കൊച്ചി : വല്ലപ്പോഴും ഓസ്കാര്‍ നോമിനേഷന് അടുത്തെത്തുമ്പോള്‍ നമ്മള് കൊണ്ടാടുന്ന ഒരുപാടു നക്ഷത്രങ്ങളുണ്ട് ഇന്ത്യന്‍ സിനിമയിലും പിന്നെ നമ്മുടെ മലയാളത്തിലും. പക്ഷെ ഹോളിവുഡില്‍ വെന്നിക്കൊടി പാറിച്ച ഒരു ഫോര്‍ട്ട്കൊച്ചിക്കാരനെക്കുറിച്ച് എത്ര പേര്‍ക്കറിയാം ? തോമസ് ബെര്‍ളി എന്ന ആ “വിഗതകുമാരനെ” പുതു തലമുറക്കായി ഇന്ത്യ ന്യൂസ് പരിചയപ്പെടുത്തുകയാണ്.
ആദ്യകാല മലയാള ചലച്ചിത്രങ്ങളിലോന്നായ ‘തിരമാല’ യിലെ നായകനായിരുന്നു തോമസ് ബെര്‍ളി. ടി.എന്‍.ഗോപിനാഥന് നായരുടേതായിരുന്നു സിനിമ. 1952 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. സുഹൃത്തായ രാമുകാര്യാട്ടും, നാട്ടുകാരായ മുത്തയ്യയും, എഡ്ഡിമാസ്റ്ററും ചെല്ലാനം സ്വദേശി വിമല്കുമാറുമോത്താണ് സിനിമയില്‍ അഭിനയിക്കാന്‍ തോമസ് ബെര്‍ളി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. മേക്കപ്പ്ടെസ്റ്റില് തോമസ് രക്ഷപ്പെട്ടു. പി.ഭാസ്കരന് ഗാനരചന നിര്‍വ്വഹിച്ച ഈ ചിത്രത്തില്‍ അനശ്വര നടന് സത്യനായിരുന്നു വില്ലന്‍. കുമാരി തങ്കം നായികയായി. മുംബൈയിലായിരുന്നു ചിത്രത്തിന്റെ റെക്കോഡിങ്. വിമല്‍കുമാര്‍ ഈ ചിത്രത്തിലൂടെ സംഗീതസംവിധായകനുമായി.
കൊച്ചിയിലെ പ്രസിദ്ധമായ കുരിശിങ്കല്‍ തറവാട്ടിലെ അംഗമാണ് തോമസ് ബര്‍ലിയെ ‘തിരമാല’ തരക്കേടില്ലാതെ ഓടിയെങ്കിലും വീട്ടുകാര്‍ തിരികെ വിളിച്ചുകൊണ്ടുപോയി. നാടുകടത്താതെ പയ്യന് രക്ഷപ്പെടില്ലെന്ന് കാരണവന്മാര് തീരുമാനിച്ചു. അങ്ങനെ ഫോര്ട്ടുകൊച്ചിക്കാരന് തോമസ് ബെര്‍ളിയുടെ അമേരിക്കന്‍ – ഹോളിവുഡ് പര്‍വ്വത്തിനു തുടക്കമായി. വാസ്തവത്തില്‍ സിനിമാക്കമ്പം മൂത്ത് ചുറ്റിനടന്ന തോമസിനെ വീട്ടുകാര്‍ അമേരിക്കയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. സിനാമാലോകത്തുനിന്ന് അദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു വീട്ടുകാരുടെ ലക്ഷ്യം. പക്ഷെ, അമേരിക്കയിലും തോമസ് വെറുതെയിരുന്നില്ല ഹോളിവുഡിനെ കുറിച്ച് കേരളം അറിഞ്ഞുവരുന്നകാലമായിരുന്നു അത്. സിനിമാകമ്പം തലയ്ക്കു പിടിച്ചിരുന്ന തോമസ് ബെര്‍ളി കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ ഫിലിം ടെക്നോളജി പഠിക്കാനാരംഭിച്ചു.
1955ല്‍ ഒരു മെക്സിക്കന്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ട് അദ്ദേഹം വീണ്ടും സിനിമയുടെ വഴിയിലേക്ക് തിരിച്ചുവന്നു. പിന്നെ നിരവധി സിനിമകളില്‍ തോമസ് അഭിനയിച്ചു. ഒരുപക്ഷെ തോമസ് ബെര്‍ളിക്ക് ലഭിച്ചതുപോലെ ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കുവാന്‍ ഇത്രയേറെ അവസരങ്ങള്‍ മറ്റൊരു ഇന്ത്യക്കാരനും കിട്ടിക്കാണില്ല. നിരവധി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഹോളിവുഡ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സ്റ്റീവ് മെക്വിന്റെ സിനിമകളിലും തോമസ് അഭിനയിച്ചു. ചില ചിത്രങ്ങളുടെ ടെക്നിക്കല്‍ ഡയറക്ടറായി. ഇതിനിടെ കുട്ടികള്‍ക്കായി ‘മായ’ എന്ന പേരില്‍ ഒരു ഹോളിവുഡ് ചിത്രം തയ്യാറാക്കി. ഇതിന്റെ കഥയും സംവിധാനവും തോമസ് തന്നെയായിരുന്നു.
