728-pixel-x-90-2-learn
728-pixel-x-90
<< >>

തൊഴില്‍ മേഖലയിലെ ആധുനീകരണ സാധ്യതകള്‍ തേടി മന്ത്രി സിംഗപ്പൂരില്‍

തൊഴില്‍ വകുപ്പിന്റെ ആധുനീകരണത്തിന് നടപ്പാക്കേണ്ട നൂതന പദ്ധതികല്‍ ആസൂത്രണം ചെയ്യുന്നതിനുമം സാധ്യതകളെക്കുറിച്ച് മറ്റിടങ്ങളിലെ മാതൃകകള്‍ അടുത്തറിയുന്നതിനുമായി സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ  സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് തുടക്കമായി.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ തൊഴില്‍ മന്ത്രി ഈ രംഗത്തെ പല വിദഗ്ധരെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും.
സന്ദര്‍ശനത്തോടനുബന്ധിച്ച് മന്ത്രി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ റീജണല്‍ പ്രതിനിധി ജയേഷിനൊപ്പം വാള്‍ട്ട് ഡിസ്‌നി സൗത്ത് ഏഷ്യന്‍ ആസ്ഥാനം സന്ദര്‍ശിച്ചു. ഡിജിറ്റല്‍ നെറ്റ് വര്‍ക്ക് തലവന്‍ മാത്യു ബ്രയാന്‍ഡ്, ഗ്ലോബല്‍ നെറ്റ് വര്‍ക്ക് സെക്യൂരിറ്റി ഡയറക്ടര്‍ പ്രശാന്ത് എന്നിവരുമായി കൂടികാഴ്ച നടത്തുകയും ചെയ്തു. ഡിജിറ്റല്‍ നെറ്റ് വര്‍ക്കിംഗ്, ഗ്ലോബല്‍ നെറ്റ് വര്‍ക്ക് സെക്യൂരിറ്റി എന്നീ മേഖലകളിലെ നവീന സാധ്യതകള്‍ കേരളത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാന്‍ വേണ്ട ഇടപെടലുകളെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങളായിരുന്ന ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നത്.
തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും, സിംഗപ്പൂര്‍ അംബാസിഡറുമായ ഗോപിനാഥ പിള്ളയുമായി നടന്ന കൂടികാഴ്ചയില്‍  ലൈഫ് മിഷന്‍ ഭവന പദ്ധതികളില്‍ സിംഗപ്പൂര്‍ ഭവന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടത്തി.
സിംഗപ്പൂര്‍ എസ്പിഐ ഇന്‍ര്‍നാഷണല്‍ പോളിടെക്‌നിക് സന്ദര്‍ശിക്കുകയും പ്രിന്‍സിപ്പാള്‍ ലീ ഫൂക്ക് ലീ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ചിയ ഹുയ് യോംഗ് എന്നിവരുമായി നടന്ന കൂടികാഴ്ചയില്‍ കാലഘട്ടത്തിനനുസൃതമായി കേരളത്തിന്റെ തൊഴില്‍-നൈപുണ്യമേഖലയില്‍ നടപ്പാക്കേണ്ടുന്ന സവിശേഷ മാറ്റങ്ങളെ കുറിച്ചും, നൈപുണ്യ വിദ്യാഭ്യാസ മേഖലയിലെ പുതിയ കോഴ്‌സുകളെ കുറിച്ചും ചര്‍ച്ച നടത്തി.കേരളത്തിലെ ഐ.ടി.ഐ ളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയില്‍ സിംഗപ്പൂര്‍ പോളിടെക്‌നിക്കിന്റെ പ്രവര്‍ത്തന മാതൃക പിന്തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
സിംഗപ്പൂര്‍ റിപബ്ലിക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ജാവേദ് അഷ്‌റഫുമായി നടത്തിയ കൂടികാഴ്ചയില്‍ സിംഗപ്പൂരുമായി നൈപുണ്യ രംഗത്തിന് പുറമെ ടൂറിസം മേഖലയ്ക്കും പ്രാധാന്യം നല്‍കണമെന്ന നിര്‍ദ്ദേശമുയര്‍ന്നു.
വൈകീട്ട് സിംഗപ്പൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആസ്ഥാനത്ത് വെച്ച് സിഇഒ സുനില്‍ പീറ്റര്‍ ,ബോര്‍ഡ് ഡയറക്ടര്‍ ഹെലന്‍ കമ്പോസ്, ഡയറക്ടര്‍ എസ്.യു പത്മനാഭന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ആതുര സേവന രംഗത്തും, അക്കൗണ്ടിംങ്ങിലും പ്രാവീണ്യമുള്ള  കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനും ധാരണയായി.
ചീഫ് സെക്രട്ടറി ടോം ജോസ്, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി. നായര്‍ എന്നിവരും കൂടിക്കാഴ്ചകളില്‍  സന്നിഹിതരായിരുന്നു.
INDIANEWS24.COM Singapore

Leave a Reply