തിരുവനന്തപുരം: തലസ്ഥാനത്തെ ഒരു ലോഡ്ജിൽ നിന്ന് ആന്ധ്രാപ്രദേശ് സ്വദേശികളായ ആറു പേരെ തോക്കുകളുമായി കാണപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് അറസ്റ്റ്ചെയ്തു.ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് പ്രസ്തുത ആറംഗ സംഘത്തെ റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ലോഡ്ജിൽ നിന്ന് പൊലീസ് പിടികൂടിയത്. സംശയം തോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
ആന്ധ്രയിലെ വാറങ്കൽ സ്വദേശികളായ ഇവര്‍ ചോദ്യം ചെയ്യലില്‍ പോലീസിനു പരസ്പര വിരുദ്ധമായ മറുപടികളാണ് നല്‍കിയത്.തിരുവനന്തപുരം നഗരം കാണാൻ എത്തിയതാണെന്നാണ് സംഘം ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ കൈവശം ആയുധങ്ങൾ സൂക്ഷിച്ചതിന് വ്യക്തമായ മറുപടി നൽകാൻ സംഘത്തിന് കഴിഞ്ഞില്ല. കൂടുതൽ ചോദ്യം ചെയ്യലിൽ ആന്ധ്രയിലെ റിയൽ എസ്റ്റേറ്റ് മാഫിയകളുമായി സംഘത്തിന് ബന്ധമുണ്ടെന്നു മനസിലാക്കാനായതായി പോലീസ് പറഞ്ഞു.
വിശദമായ പരിശോധനയില്‍ ഇവരില്‍ നിന്ന് പിസ്റ്റളും വെടിയുണ്ടകളും ഒരു ലക്ഷം രൂപയും കണ്ടെടുത്തു. നാല്‍ഗൊണ്ടയിലെ ഒരു കൊലപാതക കേസിലെ പ്രതികളാണ് ആറ് പേരുമെന്ന് പോലീസ് അറിയിച്ചു.കൊലപാതകത്തിന് ശേഷം ഇവര്‍ ആന്ധ്രയില്‍ നിന്ന് മുങ്ങുകയായിരുന്നു. ഇവരിൽ രണ്ടു പേർക്ക് നക്സൽ ബന്ധം ഉള്ളതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.ഇതിനെ തുടർന്ന് ആറു പേരെയും തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.കൂടുതൽ വിവരങ്ങൾക്കായി ആന്ധ്രാ പൊലീസിന്റെ സഹായം കേരളാ പൊലീസ് തേടുമെന്നു അറിയുന്നു.
JITHESH INDIANEWS24