കഥ അമ്പതുകളിലാണെന്നറിയുക. 15 വര്‍ഷക്കാലം തോമസിന്റെ ജീവിതം ഹോളിവുഡിലായിരുന്നു. പക്ഷെ, മലയാളികള്‍ തോമസിനെ വേണ്ടതുപോലെ തിരിച്ചറിഞ്ഞില്ല. മര്ലിന് ബ്രാണ്ടോ ( അതെ, സാക്ഷാല്‍ ഗോഡ് ഫാദര്‍ !!! ) ഉള്‍പ്പെടെയുള്ള ഹോളിവുഡ് സൂപ്പര്‍താരങ്ങളുമായി അടുത്ത സുഹൃദ് ബന്ധം തോമസ് ബെര്ളിക്കുണ്ടായിരുന്നു.
അമേരിക്കയില്‍ നിന്ന് മടങ്ങിവന്നിട്ടും തോമസ് ബെര്‍ളി വെറുതെയിരുന്നില്ല. ‘ഇതു മനുഷ്യനോ’ എന്ന പേരില്‍ ഒരു സിനിമ ഒരുക്കി. പ്രതിനായകനെ കേന്ദ്രകഥാപാത്രമാക്കിയുള്ള ഒരു പരീക്ഷണമായിരുന്നു അത്. ഈ സിനിമയുടെ നിര്‍മാതാവും സംവിധായകനുമെല്ലാം തോമസ് ബെര്‍ളിയായിരുന്നു.
‘സുഖമൊരു ബിന്ദു’ എന്നു തുടങ്ങുന്ന പാട്ട് ഈ ചിത്രത്തിലേതാണ്. 1976ല്‍ കൊച്ചിയിലെ കലാകാരന്മാരെയെല്ലാം ഉള്‍പ്പെടുത്തി ‘വെള്ളരിക്കാപട്ടണം’ എന്ന സിനിമയും തോമസ് നിര്‍മിച്ചു. ഈ ചിത്രത്തിന്റെ കഥയും സംഭാഷണവും സംവിധാനവും സംഗീതവുമെല്ലാം നിര്ഹവിച്ചത് ഈ ഫോര്ട്ടുകൊച്ചിക്കാരനായിരുന്നു. യേശുദാസ് പാട്ടുകള്‍ പാടി. മുഴുനീള ഹാസ്യചിത്രമായിരുന്നു ഇത്. നസീറായിരുന്നു നായകന്. ഒരുലക്ഷം രൂപയാണ് നസീറിന് പ്രതിഫലം നല്‍കിയത്. ഈ പണം തന്റെ തയ്യല്ക്കാരന് നല്കുവാന് നസീര്‍ നിര്‍ദേശിച്ച കാര്യം തോമസ് ബെര്‍ളി ഇന്നും ഓര്‍ക്കുന്നു.
സാഹിത്യരംഗത്തും തോമസ് ബെര്‍ളി മികവു പുലര്‍ത്തിയിരുന്നു. ബിയോണ്ട് ഹാര്‍ട്ട്സ് എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും സ്വ പിതാവിന്റെ സ്മരണക്കായി ഫ്രാഗ്രന്റ്റ് പെറ്റല്‍സ് എന്ന ഗദ്യ കവിതയും പ്രസിദ്ധീകരിച്ചിരുന്നു. ഓ കേരള ! എന്ന പേരില്‍ ഒരു കാര്‍ട്ടൂണ്‍ ബുക്കും അദ്ദേഹം പുറത്തിറക്കിയിരുന്നു. ചിത്ര രചന, മാജിക് , മാന്‍ഡലിന്‍ വാദനം തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ച ഒരു അസാമാന്യ പ്രതിഭയായിരുന്നു തോമസ് ബെര്‍ളി.
സോഫിയാണ് അദ്ദേഹത്തിന്റെ ജീവിത സഖി, മൂന്ന് മക്കള്‍ – താന്യ, തരുണ്‍ , തമിന. എണ്‍പതുകളിലെത്തിയ തോമസ് ബെര്‍ളി വായനയും എഴുത്തുമായി ഇന്നും ഫോര്‍ട്ട് കൊച്ചിയിലെ വസതിയില്‍ സജീവമാണ്.
SANU INDIANEWS24