728-pixel-x-90-2-learn
728-pixel-x-90
<< >>

തൊഴിലാളികളില്ല , ഫാക്ടറികള്‍ കുറവ്‌ ; വയനാട്ടിലെ തേയില കര്‍ഷകര്‍ പ്രതിസന്ധിയിലേക്ക്‌

വയനാട്:തൊഴിലാളികളെ കിട്ടാനില്ല,ഫാക്ടറികള്‍ നന്നേ കുറവ്, വയനാട്ടിലെ പൊതുമേഖലയിലുള്ള ചെറുകിട തേയിലകര്‍ഷകര്‍ക്ക് തോട്ടങ്ങള്‍ ബാധ്യതയാകുന്നു.ഇക്കുറി ഗണ്യമായ വിലയിടിവാണ് തേയില കര്‍ഷകര്‍ നേരിടുന്നത്.

കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ കിലോ 13 രൂപയ്ക്ക് വിറ്റുപോയ തേയില ഇക്കുറി എട്ട് രൂപയ്ക്കാണ് ആവശ്യക്കാരെത്തുന്നത്. ഫാക്ടറികള്‍ കുറവുള്ള ഇവിടെ നിന്നും ബാക്കിയാകുന്ന നുള്ളിയെടുത്ത ഭൂരിഭാഗം തേയിലകളും അതേപടി കൊണ്ടുപോകാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ഏജന്റുമാര്‍ ചുളുവിലയില്‍ കച്ചവടം ഉറപ്പിക്കുകയാണ്.കൂടുതല്‍ വിലയ്‌ക്കേ കച്ചവടം നടക്കൂ എന്ന് തീരുമാനിച്ചാല്‍ തേയിലകള്‍ വെറുതെ കിടന്ന് ചീയുകയല്ലാതെ ഫലമൊന്നും കാണില്ല.ഈ അവസരത്തില്‍ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിവാക്കുകയല്ലാതെ വേറെ പോംവഴിയുമില്ല.

കിലോയ്ക്ക് പതിനെട്ട് രൂപയെങ്കിലും ലഭിച്ചാലെ കര്‍ഷകര്‍ക്ക് മുതലാകുകയുള്ള ആ സ്ഥാനത്താണ് പത്ത് രൂപയോളം കിഴിവില്‍ തേയില വില്‍ക്കേണ്ടിവരുന്നത്.വയനാട് ചെറുകിട തേയില വളര്‍ത്തല്‍ സംഘട(ഡബ്ലിയു എസ് എസ് ടി ജി എ)യുടെ കണക്ക് പ്രകാരം മേഖലയില്‍ 12000 ചെറുകിട തേയില കര്‍ഷകര്‍ ഇതിലൂടെ ഉപജീവനം നടത്തുന്നതായാണ് വ്യക്തമാക്കുന്നത്.ഇതില്‍ അമ്പത് സെന്റ് മുതല്‍ അഞ്ച് ഏക്കര്‍ തോട്ടം ഉള്ളവര്‍ വരെ ഉള്‍പ്പെടുന്നു.

വയനാട് മലചെരിവുകളില്‍ നിന്നും ചെറുകിട കര്‍ഷകരുടെ തോട്ടങ്ങളില്‍ നിന്ന് ദിനം പ്രതി ഒരു ലക്ഷത്തിലേറെ കിലോയോളം തേയിലകളാണ് ലഭ്യമാകുന്നത്.ഇവ തേയിലപ്പൊടിയായി പാകപ്പെടുത്തിയെടുക്കാനുള്ള ഫാക്ടറികളുടെ എണ്ണമാകട്ടെ വെറും ഏഴെണ്ണം.ഇവയില്‍ നിന്നും ഒരു ദിവസം ഉല്‍പാദിപ്പിക്കാവുന്ന തേയിലപ്പൊടിയുടെ പരമാവധി അളവ് 22000 കിലോ.ബാക്കിയുള്ളതെല്ലാം മുടക്ക് മുതല്‍ പോലും ലഭിക്കാത്ത വിലയ്ക്ക് തമിഴ് നാട്ടിലെ ഏജന്റുമാര്‍ കൊണ്ടുപോകുന്നു.ഇത് ഇവിടെ പതിവ് സംഭവമാകാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ചെറുകിട തേയില കര്‍ഷകരുടെ ഭാരവാഹികള്‍ തന്നെ പറയുന്നു.

INDIANEWS24.COM WAYANAD

Leave a Reply