തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതര ആരോപണങ്ങളില്‍ സി പി എം കൈക്കൊള്ളുന്ന തീരുമാനം ഇന്നറിയാം. ഇന്നു ചേരുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ഇഴകീറി പരിശോധിക്കും. തുടര്‍ന്ന് സി പി ഐയുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തും.
തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെ ചൊല്ലി വിവാദം തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും സി പി എം സംസ്ഥാന നേതൃയോഗങ്ങളിലൊന്നിലും ഇതുവരെ ഈ വിഷയം ചര്‍ച്ചയായിട്ടില്ല. ആദ്യമായി ഇന്നത്തെ സെക്രട്ടറിയറ്റിലാണ് വിഷയം ചര്‍ച്ചയ്ക്കു വരുന്നത്. തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന പരാതികള്‍, അതില്‍ ആലപ്പുഴ കലക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്നിവ സി പി എം വിലയിരുത്തും. ചാണ്ടിക്ക് അനുകൂലമായ സര്‍ക്കാര്‍ വാദങ്ങള്‍ തള്ളിയാണ് വിജിലന്‍സ് കോടതി ദ്രുതപരിശോധയ്ക്ക് ഉത്തരവിട്ടതെന്ന പ്രശ്നവും പാര്‍ട്ടിക്ക് മുന്നിലുണ്ട്.
ആരോപണങ്ങളുടെ മുള് മുനയില്‍ നില്‍ക്കെ കായല്‍ ഇനിയും നികത്തുമെന്ന് വെല്ലുവിളിച്ചുകൊണ്ട് തോമസ് ചാണ്ടി പ്രസംഗിച്ചത് പല നേതാക്കളിലും അതൃപ്തിയുണ്ടാക്കിയെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് ഇന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ണ്ണായകമാകുക.
INDIANEWS24.COM T V P M