728-pixel-x-90-2-learn
728-pixel-x-90
<< >>

തൊപ്പി തെറിച്ചു

തിരുവനന്തപുരം: ടി പി വധക്കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചെന്ന വിവാദത്തില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതികളെ ന്യായീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനമാണ് ഡിജിപിയുടെ തൊപ്പി തെറിപ്പിച്ചത്. ഇന്റെലിജെന്‍സ്‌ എഡിജിപി ടി പി സെന്കുമാരിനു ജയില്‍ ഡിജിപിയുടെ താല്‍ക്കാലികച്ചുമതലകൂടി നല്‍കിയിട്ടുണ്ട്.
വിവാദപ്രസ്താവനയുടെ പേരില്‍ അലക്സാണ്ടര്‍ ജേക്കബ് നല്‍കിയ വിശദീകരണം തള്ളിയാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജയിലിലെ ഫെയ്സ്ബുക്ക് വിവാദത്തില്‍ സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കിയ വാര്‍ത്താസമ്മേളനത്തിന്‍റെ പേരില്‍ ഡിജിപിക്ക് എതിരെ കര്‍ശനനടപടി വേണമെന്ന് മുഖ്യ ഭരണകക്ഷിയായ കോണ്ഗ്രസില്‍ നിന്നുതന്നെ ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു.
ടി പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു എന്നതിന് തെളിവില്ലെന്ന് അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞിരുന്നു. പ്രതികളെ കുടുക്കാന്‍ ആരെങ്കിലും ആസൂത്രണം ചെയ്തതാണോ വിവാദം എന്ന് സംശയിക്കാമെന്ന് പറഞ്ഞ ഡിജിപി പ്രതികളിലൊരാളായ സിപിഐ എം നേതാവിനെ ഭാര്യയും എംഎല്‍എയുമായ കെ കെ ലതിക റെസ്റ്റോറന്റില്‍ വെച്ച് സന്ദര്‍ശിച്ചതില്‍ അപാകതയില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.
വിവാദമായ  പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണ്‌ എന്ന് അലക്സാണ്ടര്‍ ജേക്കബ് നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. തന്‍റെ അഭിപ്രായ പ്രകടനം വിവാദമായ സാഹചര്യത്തില്‍ ആണ് പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply