാരിനെതിരേ ഹര്‍ജി നല്‍കാന്‍ കഴിയുമെന്ന് കോടതി വീണ്ടും ചോദിച്ചു. സ്ഥാനം രാജിവച്ചാല്‍ കൂടുതല്‍ നിയമവശങ്ങള്‍ തുറന്നുകിട്ടും. തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷി. മന്ത്രിയുടെ സര്‍ക്കാരിന്റെ ഭാഗമാണ്. പിന്നെങ്ങനെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് ആവര്‍ത്തിച്ച് ചോദിക്കുകയായിരുന്നു.

സര്‍ക്കാരും ചാണ്ടിയെ കൈയൊഴിഞ്ഞതോടെ ഹൈക്കോടതി കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. മന്ത്രിയുടെ ഹര്‍ജി അപക്വമായി പോയെന്ന സ്‌റ്റേറ്റ് അറ്റോര്‍ണിയുടെ വാക്കുകള്‍ക്ക് പിന്നാലെ സര്‍ക്കാരിന് പോലും മന്ത്രിയെ വിശ്വാസമില്ലെന്ന പരാമര്‍ശം ഹൈക്കോടതി നടത്തി. ദന്തഗോപുരത്തില്‍ നിന്നും ഇറങ്ങിവന്ന് അധികാരം ഒഴിഞ്ഞ് സാധാരണക്കാരനെ പോലെ നിയമ നടപടികളെ നേരിടൂ എന്നും ഹൈക്കോടതി പരാമര്‍ശിച്ചു.

INDIANEWS24.COM Kochi

Leave a Reply